Tuesday, November 2, 2010

ഹണിമൂൺ നായാട്ട്

റിസപ്ഷൻ നടക്കുമ്പോൾ സ്റ്റേജില്‍ പരിചയപ്പെടാനെത്തിയ ഗുരുകുല രാജ്യം ഭരിച്ചിരുന്ന ഉമേഷനായൻ രാജാവ്, കുന്തീദേവിയുടെ കയ്യിൽ നിന്നും ചെറുനാരങ്ങയും മാദ്രിയുടെ കയ്യിൽ നിന്നും ന്യുട്രിൻ എക്ലെയർ സ്റ്റാപ്പിൾ ചെയ്തുവച്ച കോമ്പ്ലിമെന്റ്സ് കാർഡും വാങ്ങുമ്പോൾ പാണ്ഢുരാജന്റെ സാഹസിക നായാടലുകളെ പറ്റി വര്‍ണ്ണിച്ചത് കേട്ടാണ് “ഇനി കാനനഛായയില്‍ വേട്ടയാടാന്‍ പോകുമ്പോൾ ഇങ്ങേരുടെ കൂടെ പോയിട്ടൊള്ള കേസേയുള്ളു“ എന്ന് തീരുമാനിക്കുന്നത്.

വിവാഹം കഴിഞ്ഞ് കഴിഞ്ഞ് ഒരാഴ്ചയായിക്കാണണം. പത്തുമണിയുടെ മട്ടൺ സൂപ്പ് കുടി കഴിഞ്ഞ് മാസ്റ്റർ അന്തപുരത്തിൽ കമിഴ്ന്ന് കിടന്ന് നാനയിലെ നടുപേജ് കണ്ടാസ്വദിക്കുകയായിരുന്ന പാണ്ഢുവിന്റെ അരികിലെത്തി, അദ്ദേഹത്തിന്റെ കോൺസെണ്ട്രേഷൻ കളയാതെ നനുത്ത സ്വരത്തിൽ കുന്തീ ദേവി ആ കാര്യമുണർത്തിച്ചു.

“പ്രഭോ! വടക്കൻ കേരളത്തിൽ ഇത്തവണ കനത്ത മഴക്ക് സാധ്യതയുണ്ട് എന്ന് കേൾക്കുന്നു!“

അതുകേട്ട്,

“അതിന് ഞാൻ മീൻപിടിക്കാൻ കടലിൽ പോകുന്നില്ല...പിന്നെന്താ?“ എന്ന ഭാവേനെ പാണ്ഢുമഹാരാജാവ് കുന്തീ ദേവിയെ നോക്കിയത് കണ്ട്,

“അല്ലാ അങ്ങയുടെ നായാട്ടിനെ പറ്റി ഒത്തിരി കേട്ടിട്ടുള്ളതാകയാൽ മാദ്രിക്ക് അങ്ങയുടെ നായാട്ടിലുള്ള വൈദഗ്ദ്യം കൂടെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നറിയുന്നു. മാദ്രി പറഞ്ഞത് കേട്ടപ്പോൾ ഇപ്പോൾ എനിക്കും ഒരു ആഗ്രഹം. മഴ സീസൺ തുടങ്ങിയാൽ പിന്നെ രഥത്തിൽ പോക്കും നായാട്ടും നടക്കില്ലല്ലോ. അതുകൊണ്ട്, എന്തായാലും ഹണിമൂൺ ട്രിപ്പിന് പോണം. അപ്പോൾ, നമുക്ക് ഹണിമൂണിന് കാട്ടിലേക്ക് അങ്ങട് പോയാലോ?”

പാണ്ഢുവിന് മാദി, കുന്തിമാരുടെ ആവശ്യം സ്വീകാര്യമായിരുന്നു. ഒരു സെക്കന്റ് ഒപ്പീനിയനുവേണ്ടി ഭീഷ്മ പിതാമഹനോട് തിരക്കിയപ്പോൾ അദ്ദേഹവും “വെരി ഗുഡ്. വെരി ഗുഡ്’ എന്ന് പറഞ്ഞുകൊണ്ട് അത് സമ്മതിച്ചു.

യഥാവിധി, പണ്ഢുരാജൻ തന്റെ ഭാര്യമാരായ കുന്തിയേയും മാദ്രിയേയും കൊണ്ട് പിറ്റേന്ന് രാവിലെ നൂലപ്പവും മൊട്ടക്കറിയും ഒരു ഇരുന്നാഴി കപ്പ് കണ്ണൻ ദേവൻ ചായയും കഴിച്ച് കൊട്ടാരത്തില്‍ പുതിയതായി വാങ്ങിയ തേരില്‍ നായാട്ടിനായി പുറപ്പെട്ടു.

ചെമ്മണ്‍ പാതകള്‍ താണ്ടി രാജവാഹനം കാടിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ എസ്കോർട്ട് വന്ന രഥങ്ങളോട് തിരികെ പോകാൻ രാജാവ് കല്പിച്ചു. ഇത് കണ്ട് കുന്തീ ദേവിയും മാദ്രീ ദേവിയും പരസ്പരം നോക്കി, “ആള് പുലിയാണ് ട്ടാ” എന്നർത്ഥത്തിൽ ചുണ്ട് പിളർത്തി തലയാട്ടി.

ഇടം വലം ഭാഗത്ത്, ചില പെട്ടി ഓട്ടോ റിക്ഷയില്‍ കിളികള്‍ ഇരിക്കുമ്പോലെ, മൃദുമേനിയുള്ള പത്നിമാര്‍ ചേര്‍ന്നിരിക്കുമ്പോള്‍ ചെറിയ ചെറിയ കുടുക്കങ്ങളും ഉലയലുകളും രാജാവ് ആസ്വദിച്ചു, പത്നിമാരും!

പകൽ സമയമായിരുന്നെങ്കിലും, വന്‍‌വൃക്ഷങ്ങളുടെ തണലാൽ മൂടപ്പെട്ട കാട്ടുറോട്ടില്‍ തൃസന്ധ്യയുടെ ഇരുട്ട് വീണ് പരന്നിരുന്നു. ഘോരവരനമാണ്, മൃഗങ്ങളുടെ ശബ്ദങ്ങളും മുരളലും കേട്ട് കുന്തീ, മാദ്രി ദ്വയങ്ങളുടെ മുഖത്ത് ചെറുതായി ഭയം നിഴലിച്ചത് കണ്ട് മഹാരാജന്‍, അവരെ ആശ്വസിപ്പിക്കാനായി കുന്തിയേം മാദ്രിയേം കവിളില്‍ പതിയെ ഉമ്മ വച്ച് പറഞ്ഞു,

“ങേ?? പാണ്ഢുവിന്റെ ധര്‍മ്മപത്നിമാര്‍ക്കും ഭയമോ? അതും നോം കൂടെയിരിക്കുമ്പോള്‍?“

“അത് വേണ്ട! പാണ്ഢുവിനോട് മുട്ടാന്‍ പോന്ന ഒരു മൃഗവും ഈ വനത്തിലില്ല. ഉണ്ടായിരുന്നു, പണ്ട്. അവരുടെയൊക്കെ വാരിയെല്ലുകള്‍ കൊട്ടാരത്തിന്റെ പിറകിലെ വിറകുപുരയിൽ എരുമക്ക് കഞ്ഞിവക്കുന്ന വലിയ അടുപ്പിന്റെ സൈഡിൽ ചാരമിടുന്നതിന്റെ മുകളില്‍ കെട്ടി ഞാത്തിയിട്ടിട്ടുണ്ട്!!“

അത് കേട്ട് മന്ദസ്മിതം പൂണ്ട പത്നിമാര്‍ അദ്ദേഹത്തോട് ഒന്നും കൂടെ ഒട്ടി ചേര്‍ന്നിരുന്ന് പറഞ്ഞു.

‘എന്തൊരു ധൈര്യം. എന്തൊരു ചങ്കുറപ്പ്. അയ്യാ സാമി ഒരു സിങ്കമാണ് എന്ന് ആ ബ്രോക്കർ പറഞ്ഞത് എത്ര സത്യം!!’

കാട്ടുപാതയുടെ വീതി തീരെ കുറഞ്ഞുതുടങ്ങി. പാതയിപ്പോൾ ഇപ്പോള്‍ നന്നേ ചെറിയ വഴിയാണ്. രഥത്തിന് കഷ്ഠിച്ച് പോകാനേ കഴിയുന്നുള്ളൂ. കുതിരകളുടെ മേല്‍ വഴിക്കരുകില്‍ നില്‍ക്കുന്ന മുള്ളുകളുള്ള ചിലതരം വള്ളികൾ കോറി ചെറിയ പാടുകള്‍ ഉണ്ടാക്കുന്നു.

പാണ്ഢു രഥത്തിന്റെ സ്പീഡ് നന്നേ കുറച്ചു.

കുന്തീദേവിയാണത് ആദ്യം കണ്ടത്. പാതക്കരുകില്‍ കിടക്കുന്ന പണി വൃത്തി കുറഞ്ഞ ഷോട്ട് പുട്ടുകള്‍ പോലെയുള്ള വസ്തു ചൂണ്ടി പറഞ്ഞു.

‘ങ്ങേ??? അപ്പോൾ ഈ വനത്തില്‍ ആനയുമുണ്ടോ??’

അത് കേട്ടവശം രഥം സഡൻ ബ്രേയ്ക്കിട്ട് നിറുത്തി, “എന്ത്യേ??” എന്ന് ചോദിച്ച് നിറുത്തിയ മഹാരാജാവ്, ആനപ്പിണ്ടം കാണുകയും രഥത്തിൽ നിന്നിറങ്ങി ആനപ്പിണ്ടത്തിന്റെ ചൂട് നിരീക്ഷിച്ച് ഇപ്രകാരം പറഞ്ഞു.

‘ഉം... പിണ്ടമിട്ടിട്ട് മിനിറ്റുകളേ ആയിട്ടുള്ളൂ. ആതാ ഈ ആവി. ഒറ്റയാനാവണം. അതാ കാല്‍ പാടുകള്‍ അധികമില്ലാത്തത്!! എന്തായാലും നമുക്ക് റൂട്ട് മാറ്റിപ്പിടിക്കാം. വല്ല മാനിനേയോ മൊയലിനേയോ വേട്ടയാടുന്നതേ നിങ്ങൾക്ക് ശരിക്കും എഞ്ജോയ് ചെയ്യാൻ പറ്റൂ. തന്നെയുമല്ല, ഒറ്റയാന്മാര്‍ക്ക് കാറും രഥവുമെല്ലാം കണ്ടൂട. ഷോളയാല്‍ വനത്തില്‍ ഈയിടെ ഒരു ജീപ്പിനെ ആന കുത്താന്‍ വന്നതിന്റെ വീഡിയോ ക്ലിപ്പ് നിങ്ങള്‍ കണ്ടില്ലേ?‘

രഥത്തിലേക്ക് ചാടിക്കയറി കുതിരകളെ തിരിച്ച്, യൂടേണെടുത്ത് ആദ്യത്തെ റൈറ്റെടുത്ത് വീണ്ടും യാത്ര തുടര്‍ന്നു.

Tuesday, September 21, 2010

വീണ്ടും ചില രാജകീയ വിവാഹങ്ങള്‍

ധൃതരാഷ്ട്രരും പാണ്ഢുവും വിദുരരും ജനിച്ചത് വല്യ ഗ്യാപ്പില്ലാതായിരുന്നതിനാല്‍ ഏറെക്കുറെ ഒരേസമയത്ത് തന്നെ അവര്‍ക്ക് പ്രായപൂര്‍ത്തിയായി.

ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായിരുന്നതിനാല്‍ ഭീഷ്മര്‍ പാണ്ഢുവിനെ രാജാവാക്കുകയും ഭീഷ്മരുടെ ഐഡികള്‍ക്കനുസരിച്ച് രാജ്യം ഭരിപ്പിക്കുകയും ചെയ്തു.

ധൃതരാഷ്ട്രര്‍, ഗാന്ധാര രാജാവിന്റെ പുത്രിയും മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ മൂന്ന് ഭാഷകളും എഴുതാനും വായിക്കാനും അറിയുന്നവളും സദ്ഗുണസമ്പന്നയുമായ ഗാന്ധാരിയെ വിവാഹം ചെയ്തു.

‘കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറേ?’ എന്ന നിലപാടില്‍ നിന്ന ധൃതരാഷ്ട്രരോട്, ‘ഇല്ല, അങ്ങേക്കില്ലാത്ത സൌഭാഗ്യങ്ങളൊന്നും എനിക്കും വേണ്ട‘ എന്ന് പറഞ്ഞ് തന്റെ കണ്ണുകള്‍ മൂടിക്കെട്ടി കാഴ്ചശക്തി ഉപേക്ഷിച്ച ഗാന്ധാരി, തന്റെ ഭര്‍ത്താവിന് എന്തെങ്കിലും കുറവുണ്ടെങ്കില്‍, ‘അത് നിങ്ങളുടെ വിധിയെന്ന് കരുതി സമാധിക്കൂ!’ എന്ന് പറയുന്ന ഭാര്യമാരുടെ ഇടയില്‍ എന്നും ഒരു പ്രഹേളികയായി നിലകൊണ്ടു.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയായിരുന്നു പൃഥ. പൃഥയുടെ അമ്മായിയെ കല്യാണം കഴിച്ചിരുന്ന കുന്തീഭോജന്‍ മക്കളില്ലാതെ വിഷമിച്ച് കഴിയവേ പൃഥയെ ദത്തെടുത്ത് വളര്‍ത്തുകയുണ്ടായി.

കുന്തീഭോജന്റെ വളര്‍ത്തുമകളായതിനാല്‍ പൃഥയെന്ന പേരിനേക്കാള്‍ പ്രശസ്തമായത് കുന്തി K.B. എന്ന പേരായിരുന്നു. ഈ സത്ഗുണങ്ങളില്‍ ഗാന്ധാരിയോളം വരുന്ന മിസ്. കുന്തി K.B. പില്‍ക്കാലത്ത് പാണ്ഢുരാജാവിന്റെ ധര്‍മ്മ പത്നിയാവുകയും പേര്‍ മിസ്സിസ്സ് പാണ്ഢു എന്നാകുകയും ചെയ്തു.

പ്രസവിച്ചപ്പോള്‍ ആള്‍ കുറച്ച് വീക്കായിരുന്നെങ്കിലും പ്രായപൂര്‍ത്തിയപ്പോള്‍ നല്ല അത്‌ലറ്റിക് ബോഡിയും എനര്‍ജ്ജെറ്റിക്കുമായിരുന്ന പാണ്ഢുമഹാരാജാവിന് ‘ഇവന് ഹ്മ്..ഒരു ഭാര്യ പോരാണ്ട് വരും!’ എന്ന് മനസ്സിലാക്കിയ, ദീര്‍ഘവീക്ഷണമുള്ള ഭീഷ്മപിതാമഹന്‍, കുന്തിയെ കൂടാതെ പാണ്ഢുമഹാരാജാവിനെ കൊണ്ട് ഒരു വിവാഹം കൂടെ കഴിപ്പിച്ചു. മാദ്ര രാജാവായ ശല്യരുടെ സഹോദരി മാദ്രിയുമായി.

ഇന്റര്‍കാസ്റ്റ് ബ്രീഡായിരുന്ന വിദുരര്‍ക്ക് അതേ പോലുള്ള ഒരു ബന്ധം അന്വേഷിച്ച ഭീഷ്മപിതാമഹന്‍ ദേവകന്‍ എന്ന ബ്രാഹ്മണന് ഒരു ശൂദ്രസ്ത്രീയില്‍ ഒരു പെണ്‍കുഞ്ഞുണ്ട് എന്ന്‍ കൊട്ടാരം ബ്രോക്കര്‍ വഴി അറിഞ്ഞതിന്‍ പ്രകാരം അവിടേക്ക് ചെന്ന് അവരെ പ്രപോസ് ചെയ്യുകയും ആ പുത്രിയെ കൊണ്ട് വിദുരരേയും കെട്ടിക്കുകയും ചെയ്തു.

രാജകൊട്ടാരത്തിന്റെ മാസ്റ്റര്‍ ബെഡ് റൂമുകളിലെയും അറ്റാച്ച്ഡ് ബാത്ത് റൂമുകളിലേം വിളക്കുകള്‍ പിന്നീട് പല പല രാത്രികളിലും രണ്ടും മൂന്നും തവണ ഓണാവുകയും ഓഫുകയും ചെയ്തു.

കൊട്ടാരത്തില്‍ നിന്നും കോഴിമുട്ടക്കും ആട്ടിന്‍ പാലിനും മുരിങ്ങക്കായയും ഹോള്‍സെയിലായി ഓര്‍ഡര്‍ പോയി. കൊട്ടാരത്തിലെ കുക്കിങ്ങ് & മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റിലുള്ളവര്‍ തമ്മില്‍ തമ്മില്‍... ‘രുക്കുമണീ.. രുക്കുമണീ.. എന്തിറ്റണ്ടീ അവടെ ശബ്ദം!’ എന്ന് അടക്കിപ്പിടിച്ച് പാടി.

കൊട്ടാരത്തിനകത്തെ ഓരോ ഇടനാഴിയിലും റൊമാന്റിക്ക് അന്തരീക്ഷം വന്നുനിറഞ്ഞു. പാണ്ഢു- കുന്തീ-മാദ്രീ പ്രണയം കണ്ട് ആവശം മൂത്ത, പരസ്പരം ചേരാതെ മടിച്ചുനിന്ന ഒരുപാട് ഓക്സിജനുകളും ഹൈഡ്രജനുകളും ഒന്നുക്ക് രണ്ട് എന്ന് വച്ച് ചേര്‍ന്ന്, പാണ്ഢുവിന്റേയും പത്നിമാരുടേയും ശരീരത്തില്‍ നിന്ന് പൊടിഞ്ഞ്, ഇറ്റാലിയന്‍ വെണ്ണക്കല്ല് പതിച്ച ഫ്ലോറില്‍ ജലമായി ഇറ്റിറ്റു വീണു!

യഥാവിധി കര്‍ത്താവിനുള്ളത് കര്‍ത്താവിനും സീസര്‍ക്കുള്ളത് സീസര്‍ക്കും കൊടുത്ത് പാണ്ഢു, രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിച്ച്, കുരുവംശത്തിന്റെ പ്രശസ്തിയും നിലയും വിലയും പ്രതാപവും വര്‍ദ്ധിപ്പിച്ച്, സാമ്പത്തിക മാന്ദ്യം വരും മുന്‍പേയുള്ള അമേരിക്കയെ പോലെ, കുരുവംശം എന്ന് കേട്ടാല്‍ ജനങ്ങളുടെയിടയില്‍ മൊത്തത്തില്‍ ‘ഓഹ്! എന്നാ സെറ്റപ്പാ.. അച്ചായോ!’ എന്ന അഭിപ്രായം നേടിയെടുത്തു.

Tuesday, August 3, 2010

വിദുരരുടെ ജനനം ഒരു ഫ്ലാഷ് ബാക്ക്

മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണെന്നതിന് മറ്റൊരു തെളിവാണ് വിദുരജനനകഥ.

മാണ്ഢവ്യമഹര്‍ഷി സൈലന്റ് വാലിക്കടുത്തൊരു കാട്ടില്‍ തപസ്സനുഷ്ഠിക്കുന്ന കാലം. വേദങ്ങളിലും ഉപനിഷത്തുകളിലും കിടു വിവരവും, തപോബലം കൊണ്ട് ആര്‍ക്കിട്ട് പണികൊടുക്കാനും ഒരു അമ്പത് മില്ലി വെള്ളത്തിന്റെ(കൈകുമ്പിളില്‍ കൊള്ളുന്ന)ആവശ്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മഹര്‍ഷി പൊതുവേ ആരേയും മെക്കട്ട് കയറാത്ത ശാന്തപ്രകൃതനും മിതഭാഷിയും നാലാള് കൂടുമ്പോഴേക്കും തന്റെ അറിവിന്റെ കട്ട് ഏന്‍ പേയ്സ്റ്റ് ഷോ നടത്താന്‍ നില്‍ക്കാത്തവനുമായിരുന്നു. തെളി!

ഏഴരവെളുപ്പിന് ഉറക്കമുണരുന്ന മഹര്‍ഷി ആശ്രമത്തിന്റെ പിറകിലൂടെ വെറ്റിലപ്പാറ ജങ്ക്ഷന്‍ വഴി ഒരു പത്തുമിനിറ്റ് നടന്നാലെത്തുന്ന ഗംഗാനദിയുടെ ഒരു പോഷക തോട്ടിലാണ് പ്രഭാതകര്‍മ്മ ചികിത്സ. പ്രധാനകര്‍മ്മവും ബാക്കി വഴിപാടുകളും നടത്തി മാവില കൊണ്ട് പല്ലുതേച്ച് കുല്‍ക്കുഴി, ആഴവും ഒഴുക്കും കുറഞ്ഞ ഭാഗത്ത് മൂക്ക് പൊത്തിപ്പിടിച്ച് രണ്ട് മുങ്ങ് മുങ്ങി, കരയില്‍ കയറി ഈര്‍ക്കിളി കൊണ്ട് കുത്തി കൊണ്ടുപോകുന്ന രാധാസ് സോപ്പ് രണ്ടുകൈ കൊണ്ടും മാറി മാറി പിടിച്ച് ചന്തിയും കാല്‍മുട്ടിന്റെ പിറകിലും ഇഞ്ചപ്പുല്ല് കൂട്ടി തേച്ച് ശുദ്ധമാകും. മൂഡ് തോന്നിയാല്‍ മലന്നും കമിഴ്ന്നും ഒരു പതിനഞ്ച് മിനിറ്റ് നീന്തും.

കാവിമുണ്ട് കുളിക്കണ സോപ്പു തന്നെ വച്ച് തേച്ച് വെള്ളത്തില്‍ ഒന്ന് അലമ്പി ഊരിപ്പിഴിയും. കരക്ക് കയറി ഒന്ന് കുടഞ്ഞ് ഉദയ സൂര്യന്റെ രശ്മിയില്‍ മഴവില്ല് തീര്‍ത്ത് അതിന്റെ മനോഹാരിത നോക്കി നിന്ന്, കണ്ണടച്ച് ‘പരിശുദ്ധമറിയമേ തമ്പുരാന്റമ്മെ... പാപികളായ ഞങ്ങള്‍ക്ക് വേണ്ടി..’ ചൊല്ലും. പിന്നീട് തിരികെ ആശ്രമത്തിലെത്തി നല്ല കടുപ്പത്തിൽ ഒരു കാപ്പി, അല്ലെങ്കിൽ ഒരു സുലൈമാനി!

വയസ്സ് അമ്പത് കഴിഞ്ഞതോടെ ഡയറ്റൊക്കെ കണ്ട്രോൾഡാണ്. നോൺ‌വെജ് പൂര്‍ണ്ണമായും ത്യജിച്ചു. മിക്ക ദിവസങ്ങളിലും കൊള്ളിക്കിഴങ്ങ് ചെണ്ടൻ പുഴുങ്ങിയതോ കാവുത്ത് പുഴുക്കോ ആയിരിക്കും പ്രാതല്‍‌. റ്റച്ചിങ്ങ്സായി കാന്താരി ചമ്മന്തിയും. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഗ്യാസാണ്, എങ്കിലും ഉണ്ടാക്കാനും തിന്നാനും എളുപ്പമാണ്. നേരത്തോട് നേരമിരുന്നാല്‍ ചീത്തയാവുകയുമില്ല.

ഭക്ഷണശേഷം വായ് കുൽക്കുഴി വന്ന് ധ്യാനനിരതനായി ആ ഒരു ഇരുപ്പങ്ങിരുന്നാൽ പിന്നെ വൈകിട്ട് ഒരു അഞ്ചര വരെ അങ്ങിനെയിരിക്കും. സന്ധ്യാവന്ദനവും നടത്തവും കഴിഞ്ഞ് ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങുന്ന നേരത്ത് കിടക്കും.

മാണ്ഢവ്യമഹർഷി അങ്ങിനെ ചെവിക്ക് മുകളിൽ ഒരു വകച്ചിലിട്ട് കേശഭാരം മുകളിലേക്കാക്കി ചീകി കുടുമ കെട്ടി, അതിന് ചുറ്റും ചെറിയ രുദ്രാക്ഷത്തിന്റെ ബാന്റ് ഡബിൾ ചുറ്റിട്ട്, ബാക്കിയുള്ള മുടി താഴോട്ട് വകഞ്ഞിട്ട് വളരെ കംഫർട്ടബിളായി തപസനുഷ്ടിക്കുന്ന കാലത്ത് ഒരുനാല്‍ രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ചോടി വന്ന ചില മോഷ്ടാക്കൾ, മോഷണ ദ്രവ്യം ഒളിപ്പിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി നടക്കുമ്പോൾ, മഹർഷിയുടെ ആശ്രമം കാണുകയും

‘ദാണ്ടേ... അങ്ങോട്ട് നോക്കെടാ നല്ല ബെസ്റ്റ് സെറ്റപ്പ്‘ എന്ന് കൂട്ടത്തിലൊരു കള്ളന്‍ പറയുകയും, അവര്‍ പതിയ ആശ്രമത്തിന്റെ പിറകിലൂടെ കയറി, സ്റ്റോറിൽ ഒളിപ്പിച്ച് വക്കുകയും ചെയ്തു.

സാധാരണ, എത്ര തപസ്സിലാണെങ്കിലും ഇനി ഉറക്കമാണെങ്കിലും ആശ്രമത്തിനരികിലൂടെ ഒരു കൊതുക് പറന്നാൽ പോലും അറിയാറുള്ള ആളാണ് മഹർഷി. പക്ഷെ, ഇത് ആളറിഞ്ഞതേയില്ല.

കള്ളന്മാരെ തിരഞ്ഞ് നാടായ നാടും കാടായ കാടുമലഞ്ഞ രാജകിങ്കരന്മാർ കനകമലയുടെ താഴെ നിന്ന് കള്ളന്മാരെ പിടികൂടുകയും തൊണ്ടിമുതൽ അന്വേഷിച്ച് മാണ്ഢവ്യമഹർഷിയുടെ ആശ്രമത്തിലെത്തുകയും ചെയ്തു.

മഹര്‍ഷി അറിയാതെ ഇവര്‍ക്കിതിന്റെ അകത്ത് വക്കാന്‍ ഒരിക്കലും കഴിയില്ല എന്നും തൊണ്ടി സൂക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണെന്നും ആരോപിച്ച് സംസാരിച്ച ഭടന്മാരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതിരുന്ന മഹർഷിയെയും കള്ളന്മാർക്കൊപ്പം രാജസന്നിധിയിൽ ഹാജരാക്കി.

രാജാവിന്റെയും മന്ത്രിമാരുടേയും ചോദ്യങ്ങൾക്കും മൌനം പാലിച്ച മഹർഷിയോട് കോപിച്ച രാജാവ് മറ്റു കള്ളന്മാർക്കൊപ്പം ശൂലത്തിൽ തറച്ച് കൊല്ലുവാന്‍ കല്പിച്ചു. അത് കേട്ടിട്ടും മഹർഷി, നരസിംഹറാവുവിനെ പോലെ മുഖം പിടിച്ചതല്ലാതെ, ഒന്നും മിണ്ടിയില്ല.

കല്പനക്ക് ശേഷം രാജാവിന്, “അല്ലെങ്കില്‍ മുനിയെ ശൂലം കയറ്റണോ??“ എന്ന് ഒരു സന്ദേഹം മനസ്സിലുദിച്ചെങ്കിലും, മന്ത്രിമുഖ്യന്‍ ‘നിയമം നിയമമാണ്, അതിന് മഹര്‍ഷിയെന്നോ രാജാവെന്നോ മന്ത്രിയെന്നോ വ്യത്യാസമില്ല!’ എന്ന് പറഞ്ഞ് ശിക്ഷകൊടുക്കാന്‍ സപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

ശൂലത്തിൽ തറച്ച് ആഴ്ചയൊന്ന് കഴിഞ്ഞിട്ടും മാണ്ഢവ്യമഹർഷി മാത്രം മരിച്ചിട്ടില്ല എന്നറിഞ്ഞ രാജാവ്, മന്ത്രിയെ വിളിച്ച്.... ‘പാമ്പുകടിക്കാന്‍...ഞാനപ്പഴേ പറഞ്ഞതാ...’ എന്ന് പിറുപിറുക്കുകയും മഹർഷി ആൾ ചില്ലറക്കാരനല്ല, വേഗം ചെന്ന് മാപ്പപേക്ഷിച്ചില്ലെങ്കിൽ സൂപ്പറൊരു പണി കിട്ടാന്‍ ചാന്‍സുണ്ട് എന്നും പറഞ്ഞു.

ശൂലത്തിൽ നിന്ന് മോചിപ്പിച്ച് മാപ്പപേക്ഷിച്ച് കാൽക്കൽ വീണ രാജാവിനെ പിടിച്ചെണീപ്പിച്ച മാണ്ഢവ്യമഹർഷി, ‘സാരല്യ. നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു പോ... നെവര്‍ മൈന്റ്. പിന്നെ പണി, അത് കൊടുക്കേണ്ട ആൾക്കിട്ട് ഞാൻ നേരിട്ട് കൊടുത്തോളാം!‘ എന്ന് പറഞ്ഞ് അവിടെ നിന്ന് അപ്രത്യക്ഷനായി.

ആള് നേരെ പോയത് സാക്ഷാൽ യമരാജാവിന്റെ അടുത്തേക്കായിരുന്നു, സ്വർഗ്ഗത്തിലേക്ക്.

മഹർഷിയെ കണ്ടതും സിംഹാസനസ്ഥനായിരുന്ന യമരാജാവ് ആദരസൂചകമായി എണീറ്റുവന്ന് മുനിയുടെ കാൽക്കൽ തൊട്ട് വന്ദിച്ചു ഭൂമിയിലെ ജീവജാലങ്ങളുടെം മഹർഷിയുടെം ക്ഷേമാശ്വര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു.

അതിന് മറുപടിയായി മാണ്ഢവ്യമഹർഷി ഇപ്രകാരം പറഞ്ഞു:

‘കഴിഞ്ഞ ഒരാഴ്ചയായി ശൂലത്തേല്‍ ഗ്രില്‍ഡ് ചിക്കന്‍ കിടക്കുമ്പോലെ കിടന്നിരുന്നതുകൊണ്ട് മറ്റുള്ളവരുടെ വിശേഷം അറിയാന്‍ കഴിഞ്ഞില്ല. പക്ഷെ.., എനിക്ക് സുഖംന്ന് പറഞ്ഞാൽ.... ഇതിലും വിട്ടൊരു സുഖം ഇനി കിട്ടാനില്ല എന്ന സ്ഥിതിയായിരുന്നു!!‘

പാപഭാരത്താല്‍ തലകുനിച്ച യമരാജാവ് പറഞ്ഞു.

“അങ്ങ് കെ.ജി.ടു. വില്‍ പഠിക്കുന്ന കാലത്ത് തുമ്പികളെ പിടിച്ച് അവയുടെ വാലില്‍ ഈര്‍ക്കിള്‍ കയറ്റി രസിച്ച വകയില്‍ ഒരു ശിക്ഷ കിടപ്പുണ്ടായിരുന്നു. അതുകൊണ്ടാണങ്ങിനെ പറ്റിയത്. ഒന്നും വിചാരിക്കരുത്!“

ഇത് കേട്ട മാമുനിയുടെ കണ്ട്രോൾ പോയി, കോപത്താല്‍ ജ്വലിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

“നോക്കിയ ഏതാ ബ്ലാക്ക്ബറിയേതാ എന്ന് പോലും തിരിച്ചറിവില്ലാത്ത പ്രായത്ത് ഒരു നിസാര പ്രാണിയെ ഈര്‍ക്കിളികൊണ്ട് കുത്തിയതിനുള്ള ശിക്ഷയാണോ... അമ്പത് കഴിഞ്ഞ എന്നെ ആന്ത്രം വഴി ശൂലം അടിച്ച് കയറ്റി ഒരാഴ്ച ഇടുന്നത്??”

അത് കേട്ട് കുറ്റബോധത്താല്‍ നിന്ന യമദേവനെ മഹര്‍ഷി,

“തല്‍ക്കാലം മോന്‍... ഇവിടെ ഡ്യൂട്ടിടൈമിലെ ബ്ലോഗെഴുത്തും ഗൂഗിള്‍ ചാറ്റും ബസ്സിറക്കലുമൊക്കെ മതിയാക്കി, ഭൂമിയില്‍ ഒരു ശൂദ്രസ്ത്രീയുടെ വയറ്റില്‍ പിറന്ന്, ഒരു മനുഷ്യായുസ്സ് ജീവിച്ച് മര്യാദക്കാരനായിട്ട് വാ!!“ എന്ന് ശപിച്ചുകൊണ്ട് യമന്റെ പാസ്പോർട്ടിൽ 85 വർഷത്തേക്ക് സ്വർഗ്ഗത്തിലേക്ക് നോ എന്റ്ട്രി സ്റ്റാമ്പും അടിച്ച് കയ്യിൽ കൊടുത്തു!

അങ്ങിനെയാണ് വിദുരര്‍ ജനിക്കുന്നത്.

Tuesday, June 22, 2010

ധൃതരാഷ്ട്രറും പാണ്ഡുവും പിന്നെ വിദുരരും..

അമിതമായ ദാമ്പത്യസുഖങ്ങളിൽ മുഴുകിയിരുന്ന വിചിത്രവീര്യൻ, ഏഴുവർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം സന്തതികളൊന്നുമുണ്ടാകാതെ മരിച്ചു പോയി.

മരണ കാരണം, മഞ്ഞപ്പിത്തം വന്ന് ശരിക്കും ഭേദമാവുന്നതിന് മുൻപേ കോഴിയിറച്ചി തിന്നതാണെന്നും, അല്ല കൊട്ടാരവളപ്പിലെ കൊക്കരണിക്ക് സമീപം നിൽക്കുന്ന വരിക്കപ്ലാവിലെ ചക്ക തിന്നതാണെന്നും; ഇതു രണ്ടുമല്ല, മാസങ്ങളോളം ഉറങ്ങാത്തതിരുന്ന് ഇൻസോംനിയ എന്ന അസുഖം വരികയും അങ്ങിനെ മരണപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഹവ്വെവർ, ആള് തട്ടിപ്പോയി!

ഒരുത്തൻ കല്യാണം കഴിഞ്ഞ് സന്തതികളുണ്ടാകാതിരുന്നാൽ അവരേക്കാളേറേ പ്രയാസം അമ്മായിഅമ്മക്കും ബന്ധുക്കൾക്കും അയല്പക്കക്കാർക്കുമാണല്ലോ എന്നും!

അംബികയിലും അംബാലികയിലും തന്റെ മകൻ വിചിത്രവീര്യന് കുട്ടികളുണ്ടാവാത്തതിൽ മനംനൊന്ത സത്യവതി കുരുവംശത്തിൽ സന്തതികളുണ്ടാവാനുള്ള മറ്റുവഴികളെ കുറിച്ച് ഭീഷമരുമായി ആലോചിച്ചു.

രണ്ടുപേരും കൂടെ പല പേരുകളും ലിസ്റ്റ് ചെയ്തെങ്കിലും, അവരുടെ യോഗ്യത, കുലം, സ്വഭാവം എന്നിവയൊക്കെ കണക്കിലെടുത്ത് ഷോർട്ട് ലിസ്റ്റ് ചെയ്തപ്പോൾ ആരുടേം പേർ അവശേഷിച്ചില്ലായിരുന്നു.

‘സുന്ദരികളായ അംബികയേം അംബാലികയേം ഭീഷ്മർക്ക് തന്നെയങ്ങ് ഭാര്യമാരായി സ്വീകരിച്ചൂടേ?’ എന്ന് സത്യവതി ഭീഷ്മരോട് ആവശ്യപ്പെട്ടെങ്കിലും, വിചിത്രവീര്യന്റെ കൂടെ ഏഴു കൊല്ലം ഭാര്യമാരായി കഴിഞ്ഞത് ഒരു എഴുപത് കൊല്ലത്തിന്റെ ഗുണം ചെയ്തിട്ടുണ്ടാകും എന്നോർത്തോ എന്തോ താൻ ദാശമുഖ്യന് നൽകിയ ശപഥത്തിൽ നിന്നും വ്യതിചലിക്കാൻ ഭീഷ്മർ കൂട്ടാക്കിയില്ല.

കുട്ടികളില്ലാതെ കുരുവംശം കൂമ്പടഞ്ഞ് പോകുമല്ലോ എന്നോർത്തപ്പോൾ സത്യവതിയുടെയും ഭീഷമരുടേം മനസ്സ് വല്ലാതെ നീറിപ്പുകഞ്ഞു.

അങ്ങിനെയിരിക്കെ ഒരു ദിവസം, ഭീഷ്മർ പരാശരമുനിയെ സൂപ്പർമാർക്കറ്റിൽ വച്ച് കണ്ട കാര്യവും മുനി, സത്യവതിയുടെ ക്ഷേമൈശ്വര്യങ്ങൾ അന്വേഷിച്ചതായും പറഞ്ഞപ്പോഴാണ് സത്യവതിക്ക് പണ്ട് കടത്തുവഞ്ചിയിൽ വച്ച് പരാശരമുനിയിൽ നിന്നും തനിക്കുണ്ടായ പുത്രൻ വേദവ്യാസന്റെ കാര്യം ഓർമ്മവരുന്നത്.

‘അമ്മ, എന്നെ ചുമ്മാ ഒന്ന് മനസ്സിൽ ധ്യാനിച്ചാൽ മതി ഉടനെ തന്നെ ഞാൻ അങ്ങെത്തിക്കോളാം‘ എന്നൊരു വരം സത്യവതിക്ക് കൊടുത്തിട്ടായിരുന്നല്ലോ വേദവ്യാസൻ പണ്ട് പോയത്. അതുകൊണ്ട് സത്യവതി വ്യാസനെ മനസ്സിൽ ചിന്തിക്കുകയും ആ മകൻ വാക്ക് പാലിച്ചുകൊണ്ട് ഉടൻ പ്രത്യക്ഷപ്പെട്ട്, അമ്മയെ വന്ദിച്ചുകൊണ്ട് ഇഷ്യൂ എന്താണ്‌ തിരക്കി.

വേദവ്യാസനെ അന്ന് കണ്ടതിന് ശേഷം, ശന്തനുമഹാരാജാവിനെ വിവാഹം കഴിച്ചതും ചിത്രാംഗദനെയും വിചിത്രവീര്യനേം പ്രസവിച്ചതും, ചിത്രാംഗദനെ ഗന്ധർവ്വൻ പെടച്ചതും, വിചിത്രവീര്യന് ഇൻസോംനിയ വന്നതും അങ്ങിനെ കുരുവശത്തിൽ, കുരു ഇല്ലാതായ വിവരവും സത്യവതി മകനോട് വിവരിച്ചു.

അമ്മയുടെ ആഗ്രഹപ്രകാരം, വ്യാസൻ തന്റെ സ്റ്റെപ് സഹോദരപത്നിമാരായ അംബികയേം അംബാലികേം പരിണയിച്ചു.

നല്ല വിവരവും ബുദ്ധിയും തങ്കപ്പെട്ട സ്വഭാവമായിരുന്നുവെങ്കിലും, വ്യാസൻ കാഴ്ചക്ക് തീരെ ലുക്കില്ലായിരുന്നു. (മൂന്ന് കൊല്ലത്തോളം കുളിക്കാതെ, ക്ഷൌരം ചെയ്യാതെ, മരുഭൂമിയിൽ ജീവിച്ച ആടുജീവിതത്തിലെ നായകന്റെ പോലെയിരുന്നിരിക്കണം!)

അദ്ദേഹത്തെ മനസ്സിലാക്കി, മനസ്സിലൂടെ സ്നേഹിക്കാൻ കഴിയും മുൻപേ വ്യാസൻ തന്റെ ആഗമനോദ്ദ്യേശത്തിൽ വ്യാപൃതനായതുകൊണ്ടാവാം മാനസ്സികവും ശാരീരികവുമായി യാതോരു അടുപ്പവും ഭാര്യമാർക്ക് തോന്നുകയുണ്ടായില്ല.

കണ്ണുകൾ ഇറുക്കിയടച്ച് വ്യാസനെ സമീപിച്ച അംബിക പ്രസവിച്ച കുഞ്ഞ് ജന്മനാ അന്ധനായിരുന്നു, ധൃതരാഷ്ട്രർ.

അംബാലികയുടെ മുഖമാവട്ടേ... വ്യാസന്റെ ആ നില്പ് കണ്ട് പേടിച്ച് വിളറി വെളുത്തുപോവുകയും അങ്ങിനെ അവൾ പ്രസവിച്ച കുട്ടി ജന്മനാ പണ്ഢുരോഗിയാവുകയും ചെയ്തു. അതാണ് പാണ്ഢു.

ജനിച്ച രണ്ടു കുട്ടികളും സ്ക്രാപ്പായി പോയതിനാൽ സത്യവതി യോഗ്യനായ കുട്ടിക്കുവേണ്ടി ഒന്നു കൂടെ ട്രൈ ചെയ്യാം എന്ന് തീരുമാനിക്കുകയും സത്യവതി അംബാലികയെ ഒരിക്കൽ കൂടെ വ്യാസന്റെ സമീപത്തേക്ക് വിട്ടു.

അമ്മായിഅമ്മമാർക്കൊക്കെ ഭയങ്കര ബഹുമാനം കൊടുത്തിരുന്ന കാലമായിരിക്കണം. ഇന്നാണെങ്കിൽ പോയി വല്ല പണി നോക്കാൻ പറഞ്ഞെനെ!

വിരൂപനായ വ്യാസ മഹർഷിയെ പ്രാപിക്കാനുള്ള വൈമനസ്യത്താൽ അംബാലിക, തന്റെ ദാസിയായ ശൂദ്രസ്ത്രീയെ തനിക്കു പകരം മഹർഷിയുടെ അടുക്കലേക്ക് പറഞ്ഞയച്ചു.

“റാണി കല്പിച്ചതും ദാസി ഇച്ഛിച്ചതും ഡിഷും ഡിഷും!“ എന്ന് പറഞ്ഞപോലെയായിരുന്നു അത്.

തികഞ്ഞ അഭിമാനത്തോടും ആഹ്ലാദത്തോടും ആവേശത്തോടും കൂടിയായിരുന്നു ദാസി വേദവ്യാസനെ സമീപിച്ചത്. തികഞ്ഞ ബുദ്ധിമതിയും വിവേകമതിയും സ്നേഹവാരിധിയും സമർത്ഥയുമായിരുന്ന ആ ദാസി, വേദവ്യാസന് ഇഷ്ടപ്പെട്ട വിഷയങ്ങളിലൂന്നി സ്നേഹഭാഷണങ്ങൾ നടത്തിയും പ്രസിദ്ധ പ്രേമകാവ്യങ്ങളുടെ ഏറ്റവും പഞ്ചുള്ള നാലുവരികൾ ഈണത്തിൽ ചൊല്ലിയും മഹർഷിക്ക് ആ രാത്രി ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രിയാക്കി മാറ്റി.

ആ സുന്ദരസുരഭില യാമങ്ങളുടെ തിരുശേഷിപ്പായി ആ സ്നേഹമയിയും നല്ലവളുമായ ദാസിക്ക് അതിയോഗ്യനായൊരു ഒരു കുഞ്ഞുപിറന്നു. വിദുരർ!!

Tuesday, June 8, 2010

വിചിത്രവീര്യമഹാരാജാവിന്റെ ഇരട്ടവിവാഹം

രാജകൊട്ടാ‍രത്തിലേക്കുള്ള വീതികൂടിയ ഒരു റോഡ്.

പാതയോരങ്ങളിൽ ചുറ്റിനും സ്കുൾ വിട്ട് പോകുന്ന കുട്ടികൾ, റ്റീച്ചർമ്മാർ, മിസലേനിയസ് കാലനടക്കാർ, നാലു മണി കഴിഞ്ഞിരിക്കുന്നു!

വാനപ്രസ്ഥത്തിനൊരുങ്ങുന്ന സൂര്യൻ ആകാശത്ത് ഓറഞ്ച് കളർ സ്പ്രേ പെയിന്റടി തുടങ്ങാൻ ബോട്ടിലെടുത്ത് കുലുക്കി ‘കിണി..കിണി’ ശബ്ദമുണ്ടാക്കുന്നു.

അശ്വാരൂഢന്മാരായ പടയാളികളുടെ എസ്കോർട്ടോടെ, നാല് കുതിരകളെ പൂട്ടിയ ഒരു രഥം ചെമ്മൺ പാതയെ തരിപ്പിച്ചുകൊണ്ട് അതിവേഗം മുൻപോട്ട് നീങ്ങുന്നു. കൂട്ടത്തിൽ മുതിർന്ന ഉരുളൻ കല്ലുകൾ സൈഡിലേക്ക് തെറിച്ചുമാറുകയും ചെറുകിട സൈസുകൾ തിരിച്ച് ഭൂമിയിലേക്ക് അമരുകയും ചെയ്തു.

കുളമ്പടികളും കുതിരയുടെ ‘ങ്യാഹ്ഹഹ’ എന്നൊരു കരച്ചിലും അന്തരീക്ഷത്തിന് സീരിയസ്സ് ഛായയേകി.

ഒറ്റക്കും തെറ്റക്കും പാതയോരത്തിനരികെ ചില പ്രജകൾ ഭീഷ്മരെ കാണുമ്പോൾ കൈകൂപ്പി തൊഴുത്,

“മഹാനായ ഭീഷ്മർ നീണാൽ വാഴട്ടേ... സർവ്വേശ്വരൻ ഭീഷ്മർക്ക് എന്നും ഈ കണ്ട്രോൾ നൽകട്ടേ...“ എന്ന് മുദ്രാവാക്യം വിളിക്കുന്നു.

അത് കേട്ട് ഭീഷ്മർ, ‘ഒക്കെ നമ്മുടെ പിള്ളാരാ’ എന്ന ഭാവേനെ അംബിക അംബാലികമാരെ നോക്കി പുഞ്ചിരിക്കുന്നു.

ഭീഷ്മർ പക്കാ സീരിയസ്സ് റ്റൈപ്പല്ല എന്ന് മനസ്സിലാക്കിയ അംബിക, വിചിത്രവീര്യനെക്കുറിച്ച് ഇങ്ങിനെ ചോദിച്ചു.

