Saturday, August 8, 2009

4. വീണ്ടും സത്യവതി

ഗംഗാദേവി പോയതിന് ശേഷം, ശന്തനുമഹാരാജാവിന്റെ ജീവിതം പി.ബി.യില്‍ നിന്ന് പുറത്താക്കിയ അച്ചുതാന്ദന്‍ സഖാവിന്റെ പോലെയായി മാറി. മൊത്തത്തില്‍ ഒരു താല്പര്യക്കുറവ്!ചര്യകളും ശീലങ്ങളും വരെ മാറിപ്പോയി.ബ്രഹ്മമുഹൂര്‍ത്തതിലുണര്‍ന്ന് വാട്ടിയ രണ്ട് കോഴിമുട്ടയും ഒരു ഡവറ ഡേറ്റ്സ് മില്‍ക്കും കുടിക്കാറുള്ളതാണ്. വെള്ളേപ്പത്തിനും മുട്ടക്കറിക്കും പുറമേ, മട്ടണും മുരിങ്ങക്കായയും കൊണ്ടുണ്ടാക്കിയ 36 വിഭവങ്ങളടങ്ങിയ ബുഫേയാണ് ബ്രേക്ക് ഫാസ്റ്റിന്.ഇപ്പോള്‍ ഒന്നും കഴിക്കില്ല. ചെമ്പാവരിയുടെ രണ്ടു കഷണം പുട്ട്. അല്ലെങ്കില്‍ മൂന്ന് ഇഡലി. ചിലപ്പോള്‍ നേന്ത്രപ്പഴം പുഴുങ്ങിയത് ഒരു കഷണം. മറ്റൊന്നിലും താല്പര്യമില്ല. ഉച്ചക്കും വൈകീട്ടും അതുപോലെ തന്നെ. പേരിന് എന്തെങ്കിലും.പരിചാരകര്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ മറുപടിയായി “എന്നിട്ടെന്തിനാ??” എന്ന ദൈന്യതയോടെയുള്ള ചോദ്യമാണ് മുഖത്ത്!മാര്‍ഗരറ്റ് ഉപേക്ഷിച്ച് പോയ മെര്‍മാനെപ്പോലെ, ജീവിതം ഡ്രൈ ആയി പൊയ്പോകെ ചതുരംഗം കളിച്ച് കളിച്ച് ബോറടിച്ച മഹാരാജാവ് യമുനാനദീതീരത്തുള്ള വനപ്രദേശത്ത് നായാട്ടിനായി പോയി.കൊട്ടാരം വക സൂവില്‍ നിന്ന് രാ‍ജകുടുംബാംഗങ്ങള്‍ക്ക് വേട്ടയാടി വിളയാടാന്‍ കൊണ്ടുവിട്ട കലമാന്‍ കുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതായി, നദിയില്‍ വെള്ളം കുടിക്കാന്‍ വരുന്നതും, കാനന ഛായയില്‍ കിടന്ന് അവ ചാടി കളിക്കുന്നതും ചൂളം വിളിക്കും പോലെയൊരു പ്രത്യേകതരം ശബ്ദമുണ്ടാക്കുന്നതുമെല്ലാം മന്ത്രി ശ്രേഷ്ഠന്‍ അമ്പ് പെരുന്നാളിന്റെ അന്ന് രാത്രി പറഞ്ഞിരുന്നു.രഥത്തിന്റെ വീല്‍ ബിയറിങ്ങില്‍ നിന്ന് കയ്യില്‍ പറ്റിയ ഗ്രീസ് സോപ്പിട്ട് കഴുകിക്കളയാന്‍ യമുനാ നദിയില്‍ കുനിഞ്ഞതായിരുന്നു മഹാരാജാവ്.പെട്ടെന്നാണത് ശ്രദ്ധിച്ചത്.കാറ്റില്‍ എവിടെ നിന്നോ കസ്തൂരി ഗന്ധം ഒഴുകിവരുന്നു.കസ്തൂരി ഗന്ധത്തിന്റെ ഉത്ഭവം അന്വേഷിച്ച് നടന്ന ശന്തനു മഹാരാജാവ്പൂനം ദാസ് ഗുപ്തയേ പോലെ ശാലീനത തുളുമ്പി നില്‍ക്കുന്ന ഒരു യുവതി, കടത്ത് വഞ്ചി തുഴഞ്ഞ് പോകുന്നത് ശ്രദ്ധിച്ചു.അത് സത്യവതിയായിരുന്നു.(അതേ, നമ്മുടെ പഴേ സത്യവതി. കസ്തൂരി ഗന്ധം വരം കിട്ടിയതാണല്ലോ!)തപോബലം കൊണ്ട് ഫുള്‍ കണ്ട്രോളില്‍ നടക്കുന്ന പരാശരമുനിക്ക് പോലും കണ്ട്രോള്‍ പോയി, പിന്നല്ലേ... ശാന്തനു!ശന്തനു മഹാരാജാവ് സത്യവതിയെ കൈ കൊട്ടി വിളിച്ച്, വഞ്ചി കരക്കടുപ്പിച്ച്, കാര്യം പറഞ്ഞു.സത്യവതി, ശന്തനുവിന്റെ കണ്ണുകളിലേക്ക് നോക്കി.ഒരു പുരുഷന്‍ തന്നെ സ്നേഹിക്കുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമൊക്കെ കേള്‍ക്കുന്നത്, എന്നും ഏത് പെണ്ണിനും കേള്‍ക്കാന്‍ സന്തോഷമുള്ള കാര്യമാണല്ലോ? പിന്നെ, പരാശരമുനിയുടെ ആഗ്രഹം പോലെ ആവശ്യം അലമ്പുമല്ല!സത്യവതി ശന്തനുവിനോട് കമ്പ്ലീറ്റ് വിനയവും പുറത്തെടുത്ത് പറഞ്ഞു:‘എനിക്ക് വിരോധമില്ല. പക്ഷെ, അതോണ്ടായില്ല. ദാശമുഖ്യനായ എന്റെ അച്ഛന്റെ സമ്മതം കൂടെ വാങ്ങിയാലേ വിവാഹം നടക്കുകയുള്ളൂ. അച്ഛന്റെ സമ്മതമില്ലാതെ ഒരു എടപാടിനും ഈ ഞാന്‍ നില്‍ക്കില്ല!’ശന്തനുമഹാരാജാവ് മുഖം ഒരു വശം കോട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു.

