Sunday, July 12, 2009

2. മഹാഭിഷേകും ഗംഗാദേവിയും

ആയിരം അശ്വമേധയാഗങ്ങളും കൂടാതെ നുറ് രാജസൂയങ്ങളും നടത്തി പ്രസിദ്ധനായ രാജാവായിരുന്നു ഇക്ഷ്വാകുവംശത്തില്‍ പിറന്ന മഹാഭിഷേക്.

സ്വര്‍ഗ്ഗത്തില്‍ വലിയ സ്ഥാനമാനങ്ങള്‍ക്ക് പാത്രമായ ഇദ്ദേഹത്തിന് ഒരിക്കല്‍ ബ്രഹ്മാവിന്റെ കയ്യില്‍ നിന്ന് ഒരു പണി കിട്ടിയതിനെ തുടര്‍ന്നാണ് ഭൂമിയില്‍ ജനിക്കുന്നത്.

ഒരിക്കല്‍ ബ്രഹ്മാവിന്റെ ഓഫീസില്‍ വച്ച് ഗംഗാദേവിയെ കണ്ട മഹാഭിഷേക്, ഗംഗാദേവിക്ക് ലൌവ് ലെറ്റര്‍ കൊടുത്തതിന്റെ പേരിലായിരുന്നത്.

ഗംഗാദേവിയോട്, അതും തന്റെ ഓഫീസില്‍ വച്ച് ഇങ്ങിനെ കോളേജ് പിള്ളാരെ പോലെ പെരുമാറിയ‍തുകണ്ട് അതിഭയങ്കരമായി കോപം വന്ന ബ്രഹ്മാവ്,

‘എന്നാ നീ ഒരിക്കല്‍ കൂടി മനുഷ്യനായി ഭൂമിയില്‍ ജനിച്ച് മര്യാദ പഠിച്ച് വാ’ എന്ന് ശപിച്ചുവത്രേ!

‘നോ എക്സ്യൂസ് നോ കോമ്പ്രമൈസ്‘ എന്ന പോളിസിക്കുടമയായ ബ്രഹ്മാവിന്റെ ശാപത്താല്‍ അങ്ങിനെ, പാവം മഹാഭിഷേക്, പുരുവംശത്തിലെ പ്രതീപ മഹാരാജാവിന്റെ പുത്രനായി ഭൂമിയില്‍ ജനിച്ചു.

ശാന്തനായി ചിരിച്ചുകൊണ്ട് കാലാട്ടി കളിച്ചിരുന്ന കുഞ്ഞിന്, രാജാവ് ശന്തനു എന്ന് പേരിട്ടു വളര്‍ത്തി.

ആയോധനകലയിലും സംഗീതത്തിലും പടവെട്ട്, ആടുപുലി, ചതുരംഗം തുടങ്ങിയ കളികളിലും അതി സമര്‍ത്ഥനായിരുന്ന ശന്തനുവിന്, പ്രതീപ രാജാവ് അന്നത്തെ കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തി.

കൊട്ടാരത്തിലെ പരിചാരകവൃന്ദത്തിനോടും അന്തപുരവാസികളോടും ആദരവോടെ ഇടപെഴകിയിരുന്ന ശന്തനു കുമാരന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു.

കാലാന്തരേ ശന്തനു മേജറായപ്പോള്‍ രാജ്യഭാരം അദ്ദേഹത്തെ ഏല്പിച്ച് പ്രതീപ മഹാരാജാവ് ഏസ് യൂഷ്വല്‍ തപസു ചെയ്യാന്‍ കാട്ടിലേക്ക് പോയി.


ഒരിക്കല്‍, അഷ്ടവസുക്കള്‍ തങ്ങളുടെ ഭാര്യമാരുമൊത്ത് വസിഷ്ഠമഹര്‍ഷിയുടെ ആശ്രമത്തിനടുത്തുള്ള വനത്തില്‍ പിക്നിക്കിന് വന്നു. വനത്തിനുള്ളില്‍ വേട്ടയാടിയും കായകനികള്‍ ഭക്ഷിച്ചും കാട്ടരുവികളില്‍ കുളിച്ചും മദിച്ചും നടക്കവേ,

ദൈവതേജസുള്ള ഒരു പശു അവിടെ പുല്ല് തിന്നുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു.

വസിഷ്ടമഹര്‍ഷി, സമയാസമത്ത് പരുത്തിക്കുരുവും തേങ്ങപ്പിണ്ണാക്കും കെ.എസും കൊടുത്ത് പൊന്നുപോലെ വളര്‍ത്തുന്ന കാമധേനു, അഥവാ നന്ദിനി പശുവായിരുന്നത്.

ജാതകപ്രകാരം അഷ്ടവസുക്കള്‍ക്ക് അന്നേരം ബെസ്റ്റ് ടൈമായിരുന്നു! പ്രത്യേകിച്ച് ദ്യോവിനും ഭാര്യക്കും.

അതിന്റെ ഇഫക്റ്റില്‍ സര്‍വ്വ ലക്ഷണവുമൊത്ത നന്ദിനി പശുവിനെ കണ്ടപ്പോള്‍ സ്വന്തമാക്കാന്‍ ഭാര്യക്കും അത് നടത്തിക്കൊടുക്കാന്‍ ദ്യോവിനും തോന്നുകയും ചെയ്തു. അവര്‍ക്കതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ?

അങ്ങിനെ പിക്കിനിക്കിന് വന്ന അവര്‍, തിരിച്ച് പോയത് നന്ദിനി പശുവിനെയും കൊണ്ടായിരുന്നു.

