Tuesday, June 8, 2010

വിചിത്രവീര്യമഹാരാജാവിന്റെ ഇരട്ടവിവാഹം

രാജകൊട്ടാ‍രത്തിലേക്കുള്ള വീതികൂടിയ ഒരു റോഡ്.

പാതയോരങ്ങളിൽ ചുറ്റിനും സ്കുൾ വിട്ട് പോകുന്ന കുട്ടികൾ, റ്റീച്ചർമ്മാർ, മിസലേനിയസ് കാലനടക്കാർ, നാലു മണി കഴിഞ്ഞിരിക്കുന്നു!

വാനപ്രസ്ഥത്തിനൊരുങ്ങുന്ന സൂര്യൻ ആകാശത്ത് ഓറഞ്ച് കളർ സ്പ്രേ പെയിന്റടി തുടങ്ങാൻ ബോട്ടിലെടുത്ത് കുലുക്കി ‘കിണി..കിണി’ ശബ്ദമുണ്ടാക്കുന്നു.

അശ്വാരൂഢന്മാരായ പടയാളികളുടെ എസ്കോർട്ടോടെ, നാല് കുതിരകളെ പൂട്ടിയ ഒരു രഥം ചെമ്മൺ പാതയെ തരിപ്പിച്ചുകൊണ്ട് അതിവേഗം മുൻപോട്ട് നീങ്ങുന്നു. കൂട്ടത്തിൽ മുതിർന്ന ഉരുളൻ കല്ലുകൾ സൈഡിലേക്ക് തെറിച്ചുമാറുകയും ചെറുകിട സൈസുകൾ തിരിച്ച് ഭൂമിയിലേക്ക് അമരുകയും ചെയ്തു.

കുളമ്പടികളും കുതിരയുടെ ‘ങ്യാഹ്ഹഹ’ എന്നൊരു കരച്ചിലും അന്തരീക്ഷത്തിന് സീരിയസ്സ് ഛായയേകി.

ഒറ്റക്കും തെറ്റക്കും പാതയോരത്തിനരികെ ചില പ്രജകൾ ഭീഷ്മരെ കാണുമ്പോൾ കൈകൂപ്പി തൊഴുത്,

“മഹാനായ ഭീഷ്മർ നീണാൽ വാഴട്ടേ... സർവ്വേശ്വരൻ ഭീഷ്മർക്ക് എന്നും ഈ കണ്ട്രോൾ നൽകട്ടേ...“ എന്ന് മുദ്രാവാക്യം വിളിക്കുന്നു.

അത് കേട്ട് ഭീഷ്മർ, ‘ഒക്കെ നമ്മുടെ പിള്ളാരാ’ എന്ന ഭാവേനെ അംബിക അംബാലികമാരെ നോക്കി പുഞ്ചിരിക്കുന്നു.

ഭീഷ്മർ പക്കാ സീരിയസ്സ് റ്റൈപ്പല്ല എന്ന് മനസ്സിലാക്കിയ അംബിക, വിചിത്രവീര്യനെക്കുറിച്ച് ഇങ്ങിനെ ചോദിച്ചു.

‘ഞങ്ങളെ വരിക്കാൻ പോകുന്ന രാജാവ് കാണാൻ എങ്ങിനെ? സ്വഭാവം? ബോഡിഷേപ്പ് എങ്ങിനെ? ഞങ്ങൾ രണ്ട് സൈഡിലും നിൽക്കുമ്പോൾ രണ്ടു ജർമ്മൻ ഫോർവേഡുകളുടെ നടുക്ക് നിൽക്കുന്ന സെനഗലിന്റെ ഗോളിയെ പോലെയാവുമോ??‘

അതുകേട്ട് ഭീഷ്മർ ഗൂഢമായി ചിരിച്ചുകൊണ്ടിങ്ങനെ പറഞ്ഞു.

“സീ... ഏതൊരു ഭാര്യയുടേം ഏറ്റവും വലിയ ഭാഗ്യം എന്നുള്ളത്, പ്രണയം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നതാണ്. ആ കേസിലൊരു പരാതി നിങ്ങൾ പറയില്ല എന്നെനിക്ക് 100% ഉറപ്പുണ്ട്. അയ്യോ... ഇനി കുറച്ച് നേരം റെസ്റ്റ് എടുത്തിട്ട് പ്രണയിക്ക്യേ....എന്നാ നിങ്ങൾ പറയാൻ പോകുന്നത്. അത് പോരേ? ഗ്ലാമറിലും ബോഡി ഷേയ്പ്പിലും എന്തിരിക്കുന്നൂ?“

ഭീഷ്മരുടെ ആ വാക്കുകൾ കേട്ട് പ്രേമപരവശയായ ആ സഹോദരിമാർ, നാണത്താൽ താഴോട്ട് നോക്കി പുഞ്ചിരി തൂകി നിന്നു.

കൊട്ടാരത്തിന്റെ ഗേയ്റ്റിൽ രഥമെത്തുന്നു.

അംബയേം അംബികയേം അംബാലികയേം പ്രതീക്ഷിച്ച് നിന്ന വിചിത്രവീര്യൻ ഗേയ്റ്റിനരികിലേക്ക് ഓടി വരുന്നു. വിളക്കും നിറയും കൊണ്ട് വരുന്ന അമ്മ സത്യവതിക്കും പരിവാരങ്ങൾക്കും മുൻപേ...

മൂന്ന് പേരെ പ്രതീക്ഷിച്ചിടത്ത് രണ്ടാളെ കണ്ടതുകൊണ്ട് വിചിത്രവീര്യന്റെ മുഖത്ത് ഉദിച്ചുപൊന്തിയ ഗൌരവം മനസ്സിലാക്കിയ ഭീഷ്മർ പറഞ്ഞു:

‘അനിയാ.. അംബ രാ‍ജകുമാരിക്ക് വേറെ ഒരു ലൈനുണ്ട്. സ്നേഹിക്കുന്ന ഹൃദയങ്ങളെ പിരിക്കുന്നത് കൊടും പാപമാണ്. അതുകൊണ്ട് ഞാൻ വഴിയിൽ വച്ച് അംബയെ തിരിച്ചയച്ചു!‘

ഭീഷ്മരുടെ അഭിപ്രായം അംഗീകരിച്ചുകൊണ്ട്, “ അതേതായാലും നന്നായി. എനിക്കും മൂന്ന് പേരെ ഒരേ സമയം കല്യാണം കഴിക്കുന്നതിനോട് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. അതിന് ടെക്നിക്കലി ചില പ്രോബ്ലംസ് ഉണ്ടല്ലോ!“ എന്ന് പറഞ്ഞ് രാജകുമാരിമാരുടെ കൈകലിൽ പിടിച്ച് വിചിത്രവീര്യൻ കൊട്ടാരത്തിലേക്ക് നടന്നു.

എങ്ങും ആഹ്ലാദം. വിചിത്രവീര്യ മഹാരാജാവിന്റെ മധുവിധു ആഘോഷങ്ങൾക്കായി കൊട്ടാരമൊരുങ്ങി. രണ്ടാം നിലയിലെ മാസ്റ്റർ ബെഡ് റൂമുകളും!

18 comments:

 1. "സര്‍വ്വേശ്വരന്‍ ഭീഷ്മര്‍ക്ക് എന്നും ഈ കണ്ട്രോള്‍ നല്‍കട്ടേ" - ഹോ...ചിരിച്ചു ചിരിച്ചു അടപ് ഉരി !!!!!

  ReplyDelete
 2. ദാ. ഇതാണ്‌ പോസ്റ്റ്‌!!! ഇതാണ്‌ ഞങ്ങള്‍ക്കു വേണ്ട ബെയ്സ്‌ലൈന്‍ :)

  ReplyDelete
 3. വിശാൽജീ കലക്കി

  ReplyDelete
 4. "..രണ്ടു തെങ്ങിന്റെ ഇടയിൽ അടക്കാമരം നിൽക്കുമ്പോലെയാവുമോ??‘.."