“ഗഡി ഇപ്പോള്‍ എവിടെയുണ്ട്?““വീട്ടിലുണ്ട്. കടു കുത്തി രണ്ടു ദിവസമായി റെസ്റ്റിലാണ്”ശന്തനുവും സത്യവതിയും ദാശമുഖ്യനെ തേടി വീട്ടിലേക്ക് നടന്നു

Sunday, July 12, 2009

3. ദേവവ്രതന്‍

ശന്തനുവിന്റെ ഭാര്യയാവാനുള്ള ഗംഗാദേവിയുടെ സമ്മതം ലഭിച്ചപ്പോള്‍,

'ദയവുചെയ്ത്‌ ജനിച്ചയുടനെ തന്നെ തങ്ങളെ നദിയിലെറിഞ്ഞ്‌ കൊന്ന് എളുപ്പം ശാപമോക്ഷം തരപ്പെടുത്തിത്തരണം’ എന്നും കൂടി അഷ്ടവസുക്കള്‍ ദേവിയോട് അപേക്ഷിക്കുകയും ദേവി രണ്ടുമിനിറ്റ്‌ ആലോചിച്ച്‌, ‘ഉം ഓക്കെ, ഓക്കെ ‘ എന്നരുളുകയും ചെയ്തു.

രാജ്യപരിപാലനവും ഫോര്‍വേഡ്‌ പ്ലാനിങ്ങും ലെഷ്യര്‍ ടൈമില്‍ അത്യാവശ്യം നായാട്ടുമായി വളരെ ശാന്തമായി ജീവിച്ചിരുന്ന ഹിസ്‌ ഹൈനസ്‌ ശന്തനു മഹാരാജന്‍ ഒരിക്കല്‍, ‘എന്നാലിന്ന്
കുറച്ച്‌ നായാടിക്കളയാം‘ എന്ന് കരുതി ഗംഗാതീരത്തിനടുത്തുള്ള അധികം അലമ്പില്ലാത്ത ഒരു വനപ്രദേശത്ത്‌ ചെന്നു.

നായാട്ടിന്റെ ആദ്യമണിക്കൂറില്‍ ഒരു മലാടിനെയും രണ്ടാം ഘട്ടത്തില്‍ ഒരു വെരുകിനെയും കിട്ടിയ രാജന്‍ ഒരു പേടമാനിനെ ഉന്നം വക്കുമ്പോളാണ്‌ എന്തോ അനക്കം പോലെ തോന്നി, പിറകിലോട്ട് നോക്കിയതും തന്റെ നേരെ പാഞ്ഞടുക്കുന്ന കാട്ടുപന്നിയെ കാണുന്നതും.

'യെന്റെ മാതാവേ.....!!' എന്നൊരു നിലവിളിയോടെ ശന്തനു മഹാരാജാവ്‌ ഓടി ഗംഗാനദിയിലേക്കെടുത്ത്‌ ചാടുകയായിരുന്നു.

അന്നും വെള്ളത്തിനടിയില്‍ അധികം നേരം ശ്വാസം പിടിച്ച്‌ കിടക്കാന്‍ അദ്ദേഹത്തിനായില്ല.

ജലോപരിതലത്തില്‍ മൂക്ക് വെളിയിലാക്കിപിടിച്ച്‌ വെള്ളം ചവിട്ടില്‍ നിന്ന് ‘പന്നി പോയോ?’ എന്ന് നോക്കിയ ശന്തനുവിന് തന്റെ കണ്ണുകള്‍ വിശ്വസിക്കാനായില്ല. നദിക്കരികില്‍ അതിസുന്ദരിയായ ഒരു യുവതി നില്‍ക്കുന്നു!

എന്നാല്‍ ഒന്ന് പരിചയപ്പെട്ടേക്കാം എന്ന് കരുതി ആ പെണ്ണഴകിക്ക് സമീപത്തേക്ക്‌ ചെന്ന മഹാരാജന്‍‍ ചോദിച്ചു.

'സിനിമാനടി പോലെയിരിക്കുന്ന ഭവതി ആരാണ്? ഭവതിയുടെ വീടും കുടിയുമെല്ലാം എവിടെയാണ്‌? '

'ഞാന്‍ ഗംഗ. തറവാട്‌ ഒരു പത്തഞ്ഞൂറ്‌ കിലോമീറ്റര്‍ വടക്കാണ്‌. വീട്ടുകാര്‍ എന്നുപറയാന്‍ ഇപ്പോള്‍ അവിടെയാരുമില്ല!'

അത്‌ കേട്ട ശന്തനു പറഞ്ഞു.

'ആണോ? വെരി നൈസ്‌. നോം‍ ശന്തനു മഹാരാജാവ്‌. ഒരു രാജ്യവും രണ്ടുമൂന്ന് കൊട്ടാരങ്ങളും പരിവാരങ്ങളുമെല്ലാമായി തരക്കേടില്ലാത്ത സെറ്റപ്പുണ്ട്‌'

അധികം വളച്ചുകെട്ടില്ലാതെ മഹാരാജന്‍ കാര്യത്തിലേക്ക് കടന്നു.

“ഭവതിക്ക്‌ ആശ്രയമില്ല എന്നൊരു പ്രോബ്ലമുണ്ടെങ്കില്‍‌... ബി ഫ്രാങ്ക്‌, എന്റെ ഭാര്യയാവാന്‍ വിരോധമില്ലെങ്കില്‍, എനിക്ക്‌ പ്രശ്നമൊന്നുമില്ല!“

ഇതു കേട്ട ഗംഗാദേവി, നനഞ്ഞീറനായി നില്‍ക്കുന്ന രാജാവിനെ അടിമുടി നോക്കികൊണ്ട്‌, ഒരു ചെറുപുഞ്ചിരിയോടെ പതുക്കെ തലയാട്ടി ഒന്ന് മൂളിക്കൊണ്ട്‌ പറഞ്ഞു.

'വിവാഹത്തിന്‌ എനിക്ക്‌ സമ്മതമാണ്‌. പക്ഷെ, ഒരു കണ്ടീഷന്‍‌. എന്റെ ആഗ്രഹങ്ങള്‍ക്ക്‌ എതിരു പറയുകയോ... എന്റെ പേഴ്സണല്‍ കാര്യങ്ങളില്‍ സ്പൈ വര്‍ക്ക്‌ ചെയ്യുകയോ ചെയ്താല്‍ ഞാന്‍ എന്റെ പാട്ടിന്‌ പോകും. നോ എക്സ്ക്യൂസ് നോ കോമ്പ്രമൈസ്. ഒരു സെന്റിമെന്റ്‌സും വര്‍ക്കൌട്ടാവില്ല!'

ശന്തനുവിന്‌ ആ ഡയലോഗ്‌ അത്രകണ്ട്‌ പിടിച്ചില്ലെങ്കിലും, ഗംഗാദേവിയുടെ ഗ്ലാമറില്‍ മതിമറന്നിരുന്ന ശന്തനു മഹാരാജാവ്‌ മനസ്സില്ലാമനസ്സോടെ വ്യവസ്ഥ അംഗീകരിക്കുകയും ഇരുവരും കൊട്ടാരത്തില്‍ പോയി ഭാര്യാഭര്‍ത്താക്കന്മാരായി വാസരം അല്ലെങ്കില്‍ പൊറുതി ആരംഭിക്കുകയും ജീവിതം തുടങ്ങുകയും ചെയ്തു.

അധികം താമസിയാതെ തന്നെ ഗംഗാദേവി പ്രഗ്നന്റായി. സ്വാഭാവികം. തുടര്‍ന്ന്, നല്ല തേജസ്സുള്ള ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു.

തന്റെ മകനെ കണ്ണുനിറയേ കാണാന്‍, ബേബി പൌഡറും കുട്ടിയുടുപ്പുമായി ഓടിവന്ന ശന്തനു കാണുന്നത്‌, കൊച്ചിനെ ഷോട്ടുപുട്ടെറിയും പോലെ ഗംഗാനദിയിലേക്കെറിയുന്ന ഗംഗാദേവിയെയായിരുന്നു.


ടേംസ്‌ ഏന്റ്‌ കണ്ടീഷനെക്കുറിച്ച്‌ നല്ല ഓര്‍മ്മയുണ്ടായിരുന്ന ശന്തനു കമാന്ന് ഒരു അക്ഷരം ഇതേപറ്റി ചോദിക്കുകയോ പറയുകയോ ചെയ്യാതെ ബാത്ത്രൂമില്‍ കയറി രണ്ടുമിനിറ്റ് കണ്ണുപൊത്തി കരഞ്ഞു, മൂഡ്‌ മാറ്റാന്‍ നേരെ നായിട്ടിന്‌ പോയി കണ്ണില്‍ കണ്ടതിനെയെല്ലാം അമ്പെയ്ത് വീഴ്ത്തി. പൂച്ചയേയും പട്ടിയേയും വരെ!

കാലം കടന്നു പോയി. 'പ്രഗ്നന്റാവലും പ്രസവിക്കലും കൊച്ചിനെ നദിയിലേക്ക്‌ എറിയലും' ഒരു ശീലമാക്കിയ ഗംഗാദേവി ഒന്നിനുപുറകെ ഒന്നായി 7 കുട്ടികളെ നദിയിലെറിഞ്ഞ്‌ കൊന്നു.

അങ്ങിനെ, എട്ടാമത്തെ കൊച്ചിനെയും നദിയിലെറിയാന്‍ പോകാന്‍ കയ്യിലെടുത്ത ഗംഗാദേവിയെ കണ്ട് ‌ ശന്തനുമഹാരാജാവിന്‌ ദേഷ്യവും സങ്കടവും സഹിക്കാന്‍ പറ്റാതാവുകയും, എട്ട്‌ പേറ്‌ കഴിഞ്ഞതല്ലേ ഇനി ഇവള്‍ അങ്ങ്‌ പോകുന്നെങ്കില്‍ പോട്ടേ എന്ന് മനസ്സില്‍ പറഞ്ഞ് ദേവിയെ തടഞ്ഞു കൊണ്ട് പറഞ്ഞു.

“മതി ഈ കൂരകൃത്യം. ക്ഷമിക്കാവുന്നതിന്‌ ഒരു അതിരൊക്കെയുണ്ട്‌. നല്ല അറബിക്ക്ടാങ്ങള്‍ടെ പോലുള്ള എന്റെ ഏഴു ക്ടാങ്ങളെ നീ നദിയിലെറിഞ്ഞു. ഈ കുഞ്ഞിനെ എനിക്ക്‌ വളര്‍ത്തണം. തരില്ല ഞാന്‍ ഇവനെ!!!!“

അത് കേട്ടവശം, ഗംഗാദേവി ശന്തനുമഹാരാജാവിനറിയാത്ത ‘ആ കഥ ഇതുവരെ‘ യുടെ പൊതിക്കെട്ടഴിച്ചു.

അങ്ങിനെ അഷ്ടവസുക്കളുടെ ശാപമോക്ഷത്തെപ്പറ്റിയും മറ്റും ഗംഗാദേവി ശന്തനു മഹാരാജാവിനോട്‌ പറയുകയും, ഈ കുഞ്ഞിനെ വളര്‍ത്തി പയ്യന്‍സ് മിടുക്കനാവുമ്പോള്‍ തിരികെ തന്നോളാമെന്നും പറഞ്ഞ്‌ എഗ്രീമെന്റിലെ ക്ലോസ്‌ തെറ്റിച്ചതിന്റെ പേരില്‍ അവിടെ നിന്ന് അപ്രത്യക്ഷയാവുകയും ചെയ്തു.

അങ്ങിനെ, ശന്തനുമഹാരാജാവിന്‌ ഗംഗാദേവിയിലുണ്ടായ ആ എട്ടാമന്‍ മകനാണ്‌ ശ്രീ. ഗംഗാദത്തന്‍ അഥവാ ദേവവ്രതന്‍.

ഗംഗാദത്തന്‍ എന്നും ദേവവ്രതന്‍ എന്നും അറിയപ്പെട്ടിരുന്ന ആ പയ്യന്‍സ് വസിഷ്ഠമഹര്‍ഷി നടത്തിയിരുന്ന സ്വാശ്രയ കോളേജില്‍ നിന്ന് വേദശാസ്ത്രങ്ങളെല്ലാം അഭ്യസിച്ചു.

സെന്‍സായി പരശുരാമന്റെ ‘ദി ആര്‍ട്ട് ഓഫ് ആയോധന‘ യില്‍ നിന്ന് നിന്ന് കരാട്ടേ, കുംഫു, കളരി, അമ്പും വില്ലും, ഗദായുദ്ധം, പഞ്ചഗുസ്തി, മലപ്പുറം കത്തിയേറ്, തുടങ്ങി അക്കാലത്ത് നിലനിന്നിരുന്ന ആയോധനകലകളെല്ലാം പഠിച്ചെടുത്തു.

വിദ്യയും അഭ്യാസങ്ങളും യഥാവിധി സമാസമം പഠിച്ചെടുത്ത് മിടുക്കനായ ദേവവ്രതനെ ഗംഗാദേവി, ശന്തനു മഹാരാജാവിന് തിരികേ ഏല്പിച്ചു.

ശന്തനു, പ്രിയ പുത്രനെ യുവരാജാവായി വാഴിച്ചു.

2. മഹാഭിഷേകും ഗംഗാദേവിയും

ആയിരം അശ്വമേധയാഗങ്ങളും കൂടാതെ നുറ് രാജസൂയങ്ങളും നടത്തി പ്രസിദ്ധനായ രാജാവായിരുന്നു ഇക്ഷ്വാകുവംശത്തില്‍ പിറന്ന മഹാഭിഷേക്.

സ്വര്‍ഗ്ഗത്തില്‍ വലിയ സ്ഥാനമാനങ്ങള്‍ക്ക് പാത്രമായ ഇദ്ദേഹത്തിന് ഒരിക്കല്‍ ബ്രഹ്മാവിന്റെ കയ്യില്‍ നിന്ന് ഒരു പണി കിട്ടിയതിനെ തുടര്‍ന്നാണ് ഭൂമിയില്‍ ജനിക്കുന്നത്.

ഒരിക്കല്‍ ബ്രഹ്മാവിന്റെ ഓഫീസില്‍ വച്ച് ഗംഗാദേവിയെ കണ്ട മഹാഭിഷേക്, ഗംഗാദേവിക്ക് ലൌവ് ലെറ്റര്‍ കൊടുത്തതിന്റെ പേരിലായിരുന്നത്.

ഗംഗാദേവിയോട്, അതും തന്റെ ഓഫീസില്‍ വച്ച് ഇങ്ങിനെ കോളേജ് പിള്ളാരെ പോലെ പെരുമാറിയ‍തുകണ്ട് അതിഭയങ്കരമായി കോപം വന്ന ബ്രഹ്മാവ്,

‘എന്നാ നീ ഒരിക്കല്‍ കൂടി മനുഷ്യനായി ഭൂമിയില്‍ ജനിച്ച് മര്യാദ പഠിച്ച് വാ’ എന്ന് ശപിച്ചുവത്രേ!

‘നോ എക്സ്യൂസ് നോ കോമ്പ്രമൈസ്‘ എന്ന പോളിസിക്കുടമയായ ബ്രഹ്മാവിന്റെ ശാപത്താല്‍ അങ്ങിനെ, പാവം മഹാഭിഷേക്, പുരുവംശത്തിലെ പ്രതീപ മഹാരാജാവിന്റെ പുത്രനായി ഭൂമിയില്‍ ജനിച്ചു.

ശാന്തനായി ചിരിച്ചുകൊണ്ട് കാലാട്ടി കളിച്ചിരുന്ന കുഞ്ഞിന്, രാജാവ് ശന്തനു എന്ന് പേരിട്ടു വളര്‍ത്തി.

ആയോധനകലയിലും സംഗീതത്തിലും പടവെട്ട്, ആടുപുലി, ചതുരംഗം തുടങ്ങിയ കളികളിലും അതി സമര്‍ത്ഥനായിരുന്ന ശന്തനുവിന്, പ്രതീപ രാജാവ് അന്നത്തെ കാലത്ത് ലഭ്യമായ ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തി.

കൊട്ടാരത്തിലെ പരിചാരകവൃന്ദത്തിനോടും അന്തപുരവാസികളോടും ആദരവോടെ ഇടപെഴകിയിരുന്ന ശന്തനു കുമാരന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു.

കാലാന്തരേ ശന്തനു മേജറായപ്പോള്‍ രാജ്യഭാരം അദ്ദേഹത്തെ ഏല്പിച്ച് പ്രതീപ മഹാരാജാവ് ഏസ് യൂഷ്വല്‍ തപസു ചെയ്യാന്‍ കാട്ടിലേക്ക് പോയി.


ഒരിക്കല്‍, അഷ്ടവസുക്കള്‍ തങ്ങളുടെ ഭാര്യമാരുമൊത്ത് വസിഷ്ഠമഹര്‍ഷിയുടെ ആശ്രമത്തിനടുത്തുള്ള വനത്തില്‍ പിക്നിക്കിന് വന്നു. വനത്തിനുള്ളില്‍ വേട്ടയാടിയും കായകനികള്‍ ഭക്ഷിച്ചും കാട്ടരുവികളില്‍ കുളിച്ചും മദിച്ചും നടക്കവേ,

ദൈവതേജസുള്ള ഒരു പശു അവിടെ പുല്ല് തിന്നുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു.

വസിഷ്ടമഹര്‍ഷി, സമയാസമത്ത് പരുത്തിക്കുരുവും തേങ്ങപ്പിണ്ണാക്കും കെ.എസും കൊടുത്ത് പൊന്നുപോലെ വളര്‍ത്തുന്ന കാമധേനു, അഥവാ നന്ദിനി പശുവായിരുന്നത്.

ജാതകപ്രകാരം അഷ്ടവസുക്കള്‍ക്ക് അന്നേരം ബെസ്റ്റ് ടൈമായിരുന്നു! പ്രത്യേകിച്ച് ദ്യോവിനും ഭാര്യക്കും.

അതിന്റെ ഇഫക്റ്റില്‍ സര്‍വ്വ ലക്ഷണവുമൊത്ത നന്ദിനി പശുവിനെ കണ്ടപ്പോള്‍ സ്വന്തമാക്കാന്‍ ഭാര്യക്കും അത് നടത്തിക്കൊടുക്കാന്‍ ദ്യോവിനും തോന്നുകയും ചെയ്തു. അവര്‍ക്കതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ?

അങ്ങിനെ പിക്കിനിക്കിന് വന്ന അവര്‍, തിരിച്ച് പോയത് നന്ദിനി പശുവിനെയും കൊണ്ടായിരുന്നു.

വൈകീട്ട് പശുവിനെ അഴിച്ചോണ്ട് പോകുവാന്‍ വന്നപ്പോഴാണ് മഹര്‍ഷി പശുവിനെ ആരോ അടിച്ചോണ്ട് പോയ വിവരം അറിഞ്ഞത്.

ദിവ്യദൃഷ്ഠിയാല്‍ മുനിയുടെ മന:സ്ക്രീനില്‍, പശുവിന്റെ കയറ് പിടിച്ച് മുന്നേ നടക്കുന്ന ദ്യോവിനേയും പിറകേ, ‘പശു ങ്ങട് നടക്കാന്‍‘ എന്ന് പറഞ്ഞ് പശുവിനെ ഉന്തുന്ന വസു ബ്രദേഴ്സിനേം കാണുകയും ചെയ്തു.

“എപ്പോ മിഠായി കിട്ടിയെന്ന് ചോദിച്ചാല്‍ പോരേ??“

“അടിച്ചോണ്ട് പോയവനും തെളിച്ചോണ്ട് നിന്നവരുമായ മൊത്തം ടീം ഭൂമിയില്‍ മനുഷ്യരായി ജനിക്കട്ടേ“ എന്ന് വസിഷ്ഠമുനി ശപിച്ചു.

ഏഴുപേര്‍ക്കും ഓരോ വര്‍ഷം മനുഷ്യ ജന്മം കൊടുത്തപ്പോള്‍, കയറ് പിടിച്ച് മുന്‍പില്‍ നടന്ന ദ്യോവിന് മാത്രം പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കാലാവധി കുറച്ച് കാലം കൂടുതല്‍ കൊടുക്കുകയും ചെയ്തു.

മഹര്‍ഷിയുടെ ശാപത്തെക്കുറിച്ചറിഞ്ഞ അഷ്ടവസുക്കള്‍ ശാപമോക്ഷം കിട്ടാനുള്ള ഒരു പ്ലാന്‍ തയ്യാറാക്കുകയും അതിനുവേണ്ടി ഗംഗാദേവിയെ സമീപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പൊട്ടിക്കരഞ്ഞുകൊണ്ട് ഗംഗാദേവിയുടെ കൊട്ടാരത്തിലെത്തി കുറ്റങ്ങള്‍ സമ്മതിച്ച അഷ്ടവസുക്കള്‍, പുരുവംശത്തില്‍ പിറന്ന പ്രതീപിന്റെ മകന്‍ ശന്തുവിന്റെ മക്കളായി ഭൂമിയില്‍ ജനിക്കാന്‍ ഒരു സെറ്റപ്പ് ചെയ്യണമെന്നും അതിനാല്‍ ദേവി ഒരു മനുഷ്യസ്ത്രീയായി ജനിച്ച് ഞങ്ങളുടെ മാതാവാകണമെന്നും ഒരു അഭ്യര്‍ത്ഥന മുന്നോട്ട് വച്ചു.

‘എട്ടുതവണ പ്രസവിക്കുകാന്നൊക്കെ വച്ചാല്‍... ‘ ഗംഗാദേവി കുറച്ച് നേരം ആലോചിച്ചു.

ശന്തനുവിനോട് ഗംഗാദേവിക്ക് ഒരു സോഫ്റ്റ്കോര്‍ണറുണ്ട്. തന്നെ മോഹിച്ചതിന്റെ പേരില്‍ മുക്കാലിഫ കിട്ടിയ (ശാപം ലഭിച്ച )മഹാഭിഷേകാണല്ലോ ഭൂമിയില്‍ ശന്തനുവായി ജനിച്ചിരിക്കുന്നത്.

അങ്ങിനെ, അഷ്ടവസുക്കള്‍ക്ക് ശാപമോക്ഷം ശരിയാക്കുന്നതിനായി ശന്തനുമഹാരാജാവിന്റെ പത്നിയായി ജീവിക്കാമെന്ന് വിശാലമനസ്കയായ ഗംഗാദേവി സമ്മതിച്ചു.

Thursday, July 9, 2009

1. വേദവ്യാസന്‍ ജനിക്കുന്നു

യമുനാ നദിയില്‍ കടത്ത് വഞ്ചി തുഴഞ്ഞിരുന്ന സുന്ദരിയായ ഒരു മുക്കുവ കന്യകയായായിരുന്നു സത്യവതി. അംഗലാവണ്യം കൊണ്ടും കുലീനമായ പെരുമാറ്റം കൊണ്ടും നല്ല ഡ്രസ്സ് സെന്‍സുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ഒരു യുവതി.

3800 കൊല്ലങ്ങള്‍ക്കുമുന്‍പൊരു തിങ്കളാഴ്ച.

മേഘക്കുഞ്ഞുങ്ങള്‍‍ ആകാശത്ത് അമ്പസ്താനി കളിക്കുന്നതും നോക്കി സൂര്യഭഗവാന്‍ ഒരു റഫറിയെപ്പോലെ രസിച്ചു നില്‍ക്കുന്നു. രാവിലെ ഒരു എട്ടെട്ടരയായിക്കാണും. താടിയും മുടിയും നീട്ടി വളര്‍ത്തി അതിപ്രകാശിതമുഖപ്രസാദമുള്ള ഒരു മഹര്‍ഷിവര്യന്‍ യമുനാ നദി കടക്കുവാനെത്തി.

"പരാശരമുനി!"

സത്യവതിക്ക് മുനിയെ തിരിച്ചറിയാന്‍ പ്രയാസം വന്നില്ല. വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാഗമായ വസിഷ്ഠമഹര്‍ഷിയുടെ പുത്രനായ പരാശരമുനിയെ ആര്‍ക്കാണറിയാത്തത്?

പൌരുഷത്തിന്റെ ആള്‍ രൂപമായ, വിരിഞ്ഞ നെഞ്ചും ഉറച്ചമസിലുകളും നാഗത്തലയിട്ട കാഫ് മസിലുമൊക്കെയുള്ള, ഏറെക്കുറെ തെങ്ങകയറ്റക്കാരുടെ പോലുള്ള ബോഡി ഷേയ്പ്പുള്ള മുനിയെക്കുറിച്ച് കേള്‍ക്കാത്തവരാരുമില്ലായിരുന്നു.

സുന്ദരിയായ സത്യവതിയുടെ കുലീനമായ പെരുമാറ്റവും ഹോസ്പിറ്റാലിറ്റിയും കണ്ടപ്പോള്‍, മഹര്‍ഷിക്ക് വല്ലാത്ത ഒരു അട്രാക്ഷന്‍ തോന്നുകയും വളരെ സ്ട്രൈറ്റ് ഫോര്‍വേഡായിരുന്ന മുനി ഉടന്‍ തന്നെ വളച്ചുകെട്ടില്ലാതെ തന്റെ ആ ഇംഗിതം സത്യവതിയെ അറിയിക്കുകയും ചെയ്തു.

സംഗതി ലുക്കും മഹിമയുമൊക്കെയുണ്ടെങ്കിലും, അവിഹിതം എന്നും അവിഹിതമാണല്ലോ! മഹര്‍ഷിയുടെ അഭീഷ്ഠം പോലെയൊക്കെ നടന്നാല്‍ തന്റെ കന്യകാത്വം നശിച്ച് താനൊരു സെക്കന്‍ഹാന്റായി പോകുമെന്ന നീതി ഭീതിയാല്‍ മഹര്‍ഷിയുടെ ആ ആവശ്യം സത്യവതിക്ക് തികച്ചും അനാവശ്യമായി തോന്നി.

“മഹര്‍ഷേ... ദയവുചെയ്ത്, വയലന്റായി എന്നെ ശപിക്കാന്‍ നില്‍ക്കരുത്. ഭാരത സ്ത്രീക്ക് കന്യാകാത്വം എത്രമാത്രം ഇമ്പോര്‍ട്ടന്റാണ് എന്ന് അങ്ങേക്കറിയാമല്ലോ? പവിത്രമായി ഞാന്‍ സൂക്ഷിക്കുന്ന എന്റെ കന്യകാത്വം എനിക്കെന്റെ ജീവനെക്കാള്‍ പ്രധാനപ്പെട്ടതാകുന്നു. അത് കളഞ്ഞിട്ടൊരു കളിക്കും ഞാനില്ല. സോറി!“

എന്ന് വിനയപൂര്‍വ്വം അറിയിക്കുകയും ചെയ്തു.

അത് കേട്ട് പരാശരമുനി.

‘കന്യകേ, നിന്റെ വ്യക്തിത്വം എന്നെ കൂടുതല്‍ നിന്നോടടുപ്പിക്കുന്നു. പിന്നെ, കന്യകാത്വത്തെ ഓര്‍ത്ത് ഭയപ്പെടേണ്ട! അത് നശിക്കാതിരിക്കാനുള്ള സെറ്റപ്പ് ഞാന്‍ ചെയ്തോളാം. സിമ്പിള്‍. ഒരു വരം കൊണ്ട് പരിഹരിക്കാവുന്ന കേസേ ഉള്ളൂ!‘ എന്ന് സത്യവതിയോടായി പറഞ്ഞു.

‘ആരെങ്കിലും കണ്ടാല്‍...’ സത്യവതി ഒരു നിമിഷം തനി പെണ്ണായി പരാശരമുനിയെ നോക്കി പടപടാന്ന് കണ്ണുകളടച്ചു!

പരാശരമുനി വഞ്ചിയുടെ പടിയില്‍ നിന്നെണീറ്റ്, കമണ്ഠലുവില്‍ നിന്ന് ഒരു കുമ്പിള്‍ വെള്ളമെടുത്ത് ആകാശത്തേക്ക് നോക്കി ആജ്ഞാപിച്ചു.

“ഇവിടം കമ്പ്ലീറ്റ് ഫോഗ് വന്ന് നിറയട്ടേ!!”

ഉടന്‍ അവിടം കൊടൈക്കനാലില്‍ രാവിലെ 4 മണിക്ക് ചെന്ന് നിന്ന പോലെയായി!

‘ആരും കാണേമില്ല, കന്യകാത്വം പോവേമില്ല... നോ റിസ്ക് അറ്റോള്‍!‘ നമ്രമുഖിയായ സത്യവതി മഹര്‍ഷിയെ നോക്കി, “എന്നാ പിന്നെ ഡബിള്‍ ഓക്കെ“ എന്ന് പറഞ്ഞു.

മത്സ്യത്തിന്റെ ഗന്ധമുണ്ടായിരുന്ന സത്യവതിയുടേ ശരീരത്തില്‍ നിന്നും അപ്പോള്‍ മുതല്‍ കസ്തൂരി യുടെ ഗന്ധമുയര്‍ന്നു. അവര്‍ കൂടുതല്‍ റൊമാന്റിക്കായി.

‘ചാന്ദ് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്.....ഹ്..ഹ്.. ‘

ആദ്യസമാഗമത്തില്‍ തന്നെ ഗര്‍ഭിണിയായ സത്യവതി, മുനിയുടെ തപോബലം കൊണ്ട് നിമിഷങ്ങള്‍ക്കകം ഒരു 3.900 ഭാരമുള്ള പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചു!

പിറന്നയുടനേ പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി കുട്ടി ചാടിയെണീറ്റ് കൈയും കാലും ഒന്ന് കുടഞ്ഞ് വളര്‍ന്ന് ഒരു യുവാവായി മാറുകയും ചെയ്തു.

(എല്ലാം എന്തൊരു പെട്ടെന്നായിരുന്നു! ഇപ്പോഴും ഇക്കണക്കിനാണ് കാര്യങ്ങളെങ്കില്‍‍... ചിലവന്മാര്‍ക്ക് മിനിമം ഒരു 25,000 കുട്ടികളെങ്കിലുമുണ്ടായേനെ...ഭാഗ്യം!)

യമുനാ നദിയുടെ മദ്ധ്യത്തിലുള്ള ദ്വീപില്‍ വച്ച് ജനിക്കയാല്‍ ആ കുട്ടിക്ക് അവര്‍ ‘ദ്വൈപായനന്‍’ എന്ന നാമകരണം ചെയ്തു.

സംസാരം കുറവും പ്രവര്‍ത്തി കൂടുതലുമായിരുന്ന മികവില്‍ മികച്ചവനായ ദ്വൈപാ‍യനന്‍, അതുമിതും പറഞ്ഞ് സമയം കളയാതെ, ആത്മപ്രശംസയുടെ പൊതിക്കെട്ടഴിക്കാതെ,

‘അമ്മക്ക് എപ്പോള്‍ എന്നെ കാണണം എന്ന് തോന്നിയാലും ഈ ബട്ടണ്‍ ഒന്നമര്‍ത്തിയാല്‍ മതി ഉടന്‍ ഞാനെത്തിക്കോളാം എന്ന് പറഞ്ഞ്, (എന്നെയൊന്ന് മനസ്സില്‍ ആലോചിച്ചാല്‍ മാത്രം മതി എന്ന്), ‘

മാതാവായ സത്യവതിയുടെ പാദാരവിന്ദങ്ങളില്‍ നമസ്കരിച്ച്, വന്ദിച്ച്, തപസനുഷ്ഠിക്കാന്‍ പുറപ്പെട്ടു.

സത്യവതിയുടെ നിറമായ ഡാര്‍ക്ക് കളറാണ് ദ്വൈപായനനും കിട്ടിയത് എന്നതിനാല്‍, കൃഷ്ണ ദ്വൈപായനന്‍ എന്ന പേരും വിളിച്ചുപോന്നു.

ഇദ്ദേഹമാണ്, വേദങ്ങളെ നാലായി പകുത്ത, ശ്രീ മഹാഭാരതം രചിച്ച, മഹാനായ, അതിപ്രശസ്തനായ, ദി‍ വണ്‍ ഏന്‍ ഓണ്‍ലി.. വേദവ്യാസന്‍!!

ഓടോ: പരാശരമുനിയെ പ്രാപിച്ച് ഗര്‍ഭിണിയും മാതാവുമായ സത്യവതി പരാശരമുനിയുടെ വരസിദ്ധികൊണ്ട് കസ്തൂരിഗന്ധിയായി തീരുന്നുവെന്ന് മാത്രമല്ല, കന്യകയായി തുടരുകയും ചെയ്തു.

Monday, July 6, 2009

0. മഹാഭാരത കഥകള്‍ - റീമിക്സ്

മനുഷ്യജീവിതത്തെ എല്ലാ വൈചിത്ര്യങ്ങളോടും വൈവിധ്യങ്ങളോടും കൂടി അവതരിപ്പിക്കുന്ന ഒരു ബൃഹത്കഥ എന്ന നിലയില്‍ മഹാഭാരതത്തിന് വിശ്വസാഹിത്യത്തില്‍ പ്രമുഖ സ്ഥാനമാണുള്ളത്.

ജാതി, മത ഭേദമന്യേ നമുക്കിടയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഈ കൃതിക്ക് ഒട്ടേറേ പുനരാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അവയുടെ വലിപ്പവും ആഖ്യാന രീതിയും പലരേയും, പ്രത്യേകിച്ച് സാധാരണക്കാരെ ഇതിന്റെ വായനയില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ട്.

മഹാഭാരതത്തിലെ ചില കഥകള്‍, പേരുകള്‍ എന്നിവ സംശയനിവാരണാര്‍ത്ഥം സുഹൃത്തുക്കളോട് ചോദിക്കേണ്ടി വന്നപ്പോള്‍ “അടുത്ത ശനിയാഴ്ച പറയാം“ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, എനിക്കറിയാവുന്ന മഹാഭാരത കഥ എന്റെ ഈ ഫ്രന്‍സിനോട് പറയുന്ന ഒരു ആറ്റിറ്റ്യൂഡിലാണ് എഴുതാന്‍ പോകുന്നത്.

ഒരു വലിയ സമൂഹം, നൂറ്റാണ്ടുകളായി പവിത്രമായി കരുതിപ്പോരുന്ന ഒരു പുരാണഗ്രന്ഥത്തിന്റെ പുനരാഖ്യാനമാണ് ഈ ‘ഞാന്‍‘ ഇവിടെ ചെയ്യാന്‍ പോകുന്നത് എന്നൊന്നും വെറുതേ പോലും കരുതരുത്. ഇതൊരു വെറും ടൈമ്പാസ് പരിപാടി, അത്രേ ഉള്ളൂ!

രണ്ടു വര്‍ഷം മുന്‍പാണ് ഇത് എഴുതി തുടങ്ങിയതെങ്കിലും ഇടക്ക് വച്ച് എഴുതാനുള്ള ഇന്ററസ്റ്റ് പോയതിനാല്‍ മുടങ്ങിപ്പോയി.

വീണ്ടും തുടങ്ങാനുള്ള പ്രചോദനം, ‘അംബ അംബിക അംബാലിക മാരെ പോലെ...‘ എന്ന് കഴിഞ്ഞ ദിവസം സാന്ദര്‍ഭികമായി പറഞ്ഞപ്പോള്‍, ‘അംബികക്ക് ഒരു സിസ്റ്ററല്ലേ ഉള്ളൂ, രാധ! ‘ എന്ന് വളരെ സീരിയസ്സായി എന്നോട് ചോദിച്ച എന്റെ കൊളീഗാണ്.

ഇതൊരു നേരമ്പോക്കായി എടുക്കാന്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട്,

വിനയപുരസരം,
വിശാലമനസ്കന്‍