Tuesday, January 26, 2010

പ്രപ്പോസൽ

വേലിപ്പത്തൽ കൊണ്ടുണ്ടാക്കിയ ഗേയ്റ്റ് മാറ്റി വച്ച് സത്യവതി, ശന്തനു മഹാരാജാവിനെ വീട്ടിലേക്ക് ആനയിച്ച്, അഡ്ജസ്റ്റ് ചെയ്ത് മുന്നിൽ നടന്നു.

ശന്തനു ചെല്ലുമ്പോൾ ദാശമുഖ്യൻ തിണ്ണയിൽ കാൽ കയറ്റി വച്ച്, മുഷ്ടികൾ രണ്ടും ചുരുട്ടി നിക്കിൾ പുഷപ്പ് എടുത്തുകൊണ്ടിരിക്കുകയാണ്.

‘ഡൈനിങ്ങ് ടേബിളിന്റെ കടഞ്ഞ കാൽ പോലുള്ള കൈകൾ!‘ മഹാരാജാവ് മനസ്സിൽ പറഞ്ഞു.

ആളനക്കം കേട്ട് മുഖമുയർത്തിയ ദാശമുഖ്യൻ പിടഞ്ഞെണീക്കുകയും മഹാരാജാവിനെയും കൂടെ വന്നിരിക്കുന്നവരെയും കണ്ട് അത്ഭുതപരതന്ത്രനാവുകയും വിങ്ങ്സിന് അല്പം ബലം കൊടുത്ത് സവിനയം തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

“എത്ര വയ്യെങ്കിലും എക്സസൈസ് മുടക്കില്ലല്ലേ? വെരി ഗുഡ്!“ ശന്തനുമഹാരാജാവ് ദാശമുഖ്യന്റെ ബായ്ക്ക് മസിൽ നോക്കി പറഞ്ഞു.

‘അടിയൻ! ചെറുതിലേയുള്ള ശീലമാണ്. എന്റെ അപ്പനും കട്ടയായിരുന്നു. ആള് രണ്ട് തവണ മിസ്റ്റർ യമുനാ നദി കടവ് ആയ ആളാണ്. പിന്നെ ആരോഗ്യമാണല്ലോ ഏറ്റവും അത്യാവശ്യം. എക്സസൈസ് മുടക്കാത്തതുകൊണ്ട് എനിക്ക് ചുമ പോലും വരില്ല. എത്ര സമ്പത്തുണ്ടെങ്കിലും ഇനിയിപ്പോൾ രാജാവാണെലും പിളു പിളു എന്ന ബോഡിയും ഒരു ബാഗെടുത്താൽ വിലങ്ങുന്ന തണ്ടലും വായ്ക്ക് രുചിയായ യാതൊന്നും കഴിക്കാൻ പറ്റാത്ത ഡയറ്റുമായി നടന്നിട്ടെന്ത് കാര്യം? രാവിലെ ഒരു അരമണിക്കൂറ് നടക്കാനോ വ്യായാമം ചെയ്യാനോ മിനക്കെടാത്ത മനുഷ്യൻ എന്ത് ചെയ്തിട്ടെന്ത്?“

ദാശമുഖ്യന്റെ ആക്കിയുള്ള ഡയലോഗ് ശന്തനുമഹാരാജാവിന് അതയങ്ങ് പിടിച്ചില്ല.

രാജാവ് പറഞ്ഞു.

‘ദാശമുഖ്യാ‍... വല്ലാണ്ട് ക്ലാസെടുക്കല്ലേ!! വ്യായാമത്തിന്റെ ഗുണവശങ്ങൾ അറിയാൻ വേണ്ടിയല്ല ഞാൻ ഇവിടെ വന്നത്. തന്നെയുമല്ല, കൊട്ടാരത്തിൽ ജിമ്മും ട്രെയിനറുമുണ്ട്... ഞാൻ വന്ന കാര്യം പറയാം’

തന്റെ ആഗമനോദ്ദ്യേശം ദാശമുഖ്യനോട് ഉണർത്തിച്ചു.

‘അങ്ങയുടെ മകൾ കുമാരി സത്യവതിയുടെ കെമിസ്ട്രി എനിക്ക് മാച്ചിങ്ങാവാൻ സാധ്യത കണ്ടു. അതുകൊണ്ട് മൂപ്പരെ എനിക്ക് പത്നിയാക്കിയാൽ കൊള്ളാമെന്നുണ്ട്. സത്യവതിക്ക് ഓ.ക്കെയാണ്. പക്ഷെ, അങ്ങയുടെ സമ്മതം കൂടെ കിട്ടിയാലേ സത്യവതി സമ്മതിക്കുകയുള്ളൂ എന്ന് പറയുന്നു!‘

ഉത്തരവാദിത്വമുള്ള ഒരു പിതാവായിരുന്നു ദാശമുഖ്യൻ.

കൊള്ളാവുന്ന ചുറ്റുപാടും തറവാട്ടുമഹിമയുമുള്ള ചെറുക്കന്മാരെ കണ്ടാൽ, ‘എന്റെ മോള്ക്ക് ഒരുകാലത്തും അന്നത്തിന് മുട്ടുണ്ടാവില്ല.. നാലാളോട് പറയാൻ തന്നെ എന്താ ഒരു വെയ്റ്റ്!’ എന്നൊക്കെ പറഞ്ഞ് ഉടനെയങ്ങ് പെണ്മക്കളെ കെട്ടിച്ച് വിടുന്ന ചില മല്ലു തന്തമാരുടെ ടൈപ്പല്ലായിരുന്നു ദാശമുഖ്യൻ.

അദ്ദേഹം പറഞ്ഞു:

“അങ്ങയെപ്പോലെയൊരു വ്യക്തിയെ മകൾക്ക് ഭർത്താവായി കിട്ടുക എന്നത് മഹാഭ്യാഗ്യമാണ്. പക്ഷെ, എന്റെ പുത്രിയെ അങ്ങയുടെ പട്ടമഹിഷിയാക്കാമെന്നും അവളിലുണ്ടാകുന്ന മക്കൾക്ക് രാജ്യാവകാശം കൊടുക്കാമെന്നും ഉറപ്പ് തരാമോ? എങ്കിൽ എനിക്ക് സമ്മതം!“

ഇത് കേട്ടയുടനെ രാജാവ്, ദാശമുഖ്യന്റെ മുഖത്ത് തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് സത്യവതിയെ ഒന്ന് നോക്കി. ഒരു മിനിറ്റ് തല താഴ്ത്തി ഒന്ന് ആലോചിച്ചു.

അതിനുശേഷം കൂടെയുള്ള മന്ത്രിയെ നോക്കി പുരികക്കൊടി ഉയർത്തി ‘പൂവാം!‘ എന്നർത്ഥത്തിൽ ആക്ഷൻ കാണിച്ച്, ഒന്നും മിണ്ടാതെ വേലിപ്പത്തൽ ഗേയ്റ്റ് കടന്നു പുറത്തേക്ക് നടന്നു.

ഹരിതാഭമായ വേലിപ്പടർപ്പിലെ സീമന്തിനി പൂക്കൾക്കിടയിലൂടെ വാൽ മുറിഞ്ഞ ഒരു പച്ചില പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി.