Friday, May 14, 2010

അംബ അം‌ബിക അം‌ബാലിക

കുട്ടിയും കോലും കളിച്ച് നടക്കുന്ന പ്രായത്തിൽ രാജാവായ വിചിത്രവീര്യൻ, ആ പ്രായം കടന്നിട്ടും രാജ്യകാര്യങ്ങളിലൊന്നും യാതോരു താല്പര്യവും കാണിച്ചില്ലെങ്കിലും മറ്റു ചില കാര്യങ്ങളിൽ ഭയങ്കര ഉത്സാഹമുള്ളവനായിരുന്നു. പാരമ്പര്യമായി, പരാശരമുനി തൊട്ട് ആരും ഒട്ടും മോശമല്ല എങ്കിലും വിചിത്രവീര്യന്റെ അടുത്ത് അവരൊന്നും ഒന്നുമല്ലായിരുന്നു!

വിചിത്രവീര്യന്റെ നല്ലനടപ്പുകൊണ്ട് ഹസ്തിനപുരിയിലെ പെണ്ണുങ്ങളുടെയെല്ലാം മനസമാധാനം പോയി, രാജകൊട്ടാരത്തിന്റെ കോമ്പൌണ്ട് വാളിന്റെ അടുത്തുകൂടെ പോലും പെണ്ണുങ്ങൾ പോകാതായി. മുറ്റമടിക്കാനും അടിച്ചുവാരാനും വരെ പെണ്ണുങ്ങളെയൊന്നും വരാത്ത അവസ്ഥ!

ഇരുപത്തിനാല് മണിക്കൂറും സുഖഭോഗങ്ങളിൽ മുഴുകി കൂരച്ച നെഞ്ചും കുഴിഞ്ഞ കണ്ണുകളുമായി കഴിഞ്ഞിരുന്ന വിചിത്രവീര്യനെ ‘പെണ്ണുകെട്ടിച്ചാൽ ശരിയായിക്കോളും!’ എന്ന കൊട്ടാരം സൈക്കാർട്ടിസ്റ്റിന്റെ നിർദ്ദേശപ്രകാരം വിചിത്രവീര്യന്റെ വിവാഹം നടത്തുവാൻ ഭീഷ്മർ തീരുമാനിച്ചു.

കാശി രാജാവിന്റെ മൂന്ന് പുത്രിമാരായിരുന്നു അംബയും അംബികയും അംബാലികയും. മൂന്നുപേരും കട്ടക്ക് കട്ട സുന്ദരികൾ. 30 കൊല്ലം മുൻപത്തെ ജയഭാരതിയും ഷീലയും ശ്രീവിദ്യയും പോലെ. 10 കൊല്ലം മുൻപുള്ള ഐശ്വര്യാറായിയും മാധുരി ദീക്ഷിത്തും കേയ്റ്റ് വിൻസലറ്റും പോലെ.

അവരുടെ സ്വയംവരം നടക്കാൻ പോകുന്നു എന്ന വിവവരമറിഞ്ഞ് ‘എന്നാ നമ്മുടെ വിചിത്രനെയും മേക്കപ്പിട്ട് അങ്ങോട്ട് വിട്ടാലോ?’ എന്ന ആലോചനയുണ്ടാവുകയും, ‘ഓ... വിട്ടേച്ചാലും മതി. നടക്കുന്ന കാര്യം ആലോചിക്ക്!’ എന്ന പൊതു അഭിപ്രായത്തെ തുടർന്ന്, ഭീഷ്മർ വിചിത്രവീര്യന്റെ ബിനാമിയായി അങ്ങോട്ട് തിരിച്ചു.

സ്വയംവരമൂഹൂർത്ത സമയത്ത് കാശിരാജ സന്നിധിയിലെത്തിയ ഭീഷ്മർ നേരെ സ്വയംവര മണ്ഡപത്തിലേക്ക് കയറിച്ചെന്ന് മുന്നു രാജകുമാരിമാരേയും ബലമായി പിടിച്ച് തന്റെ തേരി കയറ്റി. ഇതുകണ്ട് ക്ഷുഭിതരായ, സ്വയംവരത്തിന് ഫുൾ മേയ്ക്കപ്പിൽ മിക്ക രാജാക്കന്മാരും “ഇതെന്നാ ഇടപാടാ അച്ചായോ?” എന്ന് ചോദിച്ച് ഭീഷമരെ എതിർത്തുവെങ്കിലും, ഒറ്റ രാത്രികൊണ്ട് ബോംബെയിലെ ഒരു ചേരി വരെ ഒഴിപ്പിച്ച ചരിത്രമുള്ള ഭീഷ്മർക്ക് അവരെ തോൽ‌പ്പിക്കുക എന്നത് കരന്റ് ബാറ്റ് കൊണ്ട് കൊതുകിനെ കൊല്ലുന്ന പോലെ സിമ്പിളായിരുന്നു.

