Thursday, July 9, 2009

1. വേദവ്യാസന്‍ ജനിക്കുന്നു

യമുനാ നദിയില്‍ കടത്ത് വഞ്ചി തുഴഞ്ഞിരുന്ന സുന്ദരിയായ ഒരു മുക്കുവ കന്യകയായായിരുന്നു സത്യവതി. അംഗലാവണ്യം കൊണ്ടും കുലീനമായ പെരുമാറ്റം കൊണ്ടും നല്ല ഡ്രസ്സ് സെന്‍സുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഒരു യുവതി.

3800 കൊല്ലങ്ങള്‍ക്കുമുന്‍പൊരു തിങ്കളാഴ്ച.

മേഘക്കുഞ്ഞുങ്ങള്‍‍ ആകാശത്ത് അമ്പസ്താനി കളിക്കുന്നതും നോക്കി സൂര്യഭഗവാന്‍ ഒരു റഫറിയെപ്പോലെ രസിച്ചു നില്‍ക്കുന്നു. രാവിലെ ഒരു എട്ടെട്ടരയായിക്കാണും. താടിയും മുടിയും നീട്ടി വളര്‍ത്തി അതിപ്രകാശിതമുഖപ്രസാദമുള്ള ഒരു മഹര്‍ഷിവര്യന്‍ യമുനാ നദി കടക്കുവാനെത്തി.

"പരാശരമുനി!"

സത്യവതിക്ക് മുനിയെ തിരിച്ചറിയാന്‍ പ്രയാസം വന്നില്ല. വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാഗമായ വസിഷ്ഠമഹര്‍ഷിയുടെ പുത്രനായ പരാശരമുനിയെ ആര്‍ക്കാണറിയാത്തത്?

പൌരുഷത്തിന്റെ ആള്‍ രൂപമായ, വിരിഞ്ഞ നെഞ്ചും ഉറച്ചമസിലുകളും നാഗത്തലയിട്ട കാഫ് മസിലുമൊക്കെയുള്ള, ഏറെക്കുറെ തെങ്ങകയറ്റക്കാരുടെ പോലുള്ള ബോഡി ഷേയ്പ്പുള്ള മുനിയെക്കുറിച്ച് കേള്‍ക്കാത്തവരാരുമില്ലായിരുന്നു.

സുന്ദരിയായ സത്യവതിയുടെ കുലീനമായ പെരുമാറ്റവും ഹോസ്പിറ്റാലിറ്റിയും കണ്ടപ്പോള്‍, മഹര്‍ഷിക്ക് വല്ലാത്ത ഒരു അട്രാക്ഷന്‍ തോന്നുകയും വളരെ സ്ട്രൈറ്റ് ഫോര്‍വേഡായിരുന്ന മുനി ഉടന്‍ തന്നെ വളച്ചുകെട്ടില്ലാതെ തന്റെ ആ ഇംഗിതം സത്യവതിയെ അറിയിക്കുകയും ചെയ്തു.

സംഗതി ലുക്കും മഹിമയുമൊക്കെയുണ്ടെങ്കിലും, അവിഹിതം എന്നും അവിഹിതമാണല്ലോ! മഹര്‍ഷിയുടെ അഭീഷ്ഠം പോലെയൊക്കെ നടന്നാല്‍ തന്റെ കന്യകാത്വം നശിച്ച് താനൊരു സെക്കന്‍ഹാന്റായി പോകുമെന്ന നീതി ഭീതിയാല്‍ മഹര്‍ഷിയുടെ ആ ആവശ്യം സത്യവതിക്ക് തികച്ചും അനാവശ്യമായി തോന്നി.

“മഹര്‍ഷേ... ദയവുചെയ്ത്, വയലന്റായി എന്നെ ശപിക്കാന്‍ നില്‍ക്കരുത്. ഭാരത സ്ത്രീക്ക് കന്യാകാത്വം എത്രമാത്രം ഇമ്പോര്‍ട്ടന്റാണ് എന്ന് അങ്ങേക്കറിയാമല്ലോ? പവിത്രമായി ഞാന്‍ സൂക്ഷിക്കുന്ന എന്റെ കന്യകാത്വം എനിക്കെന്റെ ജീവനെക്കാള്‍ പ്രധാനപ്പെട്ടതാകുന്നു. അത് കളഞ്ഞിട്ടൊരു കളിക്കും ഞാനില്ല. സോറി!“

എന്ന് വിനയപൂര്‍വ്വം അറിയിക്കുകയും ചെയ്തു.

അത് കേട്ട് പരാശരമുനി.

‘കന്യകേ, നിന്റെ വ്യക്തിത്വം എന്നെ കൂടുതല്‍ നിന്നോടടുപ്പിക്കുന്നു. പിന്നെ, കന്യകാത്വത്തെ ഓര്‍ത്ത് ഭയപ്പെടേണ്ട! അത് നശിക്കാതിരിക്കാനുള്ള സെറ്റപ്പ് ഞാന്‍ ചെയ്തോളാം. സിമ്പിള്‍. ഒരു വരം കൊണ്ട് പരിഹരിക്കാവുന്ന കേസേ ഉള്ളൂ!‘ എന്ന് സത്യവതിയോടായി പറഞ്ഞു.

‘ആരെങ്കിലും കണ്ടാല്‍...’ സത്യവതി ഒരു നിമിഷം തനി പെണ്ണായി പരാശരമുനിയെ നോക്കി പടപടാന്ന് കണ്ണുകളടച്ചു!

പരാശരമുനി വഞ്ചിയുടെ പടിയില്‍ നിന്നെണീറ്റ്, കമണ്ഠലുവില്‍ നിന്ന് ഒരു കുമ്പിള്‍ വെള്ളമെടുത്ത് ആകാശത്തേക്ക് നോക്കി ആജ്ഞാപിച്ചു.

“ഇവിടം കമ്പ്ലീറ്റ് ഫോഗ് വന്ന് നിറയട്ടേ!!”

ഉടന്‍ അവിടം കൊടൈക്കനാലില്‍ രാവിലെ 4 മണിക്ക് ചെന്ന് നിന്ന പോലെയായി!

‘ആരും കാണേമില്ല, കന്യകാത്വം പോവേമില്ല... നോ റിസ്ക് അറ്റോള്‍!‘ നമ്രമുഖിയായ സത്യവതി മഹര്‍ഷിയെ നോക്കി, “എന്നാ പിന്നെ ഡബിള്‍ ഓക്കെ“ എന്ന് പറഞ്ഞു.

മത്സ്യത്തിന്റെ ഗന്ധമുണ്ടായിരുന്ന സത്യവതിയുടേ ശരീരത്തില്‍ നിന്നും അപ്പോള്‍ മുതല്‍ കസ്തൂരി യുടെ ഗന്ധമുയര്‍ന്നു. അവര്‍ കൂടുതല്‍ റൊമാന്റിക്കായി.

‘ചാന്ദ് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്.....ഹ്..ഹ്.. ‘

ആദ്യസമാഗമത്തില്‍ തന്നെ ഗര്‍ഭിണിയായ സത്യവതി, മുനിയുടെ തപോബലം കൊണ്ട് നിമിഷങ്ങള്‍ക്കകം ഒരു 3.900 ഭാരമുള്ള പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചു!

പിറന്നയുടനേ പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി കുട്ടി ചാടിയെണീറ്റ് കൈയും കാലും ഒന്ന് കുടഞ്ഞ് വളര്‍ന്ന് ഒരു യുവാവായി മാറുകയും ചെയ്തു.

(എല്ലാം എന്തൊരു പെട്ടെന്നായിരുന്നു! ഇപ്പോഴും ഇക്കണക്കിനാണ് കാര്യങ്ങളെങ്കില്‍‍... ചിലവന്മാര്‍ക്ക് മിനിമം ഒരു 25,000 കുട്ടികളെങ്കിലുമുണ്ടായേനെ...ഭാഗ്യം!)

യമുനാ നദിയുടെ മദ്ധ്യത്തിലുള്ള ദ്വീപില്‍ വച്ച് ജനിക്കയാല്‍ ആ കുട്ടിക്ക് അവര്‍ ‘ദ്വൈപായനന്‍’ എന്ന നാമകരണം ചെയ്തു.

സംസാരം കുറവും പ്രവര്‍ത്തി കൂടുതലുമായിരുന്ന മികവില്‍ മികച്ചവനായ ദ്വൈപാ‍യനന്‍, അതുമിതും പറഞ്ഞ് സമയം കളയാതെ, ആത്മപ്രശംസയുടെ പൊതിക്കെട്ടഴിക്കാതെ,

‘അമ്മക്ക് എപ്പോള്‍ എന്നെ കാണണം എന്ന് തോന്നിയാലും ഈ ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ മതി ഉടന്‍ ഞാനെത്തിക്കോളാം എന്ന് പറഞ്ഞ്, (എന്നെയൊന്ന് മനസ്സില്‍ ആലോചിച്ചാല്‍ മാത്രം മതി എന്ന്), ‘

മാതാവായ സത്യവതിയുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിച്ച്, വന്ദിച്ച്, തപസനുഷ്ഠിക്കാന്‍ പുറപ്പെട്ടു.

സത്യവതിയുടെ നിറമായ ഡാര്‍ക്ക് കളറാണ് ദ്വൈപായനനും കിട്ടിയത് എന്നതിനാല്‍, കൃഷ്ണ ദ്വൈപായനന്‍ എന്ന പേരും വിളിച്ചുപോന്നു.

ഇദ്ദേഹമാണ്, വേദങ്ങളെ നാലായി പകുത്ത, ശ്രീ മഹാഭാരതം രചിച്ച, മഹാനായ, അതിപ്രശസ്തനായ, ദി‍ വണ്‍ ഏന്‍ ഓണ്‍ലി.. വേദവ്യാസന്‍!!

ഓടോ: പരാശരമുനിയെ പ്രാപിച്ച് ഗര്‍ഭിണിയും മാതാവുമായ സത്യവതി പരാശരമുനിയുടെ വരസിദ്ധികൊണ്ട് കസ്തൂരിഗന്ധിയായി തീരുന്നുവെന്ന് മാത്രമല്ല, കന്യകയായി തുടരുകയും ചെയ്തു.

Monday, July 6, 2009

0. മഹാഭാരത കഥകള്‍ - റീമിക്സ്

മനുഷ്യജീവിതത്തെ എല്ലാ വൈചിത്ര്യങ്ങളോടും വൈവിധ്യങ്ങളോടും കൂടി അവതരിപ്പിക്കുന്ന ഒരു ബൃഹത്കഥ എന്ന നിലയില്‍ മഹാഭാരതത്തിന് വിശ്വസാഹിത്യത്തില്‍ പ്രമുഖ സ്ഥാനമാണുള്ളത്.

ജാതി, മത ഭേദമന്യേ നമുക്കിടയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഈ കൃതിക്ക് ഒട്ടേറേ പുനരാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അവയുടെ വലിപ്പവും ആഖ്യാന രീതിയും പലരേയും, പ്രത്യേകിച്ച് സാധാരണക്കാരെ ഇതിന്റെ വായനയില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ട്.

മഹാഭാരതത്തിലെ ചില കഥകള്‍, പേരുകള്‍ എന്നിവ സംശയനിവാരണാര്‍ത്ഥം സുഹൃത്തുക്കളോട് ചോദിക്കേണ്ടി വന്നപ്പോള്‍ “അടുത്ത ശനിയാഴ്ച പറയാം“ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, എനിക്കറിയാവുന്ന മഹാഭാരത കഥ എന്റെ ഈ ഫ്രന്‍സിനോട് പറയുന്ന ഒരു ആറ്റിറ്റ്യൂഡിലാണ് എഴുതാന്‍ പോകുന്നത്.

ഒരു വലിയ സമൂഹം, നൂറ്റാണ്ടുകളായി പവിത്രമായി കരുതിപ്പോരുന്ന ഒരു പുരാണഗ്രന്ഥത്തിന്റെ പുനരാഖ്യാനമാണ് ഈ ‘ഞാന്‍‘ ഇവിടെ ചെയ്യാന്‍ പോകുന്നത് എന്നൊന്നും വെറുതേ പോലും കരുതരുത്. ഇതൊരു വെറും ടൈമ്പാസ് പരിപാടി, അത്രേ ഉള്ളൂ!

രണ്ടു വര്‍ഷം മുന്‍പാണ് ഇത് എഴുതി തുടങ്ങിയതെങ്കിലും ഇടക്ക് വച്ച് എഴുതാനുള്ള ഇന്ററസ്റ്റ് പോയതിനാല്‍ മുടങ്ങിപ്പോയി.

വീണ്ടും തുടങ്ങാനുള്ള പ്രചോദനം, ‘അംബ അംബിക അംബാലിക മാരെ പോലെ...‘ എന്ന് കഴിഞ്ഞ ദിവസം സാന്ദര്‍ഭികമായി പറഞ്ഞപ്പോള്‍, ‘അംബികക്ക് ഒരു സിസ്റ്ററല്ലേ ഉള്ളൂ, രാധ! ‘ എന്ന് വളരെ സീരിയസ്സായി എന്നോട് ചോദിച്ച എന്റെ കൊളീഗാണ്.

ഇതൊരു നേരമ്പോക്കായി എടുക്കാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട്,

വിനയപുരസരം,
വിശാലമനസ്കന്‍