‘ഞങ്ങളെ വരിക്കാൻ പോകുന്ന രാജാവ് കാണാൻ എങ്ങിനെ? സ്വഭാവം? ബോഡിഷേപ്പ് എങ്ങിനെ? ഞങ്ങൾ രണ്ട് സൈഡിലും നിൽക്കുമ്പോൾ രണ്ടു ജർമ്മൻ ഫോർവേഡുകളുടെ നടുക്ക് നിൽക്കുന്ന സെനഗലിന്റെ ഗോളിയെ പോലെയാവുമോ??‘

അതുകേട്ട് ഭീഷ്മർ ഗൂഢമായി ചിരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു.

“സീ... ഏതൊരു ഭാര്യയുടേം ഏറ്റവും വലിയ ഭാഗ്യം എന്നുള്ളത്, പ്രണയം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നതാണ്. ആ കേസിലൊരു പരാതി നിങ്ങൾ പറയില്ല എന്നെനിക്ക് 100% ഉറപ്പുണ്ട്. അയ്യോ... ഇനി കുറച്ച് നേരം റെസ്റ്റ് എടുത്തിട്ട് പ്രണയിക്ക്യേ....എന്നാ നിങ്ങൾ പറയാൻ പോകുന്നത്. അത് പോരേ? ഗ്ലാമറിലും ബോഡി ഷേയ്പ്പിലും എന്തിരിക്കുന്നൂ?“

ഭീഷ്മരുടെ ആ വാക്കുകൾ കേട്ട് പ്രേമപരവശയായ ആ സഹോദരിമാർ, നാണത്താൽ താഴോട്ട് നോക്കി പുഞ്ചിരി തൂകി നിന്നു.

കൊട്ടാരത്തിന്റെ ഗേയ്റ്റിൽ രഥമെത്തുന്നു.

അംബയേം അംബികയേം അംബാലികയേം പ്രതീക്ഷിച്ച് നിന്ന വിചിത്രവീര്യൻ ഗേയ്റ്റിനരികിലേക്ക് ഓടി വരുന്നു. വിളക്കും നിറയും കൊണ്ട് വരുന്ന അമ്മ സത്യവതിക്കും പരിവാരങ്ങൾക്കും മുൻപേ...

മൂന്ന് പേരെ പ്രതീക്ഷിച്ചിടത്ത് രണ്ടാളെ കണ്ടതുകൊണ്ട് വിചിത്രവീര്യന്റെ മുഖത്ത് ഉദിച്ചുപൊന്തിയ ഗൌരവം മനസ്സിലാക്കിയ ഭീഷ്മർ പറഞ്ഞു:

‘അനിയാ.. അംബ രാ‍ജകുമാരിക്ക് വേറെ ഒരു ലൈനുണ്ട്. സ്നേഹിക്കുന്ന ഹൃദയങ്ങളെ പിരിക്കുന്നത് കൊടും പാപമാണ്. അതുകൊണ്ട് ഞാൻ വഴിയിൽ വച്ച് അംബയെ തിരിച്ചയച്ചു!‘

ഭീഷ്മരുടെ അഭിപ്രായം അംഗീകരിച്ചുകൊണ്ട്, “ അതേതായാലും നന്നായി. എനിക്കും മൂന്ന് പേരെ ഒരേ സമയം കല്യാണം കഴിക്കുന്നതിനോട് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അതിന് ടെക്നിക്കലി ചില പ്രോബ്ലംസ് ഉണ്ടല്ലോ!“ എന്ന് പറഞ്ഞ് രാജകുമാരിമാരുടെ കൈകലിൽ പിടിച്ച് വിചിത്രവീര്യൻ കൊട്ടാരത്തിലേക്ക് നടന്നു.

എങ്ങും ആഹ്ലാദം. വിചിത്രവീര്യ മഹാരാജാവിന്റെ മധുവിധു ആഘോഷങ്ങൾക്കായി കൊട്ടാരമൊരുങ്ങി. രണ്ടാം നിലയിലെ മാസ്റ്റർ ബെഡ് റൂമുകളും!

Friday, May 14, 2010

അംബ അം‌ബിക അം‌ബാലിക

കുട്ടിയും കോലും കളിച്ച് നടക്കുന്ന പ്രായത്തിൽ രാജാവായ വിചിത്രവീര്യൻ, ആ പ്രായം കടന്നിട്ടും രാജ്യകാര്യങ്ങളിലൊന്നും യാതോരു താല്പര്യവും കാണിച്ചില്ലെങ്കിലും മറ്റു ചില കാര്യങ്ങളിൽ ഭയങ്കര ഉത്സാഹമുള്ളവനായിരുന്നു. പാരമ്പര്യമായി, പരാശരമുനി തൊട്ട് ആരും ഒട്ടും മോശമല്ല എങ്കിലും വിചിത്രവീര്യന്റെ അടുത്ത് അവരൊന്നും ഒന്നുമല്ലായിരുന്നു!

വിചിത്രവീര്യന്റെ നല്ലനടപ്പുകൊണ്ട് ഹസ്തിനപുരിയിലെ പെണ്ണുങ്ങളുടെയെല്ലാം മനസമാധാനം പോയി, രാജകൊട്ടാരത്തിന്റെ കോമ്പൌണ്ട് വാളിന്റെ അടുത്തുകൂടെ പോലും പെണ്ണുങ്ങൾ പോകാതായി. മുറ്റമടിക്കാനും അടിച്ചുവാരാനും വരെ പെണ്ണുങ്ങളെയൊന്നും വരാത്ത അവസ്ഥ!

ഇരുപത്തിനാല് മണിക്കൂറും സുഖഭോഗങ്ങളിൽ മുഴുകി കൂരച്ച നെഞ്ചും കുഴിഞ്ഞ കണ്ണുകളുമായി കഴിഞ്ഞിരുന്ന വിചിത്രവീര്യനെ ‘പെണ്ണുകെട്ടിച്ചാൽ ശരിയായിക്കോളും!’ എന്ന കൊട്ടാരം സൈക്കാർട്ടിസ്റ്റിന്റെ നിർദ്ദേശപ്രകാരം വിചിത്രവീര്യന്റെ വിവാഹം നടത്തുവാൻ ഭീഷ്മർ തീരുമാനിച്ചു.

കാശി രാജാവിന്റെ മൂന്ന് പുത്രിമാരായിരുന്നു അംബയും അംബികയും അംബാലികയും. മൂന്നുപേരും കട്ടക്ക് കട്ട സുന്ദരികൾ. 30 കൊല്ലം മുൻപത്തെ ജയഭാരതിയും ഷീലയും ശ്രീവിദ്യയും പോലെ. 10 കൊല്ലം മുൻപുള്ള ഐശ്വര്യാറായിയും മാധുരി ദീക്ഷിത്തും കേയ്റ്റ് വിൻസലറ്റും പോലെ.

അവരുടെ സ്വയംവരം നടക്കാൻ പോകുന്നു എന്ന വിവവരമറിഞ്ഞ് ‘എന്നാ നമ്മുടെ വിചിത്രനെയും മേക്കപ്പിട്ട് അങ്ങോട്ട് വിട്ടാലോ?’ എന്ന ആലോചനയുണ്ടാവുകയും, ‘ഓ... വിട്ടേച്ചാലും മതി. നടക്കുന്ന കാര്യം ആലോചിക്ക്!’ എന്ന പൊതു അഭിപ്രായത്തെ തുടർന്ന്, ഭീഷ്മർ വിചിത്രവീര്യന്റെ ബിനാമിയായി അങ്ങോട്ട് തിരിച്ചു.

സ്വയംവരമൂഹൂർത്ത സമയത്ത് കാശിരാജ സന്നിധിയിലെത്തിയ ഭീഷ്മർ നേരെ സ്വയംവര മണ്ഡപത്തിലേക്ക് കയറിച്ചെന്ന് മുന്നു രാജകുമാരിമാരേയും ബലമായി പിടിച്ച് തന്റെ തേരി കയറ്റി. ഇതുകണ്ട് ക്ഷുഭിതരായ, സ്വയംവരത്തിന് ഫുൾ മേയ്ക്കപ്പിൽ മിക്ക രാജാക്കന്മാരും “ഇതെന്നാ ഇടപാടാ അച്ചായോ?” എന്ന് ചോദിച്ച് ഭീഷമരെ എതിർത്തുവെങ്കിലും, ഒറ്റ രാത്രികൊണ്ട് ബോംബെയിലെ ഒരു ചേരി വരെ ഒഴിപ്പിച്ച ചരിത്രമുള്ള ഭീഷ്മർക്ക് അവരെ തോൽ‌പ്പിക്കുക എന്നത് കരന്റ് ബാറ്റ് കൊണ്ട് കൊതുകിനെ കൊല്ലുന്ന പോലെ സിമ്പിളായിരുന്നു.

കാശിരാജ്യത്തുനിന്നും ഭീഷ്മർ, ഹസ്തിനപുരിയിലേക്ക് തനിക്ക് വേണ്ടി മൂന്ന് ഭാര്യമാരേം കൊണ്ടുവരുന്നു എന്ന വാർത്ത കേട്ട് വിചിത്രവീര്യൻ ആഹ്ലാദം കൊണ്ട് മതിമറക്കുകയും,

“ഒരു കിലോ.. കുരു കളഞ്ഞ ഈന്തപ്പഴവും, വാട്ടിയ 6 കോഴിമുട്ടയും അര ലിറ്റർ മട്ടൺ സൂപ്പും ഉടൻ അന്തപുരത്തിലേക്ക് കൊടുത്തുവിട്!“ എന്ന് ഉത്തരവിടുകയും ചെയ്തു.

യാത്രാമദ്ധ്യേ കാശിരാജാവിന്റെ മൂത്തമകളായ അംബ, ‘താനും സാല്വ രാജാവും തമ്മിൽ റെക്കോഡിക്കലി മാര്യേഡ് അല്ലായിരുന്നു എന്നേയുള്ളൂ...‘ എന്നറിയിക്കുകയും ഭീഷമർ, ‘എന്നാൽ പെട്ടെന്ന് പോയി അങ്ങട് റെക്കോഡിക്കലും ആയിക്കോളൂ‘ എന്ന് പറഞ്ഞ് അംബയെ പറഞ്ഞയക്കുകയും ചെയ്തു.

Thursday, April 22, 2010

ചിത്രാംഗദൻ

മുക്കുവ ‘കന്യകയായ‘ സത്യവതിക്കും ശന്തനുമഹാരാജാവിനും ഫെർട്ടിലിറ്റി ഇഷ്യൂസ് ഒന്നും ഇല്ല എന്ന് മുൻപേ തെളിയിച്ചിരുന്നതിനാൽ അവർക്ക്, ചില ഗൾഫുകാരുടെ പോലെ കല്യാണം കഴിഞ്ഞ് കൃത്യം 9 മാസവും 9 ദിവസവും തികഞ്ഞപ്പോൾ ചിത്രാംഗദൻ എന്നൊരു പുത്രൻ ജനിച്ചു. ശന്തനുവിന്റെ കൃത്യനിഷ്ടത, ശുഷ്കാന്തി എന്നീ ഗുണഗണങ്ങൾ അദ്ദേഹം അങ്ങിനെ വീണ്ടും തെളിയിച്ചു.

പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല, കണ്ണുപറ്റിയതാണോ എന്തോ... അടുത്ത പുത്രനായ വിചിത്രവീര്യൻ ജനിക്കാൻ ആ ദമ്പതിമാർക്ക് കൊല്ലങ്ങളോളം കാത്തിരിക്കേണ്ടി വന്നു.

വിഷു വന്നു. വർഷം വന്നു. ഓരോ തളിരിലും ഇല വന്നു കാ വന്നു. കൊട്ടാരത്തിന്റെ ഗേയ്റ്റിന്റെ പിന്നിൽ നട്ട പതിനെട്ടാം പട്ട തെങ്ങ് ചൊട്ടയിട്ടു. അതിൽ നിറയെ ഞവണിക്ക മൊട്ട പോലെ കരിക്കുകളുണ്ടായി. മഹാരാജാവിന് ഹർണിയയുടെ ഓപ്പറേഷൻ നടന്നു. കൊട്ടാരത്തിലെ കിണറ്റിൽ ഒന്നരയുടെ മോണോ ബ്ലോക്ക് ജെറ്റ് പമ്പ് വച്ചു. കൊട്ടാരം പ്ലംബർ സുരയുടെ മോൾ സുലോചന ഒളിച്ചോടി പോയി. അങ്ങിനെ കാലം കടന്നുപോയി.

