Tuesday, August 3, 2010

വിദുരരുടെ ജനനം ഒരു ഫ്ലാഷ് ബാക്ക്

മനുഷ്യജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു നെറ്റ്‌വര്‍ക്കിന്റെ ഭാഗമാണെന്നതിന് മറ്റൊരു തെളിവാണ് വിദുരജനനകഥ.

മാണ്ഢവ്യമഹര്‍ഷി സൈലന്റ് വാലിക്കടുത്തൊരു കാട്ടില്‍ തപസ്സനുഷ്ഠിക്കുന്ന കാലം. വേദങ്ങളിലും ഉപനിഷത്തുകളിലും കിടു വിവരവും, തപോബലം കൊണ്ട് ആര്‍ക്കിട്ട് പണികൊടുക്കാനും ഒരു അമ്പത് മില്ലി വെള്ളത്തിന്റെ(കൈകുമ്പിളില്‍ കൊള്ളുന്ന)ആവശ്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മഹര്‍ഷി പൊതുവേ ആരേയും മെക്കട്ട് കയറാത്ത ശാന്തപ്രകൃതനും മിതഭാഷിയും നാലാള് കൂടുമ്പോഴേക്കും തന്റെ അറിവിന്റെ കട്ട് ഏന്‍ പേയ്സ്റ്റ് ഷോ നടത്താന്‍ നില്‍ക്കാത്തവനുമായിരുന്നു. തെളി!

ഏഴരവെളുപ്പിന് ഉറക്കമുണരുന്ന മഹര്‍ഷി ആശ്രമത്തിന്റെ പിറകിലൂടെ വെറ്റിലപ്പാറ ജങ്ക്ഷന്‍ വഴി ഒരു പത്തുമിനിറ്റ് നടന്നാലെത്തുന്ന ഗംഗാനദിയുടെ ഒരു പോഷക തോട്ടിലാണ് പ്രഭാതകര്‍മ്മ ചികിത്സ. പ്രധാനകര്‍മ്മവും ബാക്കി വഴിപാടുകളും നടത്തി മാവില കൊണ്ട് പല്ലുതേച്ച് കുല്‍ക്കുഴി, ആഴവും ഒഴുക്കും കുറഞ്ഞ ഭാഗത്ത് മൂക്ക് പൊത്തിപ്പിടിച്ച് രണ്ട് മുങ്ങ് മുങ്ങി, കരയില്‍ കയറി ഈര്‍ക്കിളി കൊണ്ട് കുത്തി കൊണ്ടുപോകുന്ന രാധാസ് സോപ്പ് രണ്ടുകൈ കൊണ്ടും മാറി മാറി പിടിച്ച് ചന്തിയും കാല്‍മുട്ടിന്റെ പിറകിലും ഇഞ്ചപ്പുല്ല് കൂട്ടി തേച്ച് ശുദ്ധമാകും. മൂഡ് തോന്നിയാല്‍ മലന്നും കമിഴ്ന്നും ഒരു പതിനഞ്ച് മിനിറ്റ് നീന്തും.

കാവിമുണ്ട് കുളിക്കണ സോപ്പു തന്നെ വച്ച് തേച്ച് വെള്ളത്തില്‍ ഒന്ന് അലമ്പി ഊരിപ്പിഴിയും. കരക്ക് കയറി ഒന്ന് കുടഞ്ഞ് ഉദയ സൂര്യന്റെ രശ്മിയില്‍ മഴവില്ല് തീര്‍ത്ത് അതിന്റെ മനോഹാരിത നോക്കി നിന്ന്, കണ്ണടച്ച് ‘പരിശുദ്ധമറിയമേ തമ്പുരാന്റമ്മെ... പാപികളായ ഞങ്ങള്‍ക്ക് വേണ്ടി..’ ചൊല്ലും. പിന്നീട് തിരികെ ആശ്രമത്തിലെത്തി നല്ല കടുപ്പത്തിൽ ഒരു കാപ്പി, അല്ലെങ്കിൽ ഒരു സുലൈമാനി!

വയസ്സ് അമ്പത് കഴിഞ്ഞതോടെ ഡയറ്റൊക്കെ കണ്ട്രോൾഡാണ്. നോൺ‌വെജ് പൂര്‍ണ്ണമായും ത്യജിച്ചു. മിക്ക ദിവസങ്ങളിലും കൊള്ളിക്കിഴങ്ങ് ചെണ്ടൻ പുഴുങ്ങിയതോ കാവുത്ത് പുഴുക്കോ ആയിരിക്കും പ്രാതല്‍‌. റ്റച്ചിങ്ങ്സായി കാന്താരി ചമ്മന്തിയും. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഗ്യാസാണ്, എങ്കിലും ഉണ്ടാക്കാനും തിന്നാനും എളുപ്പമാണ്. നേരത്തോട് നേരമിരുന്നാല്‍ ചീത്തയാവുകയുമില്ല.

ഭക്ഷണശേഷം വായ് കുൽക്കുഴി വന്ന് ധ്യാനനിരതനായി ആ ഒരു ഇരുപ്പങ്ങിരുന്നാൽ പിന്നെ വൈകിട്ട് ഒരു അഞ്ചര വരെ അങ്ങിനെയിരിക്കും. സന്ധ്യാവന്ദനവും നടത്തവും കഴിഞ്ഞ് ദൂരദര്‍ശനില്‍ വാര്‍ത്ത തുടങ്ങുന്ന നേരത്ത് കിടക്കും.

മാണ്ഢവ്യമഹർഷി അങ്ങിനെ ചെവിക്ക് മുകളിൽ ഒരു വകച്ചിലിട്ട് കേശഭാരം മുകളിലേക്കാക്കി ചീകി കുടുമ കെട്ടി, അതിന് ചുറ്റും ചെറിയ രുദ്രാക്ഷത്തിന്റെ ബാന്റ് ഡബിൾ ചുറ്റിട്ട്, ബാക്കിയുള്ള മുടി താഴോട്ട് വകഞ്ഞിട്ട് വളരെ കംഫർട്ടബിളായി തപസനുഷ്ടിക്കുന്ന കാലത്ത് ഒരുനാല്‍ രാജകിങ്കരന്മാരുടെ കണ്ണുവെട്ടിച്ചോടി വന്ന ചില മോഷ്ടാക്കൾ, മോഷണ ദ്രവ്യം ഒളിപ്പിക്കാൻ പറ്റിയ ഒരു സ്ഥലം നോക്കി നടക്കുമ്പോൾ, മഹർഷിയുടെ ആശ്രമം കാണുകയും

‘ദാണ്ടേ... അങ്ങോട്ട് നോക്കെടാ നല്ല ബെസ്റ്റ് സെറ്റപ്പ്‘ എന്ന് കൂട്ടത്തിലൊരു കള്ളന്‍ പറയുകയും, അവര്‍ പതിയ ആശ്രമത്തിന്റെ പിറകിലൂടെ കയറി, സ്റ്റോറിൽ ഒളിപ്പിച്ച് വക്കുകയും ചെയ്തു.

സാധാരണ, എത്ര തപസ്സിലാണെങ്കിലും ഇനി ഉറക്കമാണെങ്കിലും ആശ്രമത്തിനരികിലൂടെ ഒരു കൊതുക് പറന്നാൽ പോലും അറിയാറുള്ള ആളാണ് മഹർഷി. പക്ഷെ, ഇത് ആളറിഞ്ഞതേയില്ല.

കള്ളന്മാരെ തിരഞ്ഞ് നാടായ നാടും കാടായ കാടുമലഞ്ഞ രാജകിങ്കരന്മാർ കനകമലയുടെ താഴെ നിന്ന് കള്ളന്മാരെ പിടികൂടുകയും തൊണ്ടിമുതൽ അന്വേഷിച്ച് മാണ്ഢവ്യമഹർഷിയുടെ ആശ്രമത്തിലെത്തുകയും ചെയ്തു.

മഹര്‍ഷി അറിയാതെ ഇവര്‍ക്കിതിന്റെ അകത്ത് വക്കാന്‍ ഒരിക്കലും കഴിയില്ല എന്നും തൊണ്ടി സൂക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണെന്നും ആരോപിച്ച് സംസാരിച്ച ഭടന്മാരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതിരുന്ന മഹർഷിയെയും കള്ളന്മാർക്കൊപ്പം രാജസന്നിധിയിൽ ഹാജരാക്കി.

രാജാവിന്റെയും മന്ത്രിമാരുടേയും ചോദ്യങ്ങൾക്കും മൌനം പാലിച്ച മഹർഷിയോട് കോപിച്ച രാജാവ് മറ്റു കള്ളന്മാർക്കൊപ്പം ശൂലത്തിൽ തറച്ച് കൊല്ലുവാന്‍ കല്പിച്ചു. അത് കേട്ടിട്ടും മഹർഷി, നരസിംഹറാവുവിനെ പോലെ മുഖം പിടിച്ചതല്ലാതെ, ഒന്നും മിണ്ടിയില്ല.

കല്പനക്ക് ശേഷം രാജാവിന്, “അല്ലെങ്കില്‍ മുനിയെ ശൂലം കയറ്റണോ??“ എന്ന് ഒരു സന്ദേഹം മനസ്സിലുദിച്ചെങ്കിലും, മന്ത്രിമുഖ്യന്‍ ‘നിയമം നിയമമാണ്, അതിന് മഹര്‍ഷിയെന്നോ രാജാവെന്നോ മന്ത്രിയെന്നോ വ്യത്യാസമില്ല!’ എന്ന് പറഞ്ഞ് ശിക്ഷകൊടുക്കാന്‍ സപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

ശൂലത്തിൽ തറച്ച് ആഴ്ചയൊന്ന് കഴിഞ്ഞിട്ടും മാണ്ഢവ്യമഹർഷി മാത്രം മരിച്ചിട്ടില്ല എന്നറിഞ്ഞ രാജാവ്, മന്ത്രിയെ വിളിച്ച്.... ‘പാമ്പുകടിക്കാന്‍...ഞാനപ്പഴേ പറഞ്ഞതാ...’ എന്ന് പിറുപിറുക്കുകയും മഹർഷി ആൾ ചില്ലറക്കാരനല്ല, വേഗം ചെന്ന് മാപ്പപേക്ഷിച്ചില്ലെങ്കിൽ സൂപ്പറൊരു പണി കിട്ടാന്‍ ചാന്‍സുണ്ട് എന്നും പറഞ്ഞു.

ശൂലത്തിൽ നിന്ന് മോചിപ്പിച്ച് മാപ്പപേക്ഷിച്ച് കാൽക്കൽ വീണ രാജാവിനെ പിടിച്ചെണീപ്പിച്ച മാണ്ഢവ്യമഹർഷി, ‘സാരല്യ. നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു പോ... നെവര്‍ മൈന്റ്. പിന്നെ പണി, അത് കൊടുക്കേണ്ട ആൾക്കിട്ട് ഞാൻ നേരിട്ട് കൊടുത്തോളാം!‘ എന്ന് പറഞ്ഞ് അവിടെ നിന്ന് അപ്രത്യക്ഷനായി.

ആള് നേരെ പോയത് സാക്ഷാൽ യമരാജാവിന്റെ അടുത്തേക്കായിരുന്നു, സ്വർഗ്ഗത്തിലേക്ക്.

മഹർഷിയെ കണ്ടതും സിംഹാസനസ്ഥനായിരുന്ന യമരാജാവ് ആദരസൂചകമായി എണീറ്റുവന്ന് മുനിയുടെ കാൽക്കൽ തൊട്ട് വന്ദിച്ചു ഭൂമിയിലെ ജീവജാലങ്ങളുടെം മഹർഷിയുടെം ക്ഷേമാശ്വര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു.

അതിന് മറുപടിയായി മാണ്ഢവ്യമഹർഷി ഇപ്രകാരം പറഞ്ഞു:

‘കഴിഞ്ഞ ഒരാഴ്ചയായി ശൂലത്തേല്‍ ഗ്രില്‍ഡ് ചിക്കന്‍ കിടക്കുമ്പോലെ കിടന്നിരുന്നതുകൊണ്ട് മറ്റുള്ളവരുടെ വിശേഷം അറിയാന്‍ കഴിഞ്ഞില്ല. പക്ഷെ.., എനിക്ക് സുഖംന്ന് പറഞ്ഞാൽ.... ഇതിലും വിട്ടൊരു സുഖം ഇനി കിട്ടാനില്ല എന്ന സ്ഥിതിയായിരുന്നു!!‘

പാപഭാരത്താല്‍ തലകുനിച്ച യമരാജാവ് പറഞ്ഞു.

“അങ്ങ് കെ.ജി.ടു. വില്‍ പഠിക്കുന്ന കാലത്ത് തുമ്പികളെ പിടിച്ച് അവയുടെ വാലില്‍ ഈര്‍ക്കിള്‍ കയറ്റി രസിച്ച വകയില്‍ ഒരു ശിക്ഷ കിടപ്പുണ്ടായിരുന്നു. അതുകൊണ്ടാണങ്ങിനെ പറ്റിയത്. ഒന്നും വിചാരിക്കരുത്!“

ഇത് കേട്ട മാമുനിയുടെ കണ്ട്രോൾ പോയി, കോപത്താല്‍ ജ്വലിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

“നോക്കിയ ഏതാ ബ്ലാക്ക്ബറിയേതാ എന്ന് പോലും തിരിച്ചറിവില്ലാത്ത പ്രായത്ത് ഒരു നിസാര പ്രാണിയെ ഈര്‍ക്കിളികൊണ്ട് കുത്തിയതിനുള്ള ശിക്ഷയാണോ... അമ്പത് കഴിഞ്ഞ എന്നെ ആന്ത്രം വഴി ശൂലം അടിച്ച് കയറ്റി ഒരാഴ്ച ഇടുന്നത്??”

അത് കേട്ട് കുറ്റബോധത്താല്‍ നിന്ന യമദേവനെ മഹര്‍ഷി,

“തല്‍ക്കാലം മോന്‍... ഇവിടെ ഡ്യൂട്ടിടൈമിലെ ബ്ലോഗെഴുത്തും ഗൂഗിള്‍ ചാറ്റും ബസ്സിറക്കലുമൊക്കെ മതിയാക്കി, ഭൂമിയില്‍ ഒരു ശൂദ്രസ്ത്രീയുടെ വയറ്റില്‍ പിറന്ന്, ഒരു മനുഷ്യായുസ്സ് ജീവിച്ച് മര്യാദക്കാരനായിട്ട് വാ!!“ എന്ന് ശപിച്ചുകൊണ്ട് യമന്റെ പാസ്പോർട്ടിൽ 85 വർഷത്തേക്ക് സ്വർഗ്ഗത്തിലേക്ക് നോ എന്റ്ട്രി സ്റ്റാമ്പും അടിച്ച് കയ്യിൽ കൊടുത്തു!

അങ്ങിനെയാണ് വിദുരര്‍ ജനിക്കുന്നത്.