കാശിരാജ്യത്തുനിന്നും ഭീഷ്മർ, ഹസ്തിനപുരിയിലേക്ക് തനിക്ക് വേണ്ടി മൂന്ന് ഭാര്യമാരേം കൊണ്ടുവരുന്നു എന്ന വാർത്ത കേട്ട് വിചിത്രവീര്യൻ ആഹ്ലാദം കൊണ്ട് മതിമറക്കുകയും,

“ഒരു കിലോ.. കുരു കളഞ്ഞ ഈന്തപ്പഴവും, വാട്ടിയ 6 കോഴിമുട്ടയും അര ലിറ്റർ മട്ടൺ സൂപ്പും ഉടൻ അന്തപുരത്തിലേക്ക് കൊടുത്തുവിട്!“ എന്ന് ഉത്തരവിടുകയും ചെയ്തു.

യാത്രാമദ്ധ്യേ കാശിരാജാവിന്റെ മൂത്തമകളായ അംബ, ‘താനും സാല്വ രാജാവും തമ്മിൽ റെക്കോഡിക്കലി മാര്യേഡ് അല്ലായിരുന്നു എന്നേയുള്ളൂ...‘ എന്നറിയിക്കുകയും ഭീഷമർ, ‘എന്നാൽ പെട്ടെന്ന് പോയി അങ്ങട് റെക്കോഡിക്കലും ആയിക്കോളൂ‘ എന്ന് പറഞ്ഞ് അംബയെ പറഞ്ഞയക്കുകയും ചെയ്തു.

7 comments:

 1. അമ്മ, അമ്മൂമ്മ, അമ്മായിയമ്മ....

  എന്നു വിളിച്ചു പറ്ഞ്ഞുകൊണ്ട് സിനിമാക്കൊട്ടകേലെ പരസ്യവണ്ടി(കാളവണ്ടി)യ്ക്കു പിന്നാലെ ഓടിയത് ഓർമ്മ വന്നു!
  അന്ന് ഒരു സിനിമ ഉണ്ടായിരുന്നു...
  അംബ അംബിക അംബാലിക....!

  ReplyDelete
 2. “ഒരു കിലോ.. കുരു കളഞ്ഞ ഈന്തപ്പഴവും, വാട്ടിയ 6 കോഴിമുട്ടയും അര ലിറ്റർ മട്ടൺ സൂപ്പും ഉടൻ അന്തപുരത്തിലേക്ക് കൊടുത്തുവിട്!“

  ഇപ്പോഴാണെങ്കിൽ പത്തുലോഡ് മുസ്‌ലി പവർ എക്സ്ട്രാ കൊടുത്തുവിടാൻ പറഞ്ഞേനെ!

  ReplyDelete
 3. വിശാലേട്ടാ, ഒരു 6 മുട്ട ഞാന്‍ കൂടി വാട്ടി വെക്കട്ടെ ചുമ്മാ

  ReplyDelete
 4. നന്നാവുന്നുണ്ട് വിശാല്‍ജി! .
  കഥ യുടെ ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു .

  ReplyDelete
 5. ക്ഷണക്കത്ത്‌ അയച്ചുതന്നതിന്‌ നന്ദി വിശാല്‍ജീ...  "ഇരുപത്തിനാല് മണിക്കൂറും സുഖഭോഗങ്ങളിൽ മുഴുകി കൂരച്ച നെഞ്ചും കുഴിഞ്ഞ കണ്ണുകളുമായി കഴിഞ്ഞിരുന്ന വിചിത്രവീര്യനെ" അത്‌ കലക്കി... ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട കക്ഷിയുടെ ശുഷ്ക്കാന്തി മനസ്സിലാവാന്‍... അപ്പോള്‍ വിചിത്രവീര്യന്‍ വീരന്‍ തന്നെയായിരുന്നു അല്ലേ ഇക്കാര്യത്തില്‍?

  ReplyDelete
 6. bharathaparyadanam namukkere ishtolla krithiyanu...ithu athrakkangottu varanilyachalum komalitharathil mechanutto
  mothathil namukkishtayi,ennalum oru climax chumma ittukodukkarunnu ennoru manasthapam
  ennooch moshayinnalla tto !
  nannayi,gambhirayi ,evideyo kettumaranna oru style ,basheer,chay,vkn
  .............ormmakittanilyalo
  hum enteperu athirvarampukaran ,ippo peru mathreyullu,engane kazhinjirunna orkuttera ippo thanich, vallappozhum,chumma visitiyalum
  malayalathilum englishilum kampondennu koottikkolu ippo palarum vayichengilum followers kuravane enthenkilum vallappozhum ayakkuka allengil thanenne koode koottiyalum mathi njan kantupadicholam enthey
  ishtalya nnu vayko 18 vayasilyachalum njanum oru kunju bloggeralle than koodiyal namukkoru vedivattamndakkam enthey! ith entha malayalathilu varathenna nomippo aloyikkane chilappo namukki kampam sharikkangattu manassilayittundavilla alle...............

  ReplyDelete
 7. “ഇതെന്നാ ഇടപാടാ അച്ചായോ?” എന്ന് ചോദിച്ച് ഭീഷമരെ എതിർത്തുവെങ്കിലും, ഒറ്റ രാത്രികൊണ്ട് ബോംബെയിലെ ഒരു ചേരി വരെ ഒഴിപ്പിച്ച ചരിത്രമുള്ള ഭീഷ്മർക്ക് അവരെ തോൽ‌പ്പിക്കുക എന്നത് കരന്റ് ബാറ്റ് കൊണ്ട് കൊതുകിനെ കൊല്ലുന്ന പോലെ സിമ്പിളായിരുന്നു. :):):)

  ReplyDelete