വൈകീട്ട് പശുവിനെ അഴിച്ചോണ്ട് പോകുവാന്‍ വന്നപ്പോഴാണ് മഹര്‍ഷി പശുവിനെ ആരോ അടിച്ചോണ്ട് പോയ വിവരം അറിഞ്ഞത്.

ദിവ്യദൃഷ്ഠിയാല്‍ മുനിയുടെ മന:സ്ക്രീനില്‍, പശുവിന്റെ കയറ് പിടിച്ച് മുന്നേ നടക്കുന്ന ദ്യോവിനേയും പിറകേ, ‘പശു ങ്ങട് നടക്കാന്‍‘ എന്ന് പറഞ്ഞ് പശുവിനെ ഉന്തുന്ന വസു ബ്രദേഴ്സിനേം കാണുകയും ചെയ്തു.

“എപ്പോ മിഠായി കിട്ടിയെന്ന് ചോദിച്ചാല്‍ പോരേ??“

“അടിച്ചോണ്ട് പോയവനും തെളിച്ചോണ്ട് നിന്നവരുമായ മൊത്തം ടീം ഭൂമിയില്‍ മനുഷ്യരായി ജനിക്കട്ടേ“ എന്ന് വസിഷ്ഠമുനി ശപിച്ചു.

ഏഴുപേര്‍ക്കും ഓരോ വര്‍ഷം മനുഷ്യ ജന്മം കൊടുത്തപ്പോള്‍, കയറ് പിടിച്ച് മുന്‍പില്‍ നടന്ന ദ്യോവിന് മാത്രം പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കാലാവധി കുറച്ച് കാലം കൂടുതല്‍ കൊടുക്കുകയും ചെയ്തു.

മഹര്‍ഷിയുടെ ശാപത്തെക്കുറിച്ചറിഞ്ഞ അഷ്ടവസുക്കള്‍ ശാപമോക്ഷം കിട്ടാനുള്ള ഒരു പ്ലാന്‍ തയ്യാറാക്കുകയും അതിനുവേണ്ടി ഗംഗാദേവിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പൊട്ടിക്കരഞ്ഞുകൊണ്ട് ഗംഗാദേവിയുടെ കൊട്ടാരത്തിലെത്തി കുറ്റങ്ങള്‍ സമ്മതിച്ച അഷ്ടവസുക്കള്‍, പുരുവംശത്തില്‍ പിറന്ന പ്രതീപിന്റെ മകന്‍ ശന്തുവിന്റെ മക്കളായി ഭൂമിയില്‍ ജനിക്കാന്‍ ഒരു സെറ്റപ്പ് ചെയ്യണമെന്നും അതിനാല്‍ ദേവി ഒരു മനുഷ്യസ്ത്രീയായി ജനിച്ച് ഞങ്ങളുടെ മാതാവാകണമെന്നും ഒരു അഭ്യര്‍ത്ഥന മുന്നോട്ട് വച്ചു.

‘എട്ടുതവണ പ്രസവിക്കുകാന്നൊക്കെ വച്ചാല്‍... ‘ ഗംഗാദേവി കുറച്ച് നേരം ആലോചിച്ചു.

ശന്തനുവിനോട് ഗംഗാദേവിക്ക് ഒരു സോഫ്റ്റ്കോര്‍ണറുണ്ട്. തന്നെ മോഹിച്ചതിന്റെ പേരില്‍ മുക്കാലിഫ കിട്ടിയ (ശാപം ലഭിച്ച )മഹാഭിഷേകാണല്ലോ ഭൂമിയില്‍ ശന്തനുവായി ജനിച്ചിരിക്കുന്നത്.

അങ്ങിനെ, അഷ്ടവസുക്കള്‍ക്ക് ശാപമോക്ഷം ശരിയാക്കുന്നതിനായി ശന്തനുമഹാരാജാവിന്റെ പത്നിയായി ജീവിക്കാമെന്ന് വിശാലമനസ്കയായ ഗംഗാദേവി സമ്മതിച്ചു.

6 comments:

 1. തേങ്ങാ, മാങ്ങാ ചക്ക..
  വലിയൊരു ആഗ്രഹം സാധിച്ചു
  :)

  ReplyDelete
 2. വിശാലേട്ടാ,
  എല്ലാം വായിച്ചു തീര്‍ത്തു.ഇഷ്ടായി..
  പെട്ടന്ന് എനിക്ക് ഒരു ബോധോദയം.എന്തേലും എഴുതണമെന്ന്..
  ഞാനും തുടങ്ങി ഒരു ബ്ലോഗ്.
  കര്‍ക്കിടക രാമായണം
  ഒറ്റ മാസം കൊണ്ട് രാമായണം ഫുള്‍ എന്‍റെ സ്റ്റൈലില്‍
  ദിവസവും ഒരോ പോസ്റ്റ്.
  ഇതാ ആഗ്രഹം
  അനുഗ്രഹിക്കണേ

  ReplyDelete
 3. തമാശചേര്‍ത്താണെങ്കിലും
  തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു
  ആശംസകള്‍!

  ReplyDelete
 4. ങും ഗംഗാ ദേവി ഗൊച്ചു ഗള്ളി ആയിരുനല്ലേ ....

  ReplyDelete
 5. Vishaletta...

  ithu kidukki tta....

  angine kure puranangal padikkarayi..

  all the best macha..

  Praveen

  ReplyDelete
 6. ഇതും കൊള്ളാം.

  ReplyDelete