പോകെ പോകെ, ശന്തനു മഹാരാജന് പ്രായമായി. അദ്ദേഹത്തിന്റെ കാലശേഷം, അദ്ദേഹത്തിന്റെ മൂത്തപുത്രൻ ചിത്രാംഗദനെ രാജാവായി വാഴിച്ചു.

ചിത്രാംഗദൻ അച്ഛനെ പോലെ ആയോധനകലകളിലും ആ‍ടുപുലി പടവെട്ട് കിളിമാസ് കളികളിലും സമർത്ഥനും കൈക്കും കാലിനുമെല്ലാം നല്ല ബലവും ഉള്ളവനുമായിരുന്നു.

അടുത്തുപരിസരത്തുള്ള രാജാക്കന്മാരെയെല്ലാം പടവെട്ടി തോല്പിച്ച് തന്റെ രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിച്ച് നല്ല നിലയിൽ നാടുഭരിച്ചിരുന്ന ചിത്രാംഗദനുമായി, ഒരു കന്നിമാസത്തിൽ ചിത്രാംഗദൻ എന്ന് തന്നെ പേരുള്ള ഒരു ഗുന്ധർവ്വൻ യുദ്ധത്തിന് വന്നു.

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഡെയ്‌ലി രാവിലെ ഒമ്പത് മണിമുതൽ ഉച്ചതിരിഞ്ഞ് 3 മണി വരെ മാത്രം യുദ്ധം ചെയ്കയാൽ യുദ്ധം ഏതാണ്ട് ഇറാൻ-ഇറാക്ക് യുദ്ധം പോലെ കുറെ കാലം നീണ്ടുനിന്നു.

യുദ്ധം ഏതാണ്ട് 3 വർഷം പിന്നിട്ട്, ‘വടി ഒടിയേമില്ല, പാമ്പ് ചാവേമില്ല‘ എന്ന സിറ്റുവേഷൻ വന്നപ്പോൾ ഗന്ധർവ്വൻ ചിത്രാംഗദൻ, ശന്തനു മകൻ ചിത്രാംഗദനെ തന്റെ മായാശക്തി ഉപയോഗിച്ച് കബളിപ്പിച്ച് വധിച്ചു.

‘അതൊരുമാതിരി മറ്റോടത്തെ ഇടപാടായി പോയി!‘ എന്ന് ഭീഷ്മരടക്കമുള്ള പലരും മുറുമുറെത്തെങ്കിലും , ആരും ഗന്ധർവ്വനോട് മുട്ടാൻ പോയില്ല.

ചിത്രാംഗദന്റെ മരണശേഷം ഭീഷ്മരുടെ ഉപദേശപ്രകാരം പയ്യൻസായിരുന്ന വിചിത്രവീര്യൻ രാജ്യഭരണം ഏറ്റെടുത്തു.

Monday, April 19, 2010

ഭീഷ്മശപഥം

ഭീഷ്മ ശപഥം എന്ന പോസ്റ്റ് എഴുതി വന്നപ്പോൾ പല പോസ്റ്റുകളായി അല്പം ഓവറായിപോയതിനാൽ, കഥ ഇതുവരെ:

വില്ലാളി വീരൻ ശന്തനുമഹാരാജാവ് ഒരിക്കൽ കടത്തുവഞ്ചിക്കാരിയായ സത്യവതിയിൽ അനുരാഗവിലോചനനായി, പത്നിയാക്കിയാൽ തരക്കേടില്ല എന്ന ആഗ്രഹം ഉണർത്തിക്കുന്നു. സത്യവതി, ഡാഡിയോട് ചോദിക്കണം എന്ന് സൂചിപ്പിച്ചതിൻ പ്രകാരം, അപ്പൻ കാണലിന് ചെന്ന ശന്തനുവിനോട് തന്റെ മകളിലുണ്ടാകുന്ന ബൈ പ്രോഡക്റ്റുകൾക്ക് രാജ്യഭാരം കൊടുക്കാമെങ്കിൽ സമ്മതം എന്ന് ഉണർത്തിക്കുന്നു. ഗംഗാദേവിയിലുണ്ടായ പയ്യൻസിന് ഓൾ‌റെഡി രാജ്യാവകാശം കൊടുത്തതുകൊണ്ട് കടുംവെട്ടിന്റെ ഡിമാന്റ് അംഗീകരിക്കാൻ നിവ്വാഹമില്ലാതെ വിഷണ്ണനായി ഏകാന്തനായി ശന്തനു തിരിച്ച് പോകുന്നു. പിതാവിന്റെ മുഖത്ത് നിഴലിച്ച ദുഖത്തിന്റെ സങ്കടഹേതു മനസ്സിലാക്കിയ ഗംഗാദത്തൻ ദാശമുഖ്യനെ കാണാൻ പുറപ്പെടുന്നു.‘ഹേ ദാശമുഖ്യൻ, എനിക്ക് രാജ്യം അടക്കി ഭരിക്കണമെന്നോ എല്ലാം വെട്ടിപ്പിടിച്ച് വല്യപുലിയായി പേരെടുക്കണമെന്നോ ഒരിക്കലും തോന്നിയിട്ടില്ല. അച്ഛൻ യുവരാജാവാകാൻ പറഞ്ഞപ്പോൾ അത് അനുസരിച്ചു, അത്രെ ഉള്ളൂ. ബേസിക്കലി അതിലൊന്നും വല്യ ഇമ്പോർട്ടൻസില്ല എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതുകൊണ്ട് സീ, എന്റെ പിതാശ്രീക്ക് ചേട്ടന്റെ മകളിൽ ജനിക്കുന്ന കുട്ടികൾ കൊട്ടാരത്തിൽ വേയ്സ്റ്റുകളായി നടക്കും എന്ന് പേടിക്കേണ്ട, രാജ്യാവകാശം ആ സ്ക്രാപ്പുകൾക്കായിരിക്കും എന്ന് ഞാൻ ഇതാ ഉറപ്പ് തരുന്നു!‘

ദേവവ്രതന്റെ വാക്കുകൾ കേട്ട മുക്കുവശ്രീ അദ്ദേഹത്തോടു പറഞ്ഞു:

“യുവരാജൻ, അങ്ങ് ഒരു ശരാശരി മനുഷ്യനേക്കാൾ ഉയർന്ന് ചിന്തിക്കുന്നവനും ഒരു ബുദ്ധിജീവിയുമാണ്, രാജ്യാവകാശം വേണ്ട എന്നും പറഞ്ഞു, ഓക്കെ. പക്ഷെ, അങ്ങിനെ പറഞ്ഞതുകൊണ്ടായില്ല. കാരണം നിങ്ങൾ വിവാഹം കഴിച്ച് ഉണ്ടാകുന്ന കുട്ടികൾ നിങ്ങളുടെ പോലെ ചിന്തിക്കുന്നവരാകണമെന്നില്ലല്ലോ?
അവർ ഒരുവേള, അവർക്കും അവകാശമുണ്ടെന്ന് പറഞ്ഞ് അലമ്പിനു വന്നാലോ? ഭാര്യയും പിള്ളേരും ഒന്നും ആവാത്തതുകൊണ്ട് അങ്ങേക്ക് ഇപ്പോൾ അത് മനസ്സിലാവില്ല. സ്വന്തമായി പിള്ളേർ ഉണ്ടായാൽ, ഈവൻ അന്യായമായ ആവശ്യമാണെങ്കിൽ പോലും തന്ത തള്ളകൾ മക്കളുടെ സന്തോഷത്തെക്കരുതി അത് നടത്തിക്കൊടുക്കാൻ ആഗ്രഹിച്ചുപോകും. അപ്പോൾ, ന്യായമായ ആവശ്യമാണെങ്കിൽ പറയാനുമില്ല. സോ, അങ്ങിനെയൊരു സെറ്റപ്പിൽ എന്റെ മോൾടെ ക്ടാങ്ങൾക്ക് രാജ്യം കിട്ടുമെന്ന് എന്തുറപ്പാണുള്ളത്?”

ദാശമുഖ്യൻ തുടർന്നു.

‘ഞാനൊരു പരട്ട മൂശേട്ട തന്തയാണെന്നോ.... വല്ലാതെ എയർ പിടിക്കുകയാണെന്നോ ധരിക്കരുത്. എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ. തലയിൽ വച്ചാൽ ചെറിയ ചെറിയ പേനരിക്കും തറയിൽ വച്ചാൽ ചെറിയ ചെറിയ ഉറമ്പരിക്കും (കട്:ബിഗ് ബി) എന്ന് പറഞ്ഞ് വളർത്തിയതാണ്. എന്റെ കൊച്ചുമക്കൾ കൊട്ടാരത്തിൽ ഇസ്പേഡ് ഏഴുകളായി, ചാണകം പെറുക്കി നടക്കുന്നത് കാണാനുള്ള ചാൻസ് ഞാൻ ഉണ്ടാക്കി വക്കില്ല!‘

ദാശമുഖ്യന്റെ സ്റ്റേറ്റ്മെന്റ് കേട്ട ദേവവ്രതൻ ഒരു മിനിറ്റ് ആലോചിച്ചു നിന്നു. എന്തുവിലകൊടുത്തും അച്ഛന്റെ ആഗ്രഹം നിറവേറ്റിക്കൊടുക്കണമെന്നുറച്ച അദ്ദേഹം, കൈകൾ രണ്ടും മടക്കി ആട്ടി ബാക്ക് മസിൽ ടൈറ്റ് ചെയ്തുനിൽക്കുന്ന ദാശമുഖ്യനോടായി പറഞ്ഞു.

“ചേട്ടാ, ചേട്ടനിലെ ഫോർവേഡ് പ്ലാനിങ്ങിനെ ഞാൻ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. ചേട്ടൻ പറഞ്ഞത് ലോജിക്കലി കറക്റ്റായ പോയിന്റുമാണ്. സമ്മതിച്ചു. സോ, നിങ്ങളുടെ ആവലാതി തീർക്കുവാൻ ഞാനിതാ ഈ പ്രപഞ്ചം മുഴുവൻ സാക്ഷിയാക്കി ശപഥം ചെയ്യുന്നു. ശന്തനുമഹാരാജാവിന് ഗംഗാദേവിയിലുണ്ടായ ഗംഗാദത്തൻ ഏലിയാസ് ദേവവ്രതൻ എന്ന ഈ ഞാൻ, ജീവിതത്തിൽ ഒരിക്കലും വിവാഹം കഴിക്കുകയില്ല!!!“

ആ സമയത്ത് അവിടെ ഒരു വെള്ളിടി വെട്ടി. മന്ത്രിമാരും ദാശമുഖ്യനും ആകാശത്തേക്ക് നോക്കി, മിന്നലേറ്റ് ചാവുകയാണെങ്കിൽ ഒരുമിച്ച് ചാവാം എന്ന സെറ്റപ്പിൽ ഗംഗാദത്തന്റെ അടുത്തേക്ക് ചേർന്നു നിന്നു.

ആ പ്രതിജ്ഞ കേട്ട് ഇറയത്തിരുന്ന സത്യവതിയുടെ അമ്മയും അമ്മാമ്മയും അടുക്കളിയിലുരുന്ന് കിളിവാതിലിലൂടെ സിറ്റൌട്ടിലേക്ക് നോക്കിക്കൊണ്ടിരുന്ന സത്യവതിയും അത്ഭുത പരതന്ത്രരായി ഗംഗാദത്തനെ നോക്കി.

എല്ലാവരും അത്ഭുതപ്പെട്ടപ്പോഴും ദാശമുഖ്യൻ മാത്രം തെല്ലും അത്ഭുതമില്ലാതെ തല താഴ്ത്തി, പതിഞ്ഞ ശബ്ദത്തിൽ പിറുപിറുത്തു.

“കല്യാണം കഴിക്കില്ല എന്ന് പറഞ്ഞതുകൊണ്ടായില്ല. പിള്ളേരുണ്ടാവാൻ കല്യാണം കഴിക്കണമെന്നൊന്നുമില്ല!!“

അതുകേട്ട പാടെ ഗംഗാദത്തൻ തന്റെ പ്രതിജ്ഞയിലെ ആ ഇമ്പോർട്ടന്റ് ക്ലോസ് കൂടെ ചേർത്ത് പറഞ്ഞു.

“ഈ നിമിഷം മുതൻ എന്റെ മരണം വരെ ഞാൻ ഒരു നിത്യബ്രഹ്മചാരിയായിരിക്കും!!“

അത് പറഞ്ഞവശം വീണ്ടും ഇടിയോടു കൂടിയ ഒരു മിന്നലുണ്ടായി. ഒരു സെക്കന്റ് ഗ്യാപ്പിൽ ആകാശത്തുനിന്ന് പുഷ്പവൃഷ്ടിയും!

പിതാവിന് കല്യാണം കഴിച്ച് ലൌകിക സുഖങ്ങളിൽ ജീവിക്കാൻ വേണ്ടി തന്റെ ലൌ സുഖങ്ങൾ ത്യജിക്കയാൽ, അത്തരത്തിലൊരു ഭീക്ഷ്മമായ ശപഥം ചെയ്കയാൽ ദേവവ്രതൻ അന്നുമുതൽ ഭീഷ്മർ എന്ന് അറിയിപ്പടാൻ തുടങ്ങി. ആക്ചലി ഭീഷ്മർ എന്നല്ല, ഭീകരൻ എന്നാണ് പേർ ഇടേണ്ടിയിരുന്നത്. കാരണം, ശപഥം അത്രക്കും ഭീകരമായതായിരുന്നില്ലേ?

സത്യവതിയുടെ ക്ടങ്ങൾക്ക് രാജ്യാവകാശം പക്കായായി എന്ന് മനസ്സിലാക്കിയ ദാശമുഖ്യൻ തന്റെ പുത്രിയെ ശന്തനുമഹാരാജാവിന് വിവാഹം ചെയ്തുകൊടുത്തു. തന്റെ അഗ്രഹനിവർത്തിക്കായി സർവ്വസ്വവും ത്യജിക്കാൻ തയ്യാറായ തന്റെ ഓമനപ്പുത്രൻ ഭീഷ്മർ സ്വഛന്ദമരണനായി, അതായത് ആഗ്രഹിക്കുന്ന സമത്ത് മാത്രം മരിക്കുന്നവനായിതീരട്ടെ എന്ന് ശന്തനു അനുഗ്രഹിച്ചു.

Friday, February 12, 2010

ഗംഗാദത്തൻ-ദാശമുഖ്യൻ മീറ്റിങ്ങ്

രാവിലെ ഒരു ഒമ്പതരയോടെ ഗംഗാദത്തനും മന്ത്രിമാരടങ്ങുന്ന സംഘവും ദാശമുഖ്യനെ കാണ്മാൻ പുറപ്പെട്ടു.

യമുനാദി തീരത്തേക്കുള്ള വെട്ടുവഴി ആരംഭിക്കുന്നിടത്തെത്തിയപ്പോൾ മന്ത്രി മുഖ്യൻ സാരഥിയെ നോക്കി പറഞ്ഞു.

‘രഥം നിറുത്തുക. ഇനിയങ്ങട് രഥത്തിൽ പോകാതിരിക്കുന്നതാണ് ബുദ്ധി. നദിക്കരയിലുള്ള ഇടവഴിയല്ലേ... പ്രജകളെ പറഞ്ഞിട്ട് കാര്യമില്ല. റ്റെന്റൻസി കൂടും! രഥത്തിന്റെ വീലുകൾക്കാണെങ്കിൽ മഡ്ഗാഡുമില്ല. എന്തിനാ റിസ്ക് എടുക്കുന്നത്?‘

മന്ത്രിമുഖ്യന്റെ സജഷൻ എല്ലാവർക്കും സ്വീകാര്യമായി.

രഥത്തിൽ നിന്നിറങ്ങി, ഗംഗാദത്തനും മന്ത്രിമാരും ഇടവഴിയിൽ ഇടവിട്ട് പാകിയ വെട്ടുകല്ല് മുറികളിൽ അമർന്ന് ചവിട്ടി നടന്നു.

വെട്ടുവഴിയുടെ ആകാശത്തേക്ക് ചാഞ്ഞുനിന്ന വട്ടമാവിൻ കൊമ്പിൽ ഒരു കൂട്ടം മലയണ്ണാൻ കുഞ്ഞുങ്ങൾ കുഞ്ഞരിപ്പല്ല് കാട്ടി ചിലച്ചുകൊണ്ട് അമ്പസ്താനി കളിച്ചു. മരത്തിന്റെ മനസ്സറിഞ്ഞപോലെ ഒരു ഇളം തെന്നൽ വന്ന് അവർക്കൊപ്പം കൂടി.

‘രഥത്തിൽ വരാഞ്ഞത് എത്ര നന്നായി. വന്നെങ്കിൽ രഥം സെപ്റ്റിക് ടാങ്കിൽ വീണ ചാരുകസേര പോലെയായേനേ!!‘ കാറ്റ് വന്നപ്പോൾ മൂക്ക് പൊത്തിക്കൊണ്ട് കൂട്ടത്തിലൊരു മന്ത്രി, മന്ത്രിമുഖ്യനോടായി പറഞ്ഞു.

“അപ്പോൾ നായാട്ടിനു വരുമ്പോൾ നിങ്ങളും..... “ അർത്ഥഗർഭമായി ഗംഗാദത്തൻ മന്ത്രിമുഖ്യനെ നോക്കി. നാണത്താൽ മുഖം ചുവന്ന മന്ത്രിമുഖ്യൻ കേൾക്കാത്ത പോലെ നടത്തത്തിന്റെ സ്പീഡ് കൂട്ടി.

നടന്നുനടന്ന് സംഘം അങ്ങിനെ യമുനാനദീ തീരത്തുള്ള ഒരു ലക്ഷം വീട് കോളനിക്കു മുൻപിൽ നിന്നു.

രാജപ്പാർട്ട് സംഘം വരുന്നതുകണ്ട് സിറ്റൌട്ടിൽ നിന്നിറങ്ങി വന്ന് ദാശമുഖ്യൻ അവരെ ഉപചാരപൂർവ്വം ഗൃഹത്തിലേക്കാനയിച്ച് അവരെ സ്വീകരിച്ചിരുത്തി.

‘കാക്ക വിരുന്ന് വിളിച്ചപ്പോൾ തലൂർന്ന് വിലാസിനിയോ മാപ്രാണത്തുന്ന് വല്ല്യമ്മായിയോ വരുമെന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ, “അല്ലച്ഛാ ചിലപ്പോൾ കൊട്ടാരത്തിൽ നിന്നാരെങ്കിലും വരും” എന്ന് മോൾ പറഞ്ഞിരുന്നു‘

ചായയും കൊക്കുവടയും ചക്ക ഉപ്പേരിയുമായി വന്ന സത്യവതിയെ കണ്ട്, മന്ത്രിമുഖ്യൻ ഗംഗാസുതനെ നോക്കി, ‘ഇതാ മൊതൽ‘ എന്നർത്ഥത്തിൽ പുരികം കൊണ്ട് ആക്ഷൻ കാണിച്ചു.

ഒരിറക്ക് ചായകുടിച്ച് ഗംഗാസുദൻ ദാശമുഖ്യനോടായി പറഞ്ഞു.

‘ആഹാ... എരുമപ്പാലാണല്ലോ! ചായക്ക് നല്ല കട്ടി‘

‘കുറെ കാലമായി എരുമപ്പാലിന്റെ ചായ കുടിച്ചിട്ട്. കൊട്ടാരത്തിൽ എരുമകൾ വാഴില്ല. പശുക്കൾ മാത്രമേ ഉള്ളൂ. പണ്ട് തൊഴുത്തിൽ ഇരുപത് എരുമകൾ വരെ ഉണ്ടായിരുന്നതായിരുന്നു. എന്തെങ്കിലും അസുഖങ്ങൾ വന്ന് ചത്ത് പോകും‘ ഗംഗാസുദൻ കല്യാണക്കാര്യത്തിലേക്ക് കടക്കാൻ സ്റ്റാർട്ടറായി എരുമയെ ഉപയോഗിച്ചു.

‘എല്ലാം എന്റെ മോളുടെ നോട്ടമാണ്. വാതത്തിന്റെ അസ്കിതക്ക് എരുമപ്പാലാണ് നല്ലത് എന്ന് പറഞ്ഞ് എന്നും എരുമയേ വീട്ടിൽ വളർത്തു. കറക്കലും കുളിപ്പിക്കലും നോക്കലും കുത്തിവക്കാൻ കൊണ്ടുപോകലും എല്ലാം അവൾ തന്നെ!‘

ദാശമുഖ്യന്റെ മകളോടുള്ള വാത്സല്യം തുളുമ്പുന്ന സംസാരം ഗംഗാദത്തന് ഇഷ്ടമായി.

ഗംഗാദത്തൻ കാര്യത്തിലേക്ക് കടന്നു.

‘ഇന്നലെ രാത്രി പിതാശ്രീ ഒരു പോള കണ്ണടച്ചിട്ടില്ല! അത്താഴത്തിന് പോർക്ക് ഇറച്ചിൽ കൂർക്ക ഇട്ട് വച്ച കറിയുണ്ടെങ്കിൽ സാധാരണ രണ്ടര കിണ്ണം ചോറുണ്ണുന്ന ആളാ. പക്ഷെ, അങ്ങയുടെ മകളുമായുള്ള വിവാഹത്തിന് തടസ്സം നേരിട്ട മനോവേദനയിൽ ഒരു വറ്റ് പോലും കഴിക്കാതെയാണ് അദ്ദേഹം കിടന്നത്‘

‘മന്ത്രിമാരിൽ നിന്നും, അങ്ങയുടെ മകളുടെ കുട്ടികൾക്ക് രാജ്യാവകാശം കിട്ടാതിർക്കുമോ എന്നതാണ് അങ്ങയുടെ വേവലാതി എന്നും എന്നോടതെങ്ങിനെ ആവശ്യപ്പെടും എന്നതാണ് അച്ഛന്റെ വിഷമം എന്നും ഞാൻ മനസ്സിലാക്കുന്നു’

യോഗക്കാർ പറയുന്ന പോലെ ശ്വാസകോശം നിറയത്തക്കവിധത്തിൽ ശ്വാസം ഉള്ളിലേക്കെടുത്ത്, ഗംഗാദത്തൻ തുടർന്നു...

Sunday, February 7, 2010

മമ പിതൃദേവോ ഭവ:

‘ഗംഗാസുതനായ ദേവവ്രതനെ യുവരാജാവായി ആൾ‌റെഡി അഭിഷേകം നടത്തിക്കഴിഞ്ഞ സ്ഥിതിക്ക് ദാശമുഖ്യന്റെ വ്യവസ്ഥ എങ്ങിനെ അംഗീകരിക്കും?“

ശന്തനുമഹാരാജാവിന്റെ സത്യവതിപരിണയത്തിലുള്ള പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു.

തെക്കിനിയിലെ ബാൽക്കണിയിൽ ശന്തനുമഹാരാജാവ് കൈകൾ പിറകിൽ കെട്ടി ചിന്താമഗ്നനായി, ‘ഇമ്പോസിബിൾ‘ എന്നർത്ഥം വരും വിധം തലയാട്ടിക്കൊണ്ട് കൺ‌വെയർ ബെൽറ്റിൽ ഗ്യാസ് കുറ്റി പോകുമ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.