  :))))

  ReplyDelete
 5. അശ്വാരൂഢന്മാരായ പടയാളികളുടെ എസ്കോർട്ടോടെ, നാല് കുതിരകളെ പൂട്ടിയ ഒരു രഥം ചെമ്മൺ പാതയെ തരിപ്പിച്ചുകൊണ്ട് അതിവേഗം മുൻപോട്ട് നീങ്ങുന്നു. കൂട്ടത്തിൽ മുതിർന്ന ഉരുളൻ കല്ലുകൾ സൈഡിലേക്ക് തെറിച്ചുമാറുകയും ചെറുകിട സൈസുകൾ തിരിച്ച് ഭൂമിയിലേക്ക് അമരുകയും ചെയ്തു.

  വായിച്ചപ്പോൾ കോട്ടയം പുഷ്പനാഥും മുകുന്ദനും വേളൂർകൃഷ്ണൻ‌കുട്ടിയും ചേർന്നെഴുതിയതാണോ എന്നു തോന്നി!:)

  ചിരിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും...(പ്രൊഫൈൽ പടം കണ്ടില്ലേ?)
  :))

  ReplyDelete
 6. ആ ജെര്‍മന്‍ ഫോര്‍വേഡുകള്‍ക്കു മുന്നിലെ സെനഗള്‍ ഗോളി! അപ്പ,.യെന്തൊരുപമ :)

  പിനെ, മൂന്നുപേരു വന്നാല്ല് മൂ മൂ മൂന്നാറില്‍ പോവേണ്ടിവരും എന്നാണോ അങ്ങേരുദ്ദേശിച്ചേ/

  ReplyDelete
 7. രണ്ട് സൈഡിലും നിൽക്കുമ്പോൾ രണ്ടു ജർമ്മൻ ഫോർവേഡുകളുടെ നടുക്ക് നിൽക്കുന്ന സെനഗലിന്റെ ഗോളി..
  :):):):)

  ReplyDelete
 8. പോസ്റ്റുകള്‍ വേഗം വേഗം വരട്ടേ.........കഥ മറന്നു പോകുന്നു........

  ReplyDelete
 9. മഗാബാരതം ഇമ്മടെ ആ നായര് സാറ് എഴുതി തരക്കേടില്ലാത്ത പേരെടുത്തു.
  ഇനീപ്പൊ വിശാല്‍ജി 'മൂന്നാമമൂഴം' സിനിമ പിടിക്യാന്‍ ഉള്ള പരിപാടി ആണോ ?
  നന്നായി; കൊടകരപുരാണത്തില് സീരിയല്, ഇവടെ സില്‍മാ.....
  "കുതിരയുടെ ‘ങ്യാഹ്ഹഹ’ എന്നൊരു കരച്ചിലും ..."
  കുതിരേടെ റോള്‍ ആ മണിക്ക് തന്നെ...

  കാത്തിരിക്കുന്നു.

  ReplyDelete
 10. വിശാല്‍ജി ... സംഭവം കലക്കുന്നുട് ... സ്ഥിരം വായനക്കാരന്‍ ആണ് ... പക്ഷെ കമന്റ്‌ ഇടാന്‍ സ്ഥലം കിട്ടാറില്ല .... :) എന്ടിര് ആയാലും സംഭവം ഉഷാര്‍ തന്നെ കേട്ടോ

  ReplyDelete
 11. ആ സ്പ്രേ പൈന്റിങ്ങും കിണി കിണീം...ഹൊ അതൊരൊന്നൊന്നര എഴുത്തായിപൊയ്...!

  ReplyDelete
 12. ബെഡ് റൂമുകൾക്കൊപ്പം കട്ടിലും നല്ലമെത്തകളും കുലുങ്ങട്ടെ…….
  ഒപ്പം നമുക്കൊക്കെ കുലുങ്ങിചിരിക്കാം……..

  ReplyDelete
 13. ഭായി ഇനിതൊക്കെ വായ്ച്ചിട്ട് ...
  ഞാനൊന്നും പറയിണില്ലാ...

  ReplyDelete