Sunday, February 7, 2010

മമ പിതൃദേവോ ഭവ:

‘ഗംഗാസുതനായ ദേവവ്രതനെ യുവരാജാവായി ആൾ‌റെഡി അഭിഷേകം നടത്തിക്കഴിഞ്ഞ സ്ഥിതിക്ക് ദാശമുഖ്യന്റെ വ്യവസ്ഥ എങ്ങിനെ അംഗീകരിക്കും?“

ശന്തനുമഹാരാജാവിന്റെ സത്യവതിപരിണയത്തിലുള്ള പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു.

തെക്കിനിയിലെ ബാൽക്കണിയിൽ ശന്തനുമഹാരാജാവ് കൈകൾ പിറകിൽ കെട്ടി ചിന്താമഗ്നനായി, ‘ഇമ്പോസിബിൾ‘ എന്നർത്ഥം വരും വിധം തലയാട്ടിക്കൊണ്ട് കൺ‌വെയർ ബെൽറ്റിൽ ഗ്യാസ് കുറ്റി പോകുമ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.

മഹാരാജാവോർത്തു. എന്തെല്ലാം ആഗ്രഹങ്ങളായിരുന്നു.

‘നാടുമുഴുവൻ വിളിച്ചൊരു കല്യാണം. ബന്ധു ജനങ്ങൾക്കും അംഗരാജാക്കന്മാർക്കും ഹൈദരബാദി ദം ബിരിയാണി. പിതാമഹന്മാർക്കും മുനിമാർക്കും വെജിറ്റേറിയൻ ബിരിയാണി. പ്രജകൾക്ക് മോട്ടാ സെറ്റ്‘

‘മധുവിധുവിന് ഹിമാലയം, പിക്ക്നിക്ക് കനകമല (കൊടകര അടുത്ത്), ഹാഫ് ബോയിൽഡ് എഗ്സ്, മട്ടൺ , മുരിങ്ങക്കായ കറികൾ, പത്തുകൊല്ലത്തിൽ പത്ത് മക്കൾ....‘ ഹ്മ്... ഒക്കെ ചൂറ്റിപ്പോയി!

‘ദാശമുഖ്യാ... എന്തൊരു തന്തയോഡോ താൻ!! കല്യാണം മുടക്കീ‍!’

ശന്തനുവിന്റെ മൂഡ് ഔട്ട് കണ്ട്, മന്ത്രി അദ്ദേഹത്തോട് ഉണർത്തിച്ചു.

മഹാരാജാവേ... അടിയന് ഒരു ഐഡിയയുണ്ട്.

തിളങ്ങുന്ന കണ്ണൂകളുമായി തന്നെ നോക്കിയ മഹാരാജാവിനോടായി മന്ത്രി പറഞ്ഞു:

“തൽക്കാലം ദാശമുഖ്യന്റെ ഡിമാന്റുകളെല്ലാം ‘ഓക്കെ ഓക്കെ‘ എന്ന് പറയുക. എന്നിട്ട് കല്യാണം കഴിഞ്ഞ് കൊച്ചുങ്ങളുണ്ടായി വലുതാകുന്ന കാലത്തല്ലേ? അപ്പോൾ എന്തെങ്കിലും മുട്ടാപ്പോക്ക് പറയാം. ഒന്നുകിൽ അപ്പോഴേക്കും ദാശമുഖ്യൻ പടമായി പോയിരിക്കും. പിന്നെ, സത്യവതിയുടെ കാര്യം... ആറേഴ് കൊല്ലമൊക്കെ സ്നേഹമായി ജീവിച്ചാൽ ഒരു പെണ്ണും ഭർത്താവിനെ വിട്ട് പോകില്ല എന്നല്ലേ പഠനങ്ങൾ പറയുന്നത്!“

മന്ത്രിയുടെ വാക്കുകൾ കേട്ട് കോപാക്രാന്തനായ ശന്തനു പൊട്ടിത്തെറിച്ചു!

‘പൊളി വാക്ക് പറഞ്ഞ് വേളി നടത്താൻ ശന്തനു വീണ്ടും പിറക്കണം. ഇതെന്താ ഫാമിലി വിസകിട്ടുമെന്ന് പറഞ്ഞ് കല്യാണം കഴിക്കണ പോലെയാണെന്നാണോ വിചാരം? ശന്തനുവിന് വാക്ക് ഒന്നേയുള്ളൂ!‘

ശന്തനു-സത്യവതിപരിണയത്തിലുള്ള ബാക്കിയുണ്ടായിരുന്ന പ്രതീക്ഷയും അങ്ങിനെ അസ്തമിച്ചു.

തീന്മേശയിലിരിക്കുമ്പോൾ പിതാവിന്റെ മുഖത്തു നിഴലിച്ച ദു:ഖത്തിന് കാരണം ദേവവ്രതൻ ആരാഞ്ഞുവെങ്കിലും ശന്തനു മറുപടിയൊന്നും പറഞ്ഞില്ല. ആർക്കായാലും ഇച്ചിരി മടി കാണും!

ചെസ് കളിക്കും പടവെട്ടിനും നിൽക്കാതെ പതിവിന് വിപരീദമായി ശന്തനുമഹാരാജാവ് അന്ന് നേരത്തേ കിടന്നു.

ഒരു മുക്കുവ പെണ്ണിൽ തോന്നിയ അഭിലാഷമാണ് പിതാവിന്റെ മൂഡോഫിന് കാരണമെന്ന് മന്ത്രിമാരിൽ നിന്ന് മനസ്സിലാക്കിയ ദേവവ്രതൻ എന്ത് തന്നെ ചെയ്തിട്ടായാലും തന്റെ പിതാവിന്റെ ദുഖത്തിന് അറുതി വരുത്തണമെന്നുറപ്പിച്ച് മന്ത്രിമാരെയും കൂട്ടി യമുനാതീരത്തുള്ള ദാശമുഖ്യന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചു.

18 comments:

 1. ഹ ഹ ഹാ‍
  ചിരിച്ചു ഓരോ വരിയിലും.. :)

  ReplyDelete
 2. ഇതെന്താ ഫാമിലി വിസകിട്ടുമെന്ന് പറഞ്ഞ് കല്യാണം കഴിക്കണ പോലെയാണെന്നാണോ വിചാരം

  തകർപ്പൻ സൂപ്പർ പോസ്റ്റ്

  ReplyDelete
 3. "ദാശമുഖ്യാ... എന്തൊരു തന്തയോഡോ താൻ!!"

  ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ വിശാല്‍ ജീ.

  ReplyDelete
 4. വിശാല്‍ജി കഥ അങ്ങട് ഗുമ്മായിട്ടുണ്ട്. നീളം അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം. പെട്ടെന്നു തീര്ന്ന പോലെ..മതിയായില്ല :-)

  ReplyDelete
 5. ##‘നാടുമുഴുവൻ വിളിച്ചൊരു കല്യാണം. ബന്ധു ജനങ്ങൾക്കും അംഗരാജാക്കന്മാർക്കും ഹൈദരബാദി ദം ബിരിയാണി. പിതാമഹന്മാർക്കും മുനിമാർക്കും വെജിറ്റേറിയൻ ബിരിയാണി. പ്രജകൾക്ക് മോട്ടാ സെറ്റ്‘##

  ചിരിച്ച് തലതല്ലീ... :-)

  ReplyDelete
 6. ഫാമിലി വിസകിട്ടുമെന്ന് പറഞ്ഞ് കല്യാണം കഴിക്കണ പോലെയാണെന്നാണോ വിചാരം?

  ഹ..ഹ.. ഇത് തക‌ർത്തു.

  ReplyDelete
 7. "തെക്കിനിയിലെ ബാൽക്കണിയിൽ ശന്തനുമഹാരാജാവ് കൈകൾ പിറകിൽ കെട്ടി ചിന്താമഗ്നനായി, ‘ഇമ്പോസിബിൾ‘ എന്നർത്ഥം വരും വിധം തലയാട്ടിക്കൊണ്ട് കൺ‌വെയർ ബെൽറ്റിൽ ഗ്യാസ് കുറ്റി പോകുമ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി."

  അപാരം തന്നെ ഈ കണ്ടുപിടുത്തം... മനുഷ്യനെ ചിരിപ്പിക്കാനായിട്ട്‌...

  എപ്പിസോഡിന്റെ നീളം കുറച്ച്‌ കൂടി കൂട്ടിക്കൂടേ വിശാല്‍ജീ...? ഇനി ഒരു മാസം കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോഴാ വിഷമം...

  ReplyDelete
 8. ദയവുചെയ്ത്‌ ഇങ്ങനെ ചിരിപ്പിക്കല്ലേ please...

  ReplyDelete
 9. ശെടാ വായിക്കും മുന്‍പേ തീര്‍ന്നുപോയി :(

  ReplyDelete
 10. വായിക്കാറുണ്ട് ..നന്നായി ..ചിരിപ്പിച്ചു
  പ്രജകള്‍ക്കു മോട്ട സെറ്റ് ..കോരന് കഞ്ഞി തന്നെ അല്ലെ ...കലക്കി...

  ഷാജി ഖത്തര്‍.

  ReplyDelete
 11. "ഹാഫ് ബോയിൽഡ് എഗ്സ്" - മുട്ട പ്രേമം ഇപ്പളും കത്തി നില്‍ക്കുന്നു...അല്ലെ ? ഹാ..ഹാ.ഹാ....

  "....എന്നല്ലേ പഠനങ്ങൾ പറയുന്നത്!“ - കലക്കന്‍...

  ബാകി വരട്ടെ....

  ReplyDelete
 12. ചിരിച്ചു പണ്ടാറടങ്ങി.... നല്ല വിവരണം. അല്പം തൃശ്ശൂർഭാഷകൂടി കലർത്താമായിരുന്നു.

  ReplyDelete
 13. മധുവിധുവിന് ഹിമാലയം, പിക്ക്നിക്ക് കനകമല (കൊടകര അടുത്ത്)...
  ചേട്ടാ അടിപൊളി ആക്കി , സത്യം!

  ReplyDelete
 14. ഏതായാലും പിക്നിക് സ്പോട്ട് കലക്കി.
  എഴുത്തിലെ പിശുക്ക് മാറ്റിക്കോ.. ഇത്തിരികൂടെ വലുതാവാം പോസ്റ്റ് വിശാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാല മനസ്കാ :)

  ReplyDelete
 15. നാടുമുഴുവൻ വിളിച്ചൊരു കല്യാണം. ബന്ധു ജനങ്ങൾക്കും അംഗരാജാക്കന്മാർക്കും ഹൈദരബാദി ദം ബിരിയാണി. പിതാമഹന്മാർക്കും മുനിമാർക്കും വെജിറ്റേറിയൻ ബിരിയാണി. പ്രജകൾക്ക് മോട്ടാ
  സെറ്റ്‘
  ഇത് വായിച്ചു കഴിഞ്ഞു ഇത്തിരി വെള്ളം കുടിച്ചു. കുടിചോണ്ടിരിക്കുമ്പോ ആണ് പെട്ടെന്ന് ചിരി വന്നത്. പാമ്പുകടിക്കാന്‍ അണ്ണാക്കില്‍ വെള്ളം കേറിപ്പോയി :(

  ReplyDelete
 16. പ്രജകൾക്ക് മോട്ടാസെറ്റ് :D

  ReplyDelete