മഹാരാജാവോർത്തു. എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു.

‘നാടുമുഴുവൻ വിളിച്ചൊരു കല്യാണം. ബന്ധു ജനങ്ങൾക്കും അംഗരാജാക്കന്മാർക്കും ഹൈദരബാദി ദം ബിരിയാണി. പിതാമഹന്മാർക്കും മുനിമാർക്കും വെജിറ്റേറിയൻ ബിരിയാണി. പ്രജകൾക്ക് മോട്ടാ സെറ്റ്‘

‘മധുവിധുവിന് ഹിമാലയം, പിക്ക്നിക്ക് കനകമല (കൊടകര അടുത്ത്), ഹാഫ് ബോയിൽഡ് എഗ്സ്, മട്ടൺ , മുരിങ്ങക്കായ കറികൾ, പത്തുകൊല്ലത്തിൽ പത്ത് മക്കൾ....‘ ഹ്മ്... ഒക്കെ ചൂറ്റിപ്പോയി!

‘ദാശമുഖ്യാ... എന്തൊരു തന്തയോഡോ താൻ!! കല്യാണം മുടക്കീ‍!’

ശന്തനുവിന്റെ മൂഡ് ഔട്ട് കണ്ട്, മന്ത്രി അദ്ദേഹത്തോട് ഉണർത്തിച്ചു.

മഹാരാജാവേ... അടിയന് ഒരു ഐഡിയയുണ്ട്.

തിളങ്ങുന്ന കണ്ണൂകളുമായി തന്നെ നോക്കിയ മഹാരാജാവിനോടായി മന്ത്രി പറഞ്ഞു:

“തൽക്കാലം ദാശമുഖ്യന്റെ ഡിമാന്റുകളെല്ലാം ‘ഓക്കെ ഓക്കെ‘ എന്ന് പറയുക. എന്നിട്ട് കല്യാണം കഴിഞ്ഞ് കൊച്ചുങ്ങളുണ്ടായി വലുതാകുന്ന കാലത്തല്ലേ? അപ്പോൾ എന്തെങ്കിലും മുട്ടാപ്പോക്ക് പറയാം. ഒന്നുകിൽ അപ്പോഴേക്കും ദാശമുഖ്യൻ പടമായി പോയിരിക്കും. പിന്നെ, സത്യവതിയുടെ കാര്യം... ആറേഴ് കൊല്ലമൊക്കെ സ്നേഹമായി ജീവിച്ചാൽ ഒരു പെണ്ണും ഭർത്താവിനെ വിട്ട് പോകില്ല എന്നല്ലേ പഠനങ്ങൾ പറയുന്നത്!“

മന്ത്രിയുടെ വാക്കുകൾ കേട്ട് കോപാക്രാന്തനായ ശന്തനു പൊട്ടിത്തെറിച്ചു!

‘പൊളി വാക്ക് പറഞ്ഞ് വേളി നടത്താൻ ശന്തനു വീണ്ടും പിറക്കണം. ഇതെന്താ ഫാമിലി വിസകിട്ടുമെന്ന് പറഞ്ഞ് കല്യാണം കഴിക്കണ പോലെയാണെന്നാണോ വിചാരം? ശന്തനുവിന് വാക്ക് ഒന്നേയുള്ളൂ!‘

ശന്തനു-സത്യവതിപരിണയത്തിലുള്ള ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയും അങ്ങിനെ അസ്തമിച്ചു.

തീന്മേശയിലിരിക്കുമ്പോൾ പിതാവിന്റെ മുഖത്തു നിഴലിച്ച ദു:ഖത്തിന് കാരണം ദേവവ്രതൻ ആരാഞ്ഞുവെങ്കിലും ശന്തനു മറുപടിയൊന്നും പറഞ്ഞില്ല. ആർക്കായാലും ഇച്ചിരി മടി കാണും!

ചെസ് കളിക്കും പടവെട്ടിനും നിൽക്കാതെ പതിവിന് വിപരീദമായി ശന്തനുമഹാരാജാവ് അന്ന് നേരത്തേ കിടന്നു.

ഒരു മുക്കുവ പെണ്ണിൽ തോന്നിയ അഭിലാഷമാണ് പിതാവിന്റെ മൂഡോഫിന് കാരണമെന്ന് മന്ത്രിമാരിൽ നിന്ന് മനസ്സിലാക്കിയ ദേവവ്രതൻ എന്ത് തന്നെ ചെയ്തിട്ടായാലും തന്റെ പിതാവിന്റെ ദുഖത്തിന് അറുതി വരുത്തണമെന്നുറപ്പിച്ച് മന്ത്രിമാരെയും കൂട്ടി യമുനാതീരത്തുള്ള ദാശമുഖ്യന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചു.

Tuesday, January 26, 2010

പ്രപ്പോസൽ

വേലിപ്പത്തൽ കൊണ്ടുണ്ടാക്കിയ ഗേയ്റ്റ് മാറ്റി വച്ച് സത്യവതി, ശന്തനു മഹാരാജാവിനെ വീട്ടിലേക്ക് ആനയിച്ച്, അഡ്ജസ്റ്റ് ചെയ്ത് മുന്നിൽ നടന്നു.

ശന്തനു ചെല്ലുമ്പോൾ ദാശമുഖ്യൻ തിണ്ണയിൽ കാൽ കയറ്റി വച്ച്, മുഷ്ടികൾ രണ്ടും ചുരുട്ടി നിക്കിൾ പുഷപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്.

‘ഡൈനിങ്ങ് ടേബിളിന്റെ കടഞ്ഞ കാൽ പോലുള്ള കൈകൾ!‘ മഹാരാജാവ് മനസ്സിൽ പറഞ്ഞു.

ആളനക്കം കേട്ട് മുഖമുയർത്തിയ ദാശമുഖ്യൻ പിടഞ്ഞെണീക്കുകയും മഹാരാജാവിനെയും കൂടെ വന്നിരിക്കുന്നവരെയും കണ്ട് അത്ഭുതപരതന്ത്രനാവുകയും വിങ്ങ്സിന് അല്പം ബലം കൊടുത്ത് സവിനയം തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

“എത്ര വയ്യെങ്കിലും എക്സസൈസ് മുടക്കില്ലല്ലേ? വെരി ഗുഡ്!“ ശന്തനുമഹാരാജാവ് ദാശമുഖ്യന്റെ ബായ്ക്ക് മസിൽ നോക്കി പറഞ്ഞു.

‘അടിയൻ! ചെറുതിലേയുള്ള ശീലമാണ്. എന്റെ അപ്പനും കട്ടയായിരുന്നു. ആള് രണ്ട് തവണ മിസ്റ്റർ യമുനാ നദി കടവ് ആയ ആളാണ്. പിന്നെ ആരോഗ്യമാണല്ലോ ഏറ്റവും അത്യാവശ്യം. എക്സസൈസ് മുടക്കാത്തതുകൊണ്ട് എനിക്ക് ചുമ പോലും വരില്ല. എത്ര സമ്പത്തുണ്ടെങ്കിലും ഇനിയിപ്പോൾ രാജാവാണെലും പിളു പിളു എന്ന ബോഡിയും ഒരു ബാഗെടുത്താൽ വിലങ്ങുന്ന തണ്ടലും വായ്ക്ക് രുചിയായ യാതൊന്നും കഴിക്കാൻ പറ്റാത്ത ഡയറ്റുമായി നടന്നിട്ടെന്ത് കാര്യം? രാവിലെ ഒരു അരമണിക്കൂറ് നടക്കാനോ വ്യായാമം ചെയ്യാനോ മിനക്കെടാത്ത മനുഷ്യൻ എന്ത് ചെയ്തിട്ടെന്ത്?“

ദാശമുഖ്യന്റെ ആക്കിയുള്ള ഡയലോഗ് ശന്തനുമഹാരാജാവിന് അതയങ്ങ് പിടിച്ചില്ല.

രാജാവ് പറഞ്ഞു.

‘ദാശമുഖ്യാ‍... വല്ലാണ്ട് ക്ലാസെടുക്കല്ലേ!! വ്യായാമത്തിന്റെ ഗുണവശങ്ങൾ അറിയാൻ വേണ്ടിയല്ല ഞാൻ ഇവിടെ വന്നത്. തന്നെയുമല്ല, കൊട്ടാരത്തിൽ ജിമ്മും ട്രെയിനറുമുണ്ട്... ഞാൻ വന്ന കാര്യം പറയാം’

തന്റെ ആഗമനോദ്ദ്യേശം ദാശമുഖ്യനോട് ഉണർത്തിച്ചു.

‘അങ്ങയുടെ മകൾ കുമാരി സത്യവതിയുടെ കെമിസ്ട്രി എനിക്ക് മാച്ചിങ്ങാവാൻ സാധ്യത കണ്ടു. അതുകൊണ്ട് മൂപ്പരെ എനിക്ക് പത്നിയാക്കിയാൽ കൊള്ളാമെന്നുണ്ട്. സത്യവതിക്ക് ഓ.ക്കെയാണ്. പക്ഷെ, അങ്ങയുടെ സമ്മതം കൂടെ കിട്ടിയാലേ സത്യവതി സമ്മതിക്കുകയുള്ളൂ എന്ന് പറയുന്നു!‘

ഉത്തരവാദിത്വമുള്ള ഒരു പിതാവായിരുന്നു ദാശമുഖ്യൻ.

കൊള്ളാവുന്ന ചുറ്റുപാടും തറവാട്ടുമഹിമയുമുള്ള ചെറുക്കന്മാരെ കണ്ടാൽ, ‘എന്റെ മോള്ക്ക് ഒരുകാലത്തും അന്നത്തിന് മുട്ടുണ്ടാവില്ല.. നാലാളോട് പറയാൻ തന്നെ എന്താ ഒരു വെയ്റ്റ്!’ എന്നൊക്കെ പറഞ്ഞ് ഉടനെയങ്ങ് പെണ്മക്കളെ കെട്ടിച്ച് വിടുന്ന ചില മല്ലു തന്തമാരുടെ ടൈപ്പല്ലായിരുന്നു ദാശമുഖ്യൻ.

അദ്ദേഹം പറഞ്ഞു:

“അങ്ങയെപ്പോലെയൊരു വ്യക്തിയെ മകൾക്ക് ഭർത്താവായി കിട്ടുക എന്നത് മഹാഭ്യാഗ്യമാണ്. പക്ഷെ, എന്റെ പുത്രിയെ അങ്ങയുടെ പട്ടമഹിഷിയാക്കാമെന്നും അവളിലുണ്ടാകുന്ന മക്കൾക്ക് രാജ്യാവകാശം കൊടുക്കാമെന്നും ഉറപ്പ് തരാമോ? എങ്കിൽ എനിക്ക് സമ്മതം!“

ഇത് കേട്ടയുടനെ രാജാവ്, ദാശമുഖ്യന്റെ മുഖത്ത് തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് സത്യവതിയെ ഒന്ന് നോക്കി. ഒരു മിനിറ്റ് തല താഴ്ത്തി ഒന്ന് ആലോചിച്ചു.

അതിനുശേഷം കൂടെയുള്ള മന്ത്രിയെ നോക്കി പുരികക്കൊടി ഉയർത്തി ‘പൂവാം!‘ എന്നർത്ഥത്തിൽ ആക്ഷൻ കാണിച്ച്, ഒന്നും മിണ്ടാതെ വേലിപ്പത്തൽ ഗേയ്റ്റ് കടന്നു പുറത്തേക്ക് നടന്നു.

ഹരിതാഭമായ വേലിപ്പടർപ്പിലെ സീമന്തിനി പൂക്കൾക്കിടയിലൂടെ വാൽ മുറിഞ്ഞ ഒരു പച്ചില പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി.