Tuesday, September 21, 2010

വീണ്ടും ചില രാജകീയ വിവാഹങ്ങള്‍

ധൃതരാഷ്ട്രരും പാണ്ഢുവും വിദുരരും ജനിച്ചത് വല്യ ഗ്യാപ്പില്ലാതായിരുന്നതിനാല്‍ ഏറെക്കുറെ ഒരേസമയത്ത് തന്നെ അവര്‍ക്ക് പ്രായപൂര്‍ത്തിയായി.

ധൃതരാഷ്ട്രര്‍ ജന്മനാ അന്ധനായിരുന്നതിനാല്‍ ഭീഷ്മര്‍ പാണ്ഢുവിനെ രാജാവാക്കുകയും ഭീഷ്മരുടെ ഐഡികള്‍ക്കനുസരിച്ച് രാജ്യം ഭരിപ്പിക്കുകയും ചെയ്തു.

ധൃതരാഷ്ട്രര്‍, ഗാന്ധാര രാജാവിന്റെ പുത്രിയും മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് കന്നട എന്നീ മൂന്ന് ഭാഷകളും എഴുതാനും വായിക്കാനും അറിയുന്നവളും സദ്ഗുണസമ്പന്നയുമായ ഗാന്ധാരിയെ വിവാഹം ചെയ്തു.

‘കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറേ?’ എന്ന നിലപാടില്‍ നിന്ന ധൃതരാഷ്ട്രരോട്, ‘ഇല്ല, അങ്ങേക്കില്ലാത്ത സൌഭാഗ്യങ്ങളൊന്നും എനിക്കും വേണ്ട‘ എന്ന് പറഞ്ഞ് തന്റെ കണ്ണുകള്‍ മൂടിക്കെട്ടി കാഴ്ചശക്തി ഉപേക്ഷിച്ച ഗാന്ധാരി, തന്റെ ഭര്‍ത്താവിന് എന്തെങ്കിലും കുറവുണ്ടെങ്കില്‍, ‘അത് നിങ്ങളുടെ വിധിയെന്ന് കരുതി സമാധിക്കൂ!’ എന്ന് പറയുന്ന ഭാര്യമാരുടെ ഇടയില്‍ എന്നും ഒരു പ്രഹേളികയായി നിലകൊണ്ടു.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയായിരുന്നു പൃഥ. പൃഥയുടെ അമ്മായിയെ കല്യാണം കഴിച്ചിരുന്ന കുന്തീഭോജന്‍ മക്കളില്ലാതെ വിഷമിച്ച് കഴിയവേ പൃഥയെ ദത്തെടുത്ത് വളര്‍ത്തുകയുണ്ടായി.

കുന്തീഭോജന്റെ വളര്‍ത്തുമകളായതിനാല്‍ പൃഥയെന്ന പേരിനേക്കാള്‍ പ്രശസ്തമായത് കുന്തി K.B. എന്ന പേരായിരുന്നു. ഈ സത്ഗുണങ്ങളില്‍ ഗാന്ധാരിയോളം വരുന്ന മിസ്. കുന്തി K.B. പില്‍ക്കാലത്ത് പാണ്ഢുരാജാവിന്റെ ധര്‍മ്മ പത്നിയാവുകയും പേര്‍ മിസ്സിസ്സ് പാണ്ഢു എന്നാകുകയും ചെയ്തു.

പ്രസവിച്ചപ്പോള്‍ ആള്‍ കുറച്ച് വീക്കായിരുന്നെങ്കിലും പ്രായപൂര്‍ത്തിയപ്പോള്‍ നല്ല അത്‌ലറ്റിക് ബോഡിയും എനര്‍ജ്ജെറ്റിക്കുമായിരുന്ന പാണ്ഢുമഹാരാജാവിന് ‘ഇവന് ഹ്മ്..ഒരു ഭാര്യ പോരാണ്ട് വരും!’ എന്ന് മനസ്സിലാക്കിയ, ദീര്‍ഘവീക്ഷണമുള്ള ഭീഷ്മപിതാമഹന്‍, കുന്തിയെ കൂടാതെ പാണ്ഢുമഹാരാജാവിനെ കൊണ്ട് ഒരു വിവാഹം കൂടെ കഴിപ്പിച്ചു. മാദ്ര രാജാവായ ശല്യരുടെ സഹോദരി മാദ്രിയുമായി.

ഇന്റര്‍കാസ്റ്റ് ബ്രീഡായിരുന്ന വിദുരര്‍ക്ക് അതേ പോലുള്ള ഒരു ബന്ധം അന്വേഷിച്ച ഭീഷ്മപിതാമഹന്‍ ദേവകന്‍ എന്ന ബ്രാഹ്മണന് ഒരു ശൂദ്രസ്ത്രീയില്‍ ഒരു പെണ്‍കുഞ്ഞുണ്ട് എന്ന്‍ കൊട്ടാരം ബ്രോക്കര്‍ വഴി അറിഞ്ഞതിന്‍ പ്രകാരം അവിടേക്ക് ചെന്ന് അവരെ പ്രപോസ് ചെയ്യുകയും ആ പുത്രിയെ കൊണ്ട് വിദുരരേയും കെട്ടിക്കുകയും ചെയ്തു.

രാജകൊട്ടാരത്തിന്റെ മാസ്റ്റര്‍ ബെഡ് റൂമുകളിലെയും അറ്റാച്ച്ഡ് ബാത്ത് റൂമുകളിലേം വിളക്കുകള്‍ പിന്നീട് പല പല രാത്രികളിലും രണ്ടും മൂന്നും തവണ ഓണാവുകയും ഓഫുകയും ചെയ്തു.

കൊട്ടാരത്തില്‍ നിന്നും കോഴിമുട്ടക്കും ആട്ടിന്‍ പാലിനും മുരിങ്ങക്കായയും ഹോള്‍സെയിലായി ഓര്‍ഡര്‍ പോയി. കൊട്ടാരത്തിലെ കുക്കിങ്ങ് & മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റിലുള്ളവര്‍ തമ്മില്‍ തമ്മില്‍... ‘രുക്കുമണീ.. രുക്കുമണീ.. എന്തിറ്റണ്ടീ അവടെ ശബ്ദം!’ എന്ന് അടക്കിപ്പിടിച്ച് പാടി.

കൊട്ടാരത്തിനകത്തെ ഓരോ ഇടനാഴിയിലും റൊമാന്റിക്ക് അന്തരീക്ഷം വന്നുനിറഞ്ഞു. പാണ്ഢു- കുന്തീ-മാദ്രീ പ്രണയം കണ്ട് ആവശം മൂത്ത, പരസ്പരം ചേരാതെ മടിച്ചുനിന്ന ഒരുപാട് ഓക്സിജനുകളും ഹൈഡ്രജനുകളും ഒന്നുക്ക് രണ്ട് എന്ന് വച്ച് ചേര്‍ന്ന്, പാണ്ഢുവിന്റേയും പത്നിമാരുടേയും ശരീരത്തില്‍ നിന്ന് പൊടിഞ്ഞ്, ഇറ്റാലിയന്‍ വെണ്ണക്കല്ല് പതിച്ച ഫ്ലോറില്‍ ജലമായി ഇറ്റിറ്റു വീണു!

യഥാവിധി കര്‍ത്താവിനുള്ളത് കര്‍ത്താവിനും സീസര്‍ക്കുള്ളത് സീസര്‍ക്കും കൊടുത്ത് പാണ്ഢു, രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിച്ച്, കുരുവംശത്തിന്റെ പ്രശസ്തിയും നിലയും വിലയും പ്രതാപവും വര്‍ദ്ധിപ്പിച്ച്, സാമ്പത്തിക മാന്ദ്യം വരും മുന്‍പേയുള്ള അമേരിക്കയെ പോലെ, കുരുവംശം എന്ന് കേട്ടാല്‍ ജനങ്ങളുടെയിടയില്‍ മൊത്തത്തില്‍ ‘ഓഹ്! എന്നാ സെറ്റപ്പാ.. അച്ചായോ!’ എന്ന അഭിപ്രായം നേടിയെടുത്തു.